സര്‍ക്കാരിന്റെ മദ്യനയം ഏറ്റോ?കുടിയന്മാര്‍ കുടി നിര്‍ത്തിയോ?ഒരു അന്വേഷണം.

 ധൃതിപിടിച്ച് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം കേരളത്തിന് ഗുണവും ദോഷവുമായെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാന എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ച 'സുബോധം' ഐക്കോണ്‍ സമ്മേളനത്തില്‍ അവതരിപ്പിച്ച കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പുതിയ മദ്യനയം നിലവില്‍ വന്നതിനുശേഷമുള്ള 21 മാസങ്ങളില്‍ ബിയറിന്റെയും വൈനിന്റെയും ഉപയോഗം വര്‍ദ്ധിച്ചുവെന്നാണ ഔദ്യോഗിക കണക്ക്. അതേസമയം ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ വില്‍പന 25 ശതമാനം കണ്ട് കുറഞ്ഞതായും സര്‍ക്കാര്‍ അവകാശപ്പെടുന്നു. ബിവറേജസ് കോര്‍പറേഷന്‍ നല്‍കുന്ന കണക്കുകളേക്കാള്‍ മദ്യ ഉപയോഗം കേരളത്തില്‍ നടക്കുന്നുണ്ടെന്നാണ് സുബോധം സമ്മേളനം വിലയിരുത്തിയത്. അതായത് ബാറുകള്‍ പൂട്ടിയിട്ടും കുടിയന്മാരുടെ എണ്ണം കുറഞ്ഞില്ല.

സമാന്തരമായി പലവഴികളിലൂടെയും കേരളത്തില്‍ മദ്യം ഒഴുകിയെത്തുന്നുമുണ്ട്. സെക്കന്‍ഡ്‌സ്, തേഡ്‌സ് തുടങ്ങിയ വിഭാഗങ്ങളിലെ മദ്യം, വ്യാജമദ്യം, സൈനിക ക്വാട്ട, അയല്‍സംസ്ഥാനങ്ങളില്‍നിന്ന് കടത്തുന്ന മദ്യം, വിമാനത്താവളങ്ങളിലെ ഡ്യൂട്ടിഫ്രീ ഷോപ്പുകളില്‍നിന്നു വാങ്ങുന്ന മദ്യം എന്നിവയെല്ലാം കണക്കില്‍പെടാത്ത മദ്യത്തിന്റെ കൂട്ടത്തില്‍ പെടുത്തണമെന്ന് സമ്മേളനം നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ സെന്‍സസ് അനുസരിച്ച് കേരളത്തിലെ 3.34 കോടി ജനങ്ങളില്‍ 32.9 ലക്ഷം പേര്‍ മദ്യപാനികളാണ്. ഇതില്‍ 29.8 ലക്ഷം പുരുഷന്മാരും 3.1 ലക്ഷം സ്ത്രീകളമുണ്ട്. ദിവസവും മദ്യം ഉപയോഗിക്കുന്നവര്‍ അഞ്ചു ലക്ഷമാണ്. ഇതില്‍തന്നെ 83851 പേര്‍ മദ്യത്തിന് അടിമകളാണ്.ഇതില്‍ 1043 സ്ത്രീകളുമുണ്ട്.

ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ ഉപഭോഗം ഈ കാലയളവില്‍ തൊട്ടുമുമ്പുള്ള 21 മാസങ്ങളെ അപേക്ഷിച്ച് 5.4 കോടി ലിറ്റര്‍ കുറഞ്ഞതാണ് പുതിയ മദ്യനയത്തിന്റെ ഏക ഗുണം. ബിയറിന്റേയും വൈനിന്റെയും ഉപഭോഗം വര്‍ദ്ധിച്ചുവെങ്കിലും മൊത്തത്തിലുള്ള മദ്യ ഉപഭോഗം 24.87 ശതമാനം കുറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ ഉപഭോഗം 24.92 ശതമാനം കുറഞ്ഞപ്പോള്‍ ബിയറിന്റെ ഉപഭോഗം 63.65 ശതമാനവും വൈനിന്റെ ഉപഭോഗം 260.02 ശതമാനവുംവര്‍ദ്ധിച്ചു. പുതിയ മദ്യനയത്തിന്റെ ഭാഗമായി ബാറുകള്‍ ബിയര്‍വൈന്‍ പാര്‍ലറുകളാക്കിയതോടെയാണ് ഇവയുടെ ഉപയോഗം കൂടിയത്.

201415ലെ ബിവറേജസ് കോര്‍പറേഷന്റ കണക്കനുസരിച്ച് വില്‍പനയുടെ 37.16 ശതമാനം ബ്രാണ്ടി കൈയടക്കിയെങ്കില്‍ റം 30.28 ശതമാനമാണ് വിറ്റുപോയത്. ബിയര്‍ 27.98 ശതമാനം, വോഡ്ക 3.42 ശതമാനം, വിസ്‌കി 0.84 ശതമാനം, വൈന്‍ 0.28ശതമാനം, ജിന്‍ 0.04 ശതമാനം എന്നിങ്ങനെയാണ് മറ്റു മദ്യങ്ങളുടെ വില്‍പന.

സാമൂഹികസാമ്പത്തികമൂല്യം കണക്കിലെടുക്കുകയാണെങ്കില്‍ 201415ല്‍ ബാറുകള്‍ പൂട്ടിയ ഇനത്തില്‍ സംസ്ഥാനത്തിനുണ്ടായ മൊത്തം നഷ്ടം 15,800 കോടി വരും. ഇതില്‍ 59 ശതമാനവും കുറ്റകൃത്യങ്ങളുടെ പേരിലാണ്. റോഡപകടങ്ങള്‍ മൂലമുണ്ടാകുന്ന നഷ്ടം 40 ശതമാനംവരും. ഇതിനുപുറമെയാണ് കുടിയന്മാരുടെ കുടുംബങ്ങള്‍ക്കുണ്ടാകുന്ന ദുരിതം, കുടുംബാംഗങ്ങള്‍ നേരിടുന്ന ശാരീരികോപദ്രവം, കുടുംബപ്രശ്‌നങ്ങള്‍, വിവാഹമോചനം, അതുമൂലം കുട്ടികള്‍ക്കുണ്ടാകുന്ന മാനസികാഘാതം തുടങ്ങിയ പരോക്ഷ പ്രശ്‌നങ്ങള്‍.ഇന്ത്യയില്‍ ആളോഹരി മദ്യ ഉപഭോഗം ഏറ്റവും കൂടുതലുള്ള സംസ്ഥാനം എന്ന സ്ഥാനം പുതിയ മദ്യനയത്തിന്റെ ഭാഗമായി കേരളത്തിന് നഷ്ടപ്പെട്ടു. ഈ നഷ്ടം സര്‍ക്കാരിന്റെ നയത്തിനുള്ള അംഗീകാരമാണെന്നും ചൂണ്ടിക്കാട്ടുന്നു.

Top