കോഴിക്കോട്: യുഡിഎഫ് അധികാരത്തിൽ വന്നാൽ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന് മുസ്‌ലിം ലീഗ്.യുഡിഎഫിന് ഭരണം കിട്ടിയാൽ ഭരിക്കുന്നത് മുസ്ലിം ലീഗായിരിക്കും എന്ന പ്രചാരണത്തിന് ശക്തി പകരുന്നതാണ് ലീഗിന്റെ ഈ വെളിപ്പെടുത്തലും അവകാശ വാദവും . ഉപമുഖ്യമന്ത്രി പദവി ലീഗിന് അർഹതപ്പെട്ടതാണെന്നും ലീഗിന്റെ പ്രകടനം കണക്കിലെടുത്ത് വിഷയം മുന്നണിയിൽ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുൻ എംഎൽഎയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ കെ എൻ എ ഖാദർ പറഞ്ഞു.
ആവശ്യപ്പെടാതെ തന്നെ ഉപമുഖ്യമന്ത്രി പദവി യുഡിഎഫ്, മുസ്‌ലിം ലീഗിന് തരുമെന്നാണ് പ്രതീക്ഷ. നേരത്തെ ഉപമുഖ്യമന്ത്രി പദവി ആവശ്യമുണ്ടോ എന്ന് ഉമ്മൻ ചാണ്ടി കുഞ്ഞാലിക്കുട്ടിയോട് ചോദിച്ചിട്ടുണ്ട്. തനിക്ക് അത് അറിയുന്ന കാര്യമാണ്. മുന്നണിയുടെ ലക്ഷ്യം പൂർത്തീകരിക്കലാണ് പ്രധാനം എന്നാണ് അന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞതെന്നും കെ എൻ എ ഖാദർ വ്യക്തമാക്കി.
ഉപമുഖ്യമന്ത്രി എന്നത് ആലങ്കാരിക പദവി പോലെയാണ്. മുസ്‌ലിം ലീഗിനെ അർഹമായ പദവിയിൽ പ്രതിഷ്ഠിക്കണം എന്ന ധാരണ മറ്റുളവർക്ക് ഉണ്ടെങ്കിൽ അത് നടക്കും. മുന്നണിയിലെ എല്ലാവരും അത് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള സ്റ്റാറ്റസും അർഹതയും മുസ്‌ലിം ലീഗിനുണ്ട്. ആ ബോധ്യം എല്ലാ ഘടക കക്ഷികൾക്കും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചില അർഹതകൾ കണ്ടറിഞ്ഞും മുന്നണിക്ക് തരാമല്ലോ എന്നും കെ എൻ എ ഖാദർ റിപ്പോർട്ടറിനോട് പറഞ്ഞു.










