കോട്ടയം : വിവാദങ്ങള്‍ക്കിടെ ബിജെപി നേതാവ് പി സി ജോര്‍ജ് പാലാ രൂപത ആസ്ഥാനത്ത് എത്തി. ബിഷപ്പ് ജോസഫ് പള്ളിക്കപറമ്പിലുമായി കൂടിക്കാഴ്ച നടത്തി. താന്‍ രാഷ്ട്രീയം പറയാന്‍ വന്നതല്ലെന്നും പിതാവ് തനിക്ക് കൊന്തയും കുരിശും സമ്മാനിച്ചതായും പി സി ജോര്‍ജ് പറഞ്ഞു. ബിഷപ്പിന്റെ ജന്മദിനത്തിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്നും പി സി വിശദീകരിച്ചു.
അതേസമയം പി സി ജോര്‍ജിന് മറുപടിയുമായി ദീപിക ദിനപത്രം. ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടില്‍ മാറ്റമില്ലെന്നാണ് ദീപിക ദിനപത്രം മുഖപ്രസംഗത്തില്‍ പറയുന്നത്. മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ലെന്നും ഇനിയും പറയേണ്ടി വരുമെന്നും ദീപിക പറയുന്നു. കേരളത്തിലെ കവല ചട്ടമ്പിമാര്‍ അധികാരമുണ്ട് കാണിച്ചുതരാമെന്നാണ് പറയുന്നതെന്നും രാഷ്ട്രീയം ദുഷിപ്പുകാര്‍ തട്ടിപ്പറിക്കരുതെന്നും ദീപിക പറഞ്ഞു. എല്ലാവര്‍ക്കും വേണ്ടി എന്ന് പറയുന്ന നിയമങ്ങള്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടിയ ഉദാഹരണങ്ങളുണ്ടെന്നും എഫ്‌സിആര്‍എയെക്കുറിച്ച് മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ലെന്നും ദീപിക വ്യക്തമാക്കി.
സഭയുമായി പ്രശ്‌നമില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. ചില പിതാക്കന്മാര്‍ നന്ദികേട് കാണിച്ചാല്‍ ഇനിയും പറയും. കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഉപകാരം ചെയ്ത ഒരാളാണ്. എനിക്കെതിരെയാണ് വോട്ട് ചെയ്യരുതെന്ന് ബിഷപ്പ് പറഞ്ഞത്. ഒരു കന്യാസ്ത്രീ പറഞ്ഞാണ് ഈ വിവരം താന്‍ അറിഞ്ഞത്. ബിഷപ്പുമാര്‍ സഭയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ മാത്രം നോക്കണം. സഭയില്‍ എല്ലാ തരത്തിലുള്ള രാഷ്ട്രീയക്കാരും കാണും. അതുകൊണ്ട് സഭാ നേതാക്കള്‍ രാഷ്ട്രീയം പറയുന്നത് ശരിയല്ല. ഞാനും ഷോണ്‍ ജോര്‍ജും കേരള നിയമസഭയില്‍ കാണും – അദ്ദേഹം പറഞ്ഞു.
അതേസമയം, കത്തോലിക്കാസഭാ മുഖപത്രമായ ദീപികയ്ക്കെതിരായ വിമര്‍ശനം ഷോണ്‍ ജോര്‍ജ് ആവര്‍ത്തിച്ചു. ക്രൈസ്തവ മുഖപത്രമായി ദീപികയെ അംഗീകരിക്കില്ലെന്ന് ഷോണ്‍ ജോര്‍ജ് ട്വന്റിഫോറിനോട് പറഞ്ഞു. കഴിഞ്ഞ രണ്ട് മാസക്കാലമായി കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തേയും ദീപികയേയും താന്‍ രണ്ടായിട്ടല്ല കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടും ഒരുപോലെയാണെന്നും ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ പി സി ജോർജ് കഴിഞ്ഞ ദിവസം അധിക്ഷേപ പരാമർശം നടത്തിയിരുന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിലെല്ലാം വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാന്‍ പറഞ്ഞുവെന്നാണ് പി സി ജോർജ് പറഞ്ഞത്. അദ്ദേഹം കാണിച്ചത് മര്യാദ കേടാണെന്നും സഭയ്ക്ക് ഗുണം ലഭിച്ചത് തന്നെ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘കാഞ്ഞിരപ്പള്ളി ബിഷപ്പ് ഒരു മര്യാദക്കാരനാണെന്നാണ് ജനം വിചാരിക്കുന്നത്. പക്ഷേ അയാള്‍ എന്താണ് ചെയ്തത്. മഠങ്ങളിലെല്ലാം വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാന്‍ പറഞ്ഞു. മര്യാദ കേടല്ലേ, സഭ എന്ന് പറഞ്ഞാല്‍ യുഡിഎഫാണോ. ഈ സഭയ്ക്ക് എന്തെങ്കിലും ഗുണം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് എന്നെ കൊണ്ടാണ്. എന്ത് കിട്ടിയിട്ടാണ് സഭ ഈ വൃത്തികെട്ട പണി ചെയ്യുന്നത്. നാണം കെട്ടവര്‍. സഭയെ അല്ല മെത്രാന്മാരെയാണ് തള്ളി പറയേണ്ടത്. ബോധവും വിവരവും വേണ്ടേ. എന്തിനാണ് ഇവന്മാര് കുരയ്ക്കുന്നത്. ഈ കുര യുഡിഎഫിന് വേണ്ടിയാണ്. രാഷ്ട്രീയം പറയുന്ന മെത്രാന്മാരെ രാഷ്ട്രീയക്കാരായി കാണും. അവരോട് രാഷ്ട്രീയമായി ഇടപെടും. ഞാന്‍ വിശ്വാസിയാണ്. ഈ ഞാനാണ് മെത്രാന്മാര്‍ കാണിക്കുന്നത് പ്രോക്രിത്തരമാണെന്ന് പറയുന്നത്’, പി സി ജോര്‍ജ് പറഞ്ഞു.
സഭയ്ക്കും, ബിഷപ്പുമാര്‍ക്കുമെതിരെയുള്ള അധിക്ഷേപങ്ങള്‍ക്ക് പിന്നാലെ, ബിജെപി നേതാക്കളും, എന്‍ഡിഎ സ്ഥാനാര്‍ഥികളുമായ പിസി ജോര്‍ജിനും ഷോണ്‍ ജോര്‍ജിനും മറുപടിയുമായി കത്തോലിക്ക സഭ മുഖപത്രം ദീപിക മുഖപ്രസംഗത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. സഭയ്ക്ക് നേരെ ഭീഷണികള്‍ ആദ്യത്തേതും അവസാനത്തേതും അല്ല. നിലപാട് ഇനിയും പറയുമെന്നാണ് മുഖപ്രസംഗത്തിലെ മറുപടി.










