തുറന്ന യുദ്ധത്തിന് ഹരിത.. സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിക്കുന്നവര്‍ക്കെതിരെ പോരാട്ടം തുടരും-നിലപാട് വ്യക്തമാക്കി മുഫീദ തെസ്‌നി

കോഴിക്കോട് : ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട മുസ്ലീംലീഗിന്റെ നടപടിയില്‍ പ്രതികരണവുമായി സംസ്ഥാന അധ്യക്ഷ മുഫീദ തെസ്‌നി. അപമാനിക്കുന്നവരോട് സന്ധിയില്ലെന്നും, സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിച്ചവര്‍ക്കെതിരെ പോരാട്ടം തുടരുമെന്നും മുഫീദ തെസ്‌നി പറഞ്ഞു.

തുറന്ന യുദ്ധത്തിന് തന്നെയാണ് ഹരിതയുടെ തീരുമാനം. സംഘടന അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്നും പോരാടാന്‍ സംഘടന തങ്ങളെ പ്രാപ്തരാക്കിയിട്ടുണ്ടെന്നും പിടിച്ച കൊടി തെറ്റിയിട്ടില്ലെന്നും മുഫീദ തെസ്‌നി മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ അറിയിച്ചു. തെറ്റിനെതിരെ വിരല്‍ ചൂണ്ടേണ്ട കാലത്ത് അതു ചെയ്തില്ലയെങ്കില്‍ എന്നും കുറ്റബോധം പേറേണ്ടി വരും. ആത്മാഭിമാനമാണ് വലുത്, അപമാനിക്കുന്നവരോട് സന്ധിയില്ലെന്നും ഹരിത നിലപാട് വ്യക്തമാക്കി.സംഘടന അച്ചടക്ക ലംഘനം നടത്തിയിട്ടില്ല. പോരാടാന്‍ തങ്ങളെ പ്രാപ്തരാക്കുകയാണ് ചെയ്തതെന്നും മാധ്യമം പത്രത്തിലെഴുതിയ ലേഖനത്തില്‍ മുഫീദ പറയുന്നു.

ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരുന്നുകൊണ്ട് വരുന്ന തലമുറക്ക് മുന്നില്‍ ഇത്തരമൊരു സന്ദേശം ഞങ്ങള്‍ക്ക് പങ്കു വെക്കേണ്ടതുണ്ട്. തെറ്റിനെതിരെ വിരല്‍ ചൂണ്ടേണ്ട കാലത്ത് അതു ചെയ്തില്ലയെങ്കില്‍ എന്നും കുറ്റബോധം പേറേണ്ടി വരും. ആത്മാഭിമാനം മുറുകെപ്പിടിച്ചുവേണം ഓരോ നിമിഷവും ജീവിക്കാന്‍. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും വ്യക്തി അധിക്ഷേപങ്ങളും പാര്‍ട്ടി നേതൃത്വം ഗൗരവമായി കാണുമെന്നായിരുന്നു പ്രതീക്ഷ. അച്ചടക്ക ലംഘനം നടത്തിയിട്ടില്ല. വനിത കമീഷനില്‍ പോവുകയെന്നത് ഭരണഘടനാപരമായ അവകാശമാണ്. ഞങ്ങള്‍ പിടിച്ച കൊടി തെറ്റിയിട്ടില്ലെന്ന് ഇനിയും വിശ്വസിക്കുന്നു. പച്ചപ്പ് പ്രതീക്ഷയുടേതാണ്. ആ പ്രതീക്ഷ മുറുകെപ്പിടിച്ചുതന്നെ സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിക്കുന്നവര്‍ക്കെതിരെ പോരാട്ടം തുടരും. പതിറ്റാണ്ടുകൊണ്ട് ഹരിത ഞങ്ങളെ അതിനു പ്രാപ്തരാക്കിയിട്ടുണ്ട്.’ ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.

ഇന്നലെ മലപ്പുറത്ത് ചേര്‍ന്ന ലീഗ് ഉന്നതാധികാരസമിതി യോഗത്തിലായിരുന്നു ഹരിത കമ്മറ്റിയെ പിരിച്ചുവിടാനുള്ള തീരുമാനം സ്വീകരിച്ചത്. കടുത്ത അച്ചടക്ക ലംഘനമാണ് ഹരിത നേതൃത്വം നടത്തിയിരുന്നതെന്ന് പിഎംഎ സലാം മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി അച്ചടക്കം ഹരിത നേതാക്കള്‍ തുടര്‍ച്ചയായി ലംഘിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല, കാലാഹരണപ്പെട്ട കമ്മിറ്റിയായിരുന്നു അത്. പുതിയ കമ്മറ്റിയെ മുസ്ലീംലീഗ് സംസ്ഥാന നേതൃത്വം ഉടന്‍ പ്രഖ്യാപിക്കുമെന്നും പിഎംഎ സലാം അറിയിച്ചു

Top