ന്യൂഡല്‍ഹി: അടുത്ത യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡണ്ട് സ്ഥാനത്തേയ്ക്ക് ഏറ്റവും അധികം സാധ്യത കേരളത്തിലെ യൂത്ത് ഐക്കൺ വി.ടി. ബൽറാം എന്ന് സൂചന. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വി.ടി ബല്‍റാം ഉള്‍പ്പെടെ കേരളത്തില്‍ നിന്ന് നാലു പേര്‍ ആണ് പരിഗണനയില്‍ ഉള്ളത് . ബല്‍റാമിനെ കൂടാതെ റോജി എം ജോണ്‍, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരാണുള്ളത്. കേരളത്തിൽ ഒരു ഗ്രൂപ്പിന്റെയും ബ്രാക്കറ്റ് ഇല്ലാത്ത ബൽറാമിനെ എല്ലാവരും എതിർക്കുവാൻ സാധ്യതയുണ്ട്. എന്നാൽ രാഹുൽ ഗാന്ധിക്ക് വ്യക്തമായ കാഴ്ചപ്പാട് ഉള്ളതിനാൽ ഗ്രൂപ്പ് നേതാക്കളുടെ അതൃപ്തിയിൽ വെട്ടപ്പെടാൻ സാധ്യത ഇല്ല.
ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഇരുപതോളം പേരെയാണ് അഭിമുഖത്തിന് ക്ഷണിച്ചിട്ടുള്ളത്. കേരളത്തില്‍ നിന്ന് പട്ടികയില്‍ ഇടംപിടിച്ച നാലു പേരോടും വെള്ളി, ശനി ദിവസങ്ങളില്‍ ദേശീയ നേതൃത്വം നടത്തുന്ന സംവാദത്തിലും അഭിമുഖത്തിലും പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കോണ്‍ഗ്രസിന്റെ യുവജന സംഘടനകളില്‍ അഖിലേന്ത്യാ, സംസ്ഥാന തലങ്ങളില്‍ കഴിവ് തെളിയിച്ചവരെയാണ് അഭിമുഖ പരീക്ഷയ്ക്കായി ക്ഷണിച്ചിരിക്കുന്നത്.
സ്വാശ്രയ മെഡിക്കൽ ബിൽ സാധൂകരണ ബില്ലിനെ കോൺഗ്രസ് പിന്തുണക്കുകയും അതിൽ അഴിമതി ഉണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ആ ബില്ലിനെ എതിർത്ത ഏക എം.എൽ.എ ബൽറാം ആയിരുന്നു. അതോടെ കേരളത്തിലും ദേശീയ തലത്തിലും ബൽറാമിന്റെ രാഷ്ട്രീയ ഗ്രാഫ് ഉയർന്നു. എന്നാൽ അഴിമതിക്ക് പരസ്യ പിന്തുണ പോലെ ബില്ലിനെ എതിർത്ത ബൽറാമിനെതിരെ രംഗത്ത് വന്ന റോജിയും ശബരീനാഥനും മാത്യു കുഴൽ നാടനും അഴിമതിക്ക് കൂട്ട് നിൽക്കുന്നവരും അഴിമതിക്കാർ എന്നും ആരോപണം ഉയർന്നു.