വിടി ബല്‍റാമിനെതിരെ ആഞ്ഞടിച്ച് രഘു മട്ടുമ്മല്‍; പറ്റിയ തെറ്റ് തിരുത്തുന്നതിന് പകരം ഫാൻസ് അസോസിയേഷൻകാരെ ഇറക്കി ചീത്ത വിളിക്കുന്ന നാലാം കിട കളിയാണ് ബല്‍റാം കളിക്കുന്നതെന്നും ആരോപണം

തൃത്താല എംഎല്‍എ വിടി ബല്‍റാമിനെതിരെ ആഞ്ഞടിച്ച് മാധ്യമപ്രവര്‍ത്തകനായ രഘു മട്ടുമ്മല്‍. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിടി ബല്‍റാമിനെതിരെ രംഗത്തെത്തിയത്. തനിക്ക് പറ്റിയ തെറ്റ് തിരുത്തുന്നതിന് പകരം ഫാൻസ് അസോസിയേഷൻകാരെ ഇറക്കി ചീത്ത വിളിക്കുന്ന നാലാം കിട കളിയാണ് ബല്‍റാം കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രഘു മട്ടുമ്മലിന്‍റെ പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെ…

വി ടി ബല്‍റാം എം എൽ എ ഒരു ഊളയാണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷെ. മരയൂളയാണെന്ന് അനുഭവത്തിൽ മനസിലായി. പറ്റിയ തെറ്റ് തിരുത്തുന്നതിന് പകരം ഫാൻസ് അസോസിയേഷൻകാരെ ഇറക്കി തെറി വിളിക്കുന്ന നാലാം കിട കളിയാണ് കളിക്കുന്നത്.

മുൻ മന്ത്രി പി കെ ശ്രീമതി ടീച്ചറുടെ പി എ യും ദേശാഭിമാനി ലേഖകനുമായയാളുടെ ഭാര്യയ്ക്ക് സർക്കാർ വഴിവിട്ട് നിയമനം നൽകുന്നുവെന്നായിരുന്നു ആ ചങ്ങാതിയുടെ ഒരു പോസ്റ്റിലെ ഒരു പരാമർശം. അങ്ങിനെ ടീച്ചറുടെ സ്റ്റാഫിൽ ഉണ്ടായിരുന്ന ദേശാഭിമാനി ലേഖകൻ ഞാനാണെന്നും മറ്റാരുമില്ലെന്നും നല്ല മലയാള ഭാഷയിൽ മറുപടി കൊടുത്തു. അത് ഉൾക്കൊണ്ട് തെറ്റ് തിരുത്തുന്നതിന് പകരം അയാളുടെ പോസ്റ്റിലെ എല്ലാ കാര്യങ്ങൾക്കും ഞാൻ മറുപടി പറയണമെന്നാണ് ചങ്ങാതി പറയുന്നതെന്നും രഘു ആരോപിച്ചു. അത് എന്റെ പണിയല്ലല്ലൊ? എന്റെ ഉദ്ദേശം ബലരാമൻ ഉദ്ദേശിക്കുന്ന വ്യക്തി ഞാൻ അല്ലെന്ന് ബോധ്യപ്പെടുത്തൽ മാത്രമാണ്. കാരണം 26 വർഷമായി മാധ്യമ രംഗത്തുള്ള എന്നോട് പലരും ഇതേ കുറിച്ച് ചോദിച്ചിരുന്നു. എന്റെ പ്രതികരണത്തിനിടയിൽ ബലറാം എന്നത് ഇടയ്ക്ക് ബലരാമൻ എന്ന് എഴുതിയത് അയാൾക്ക് വല്ലാത്ത കുറച്ചിൽ ആയി പോലും. അതിന്റെ പേരിൽ പോരാളി ഷാജിയുടെ ഭാഷയിൽ എഴുതുന്നുവെന്നു പറഞ്ഞ് തന്‍റെ മെക്കിട്ട് കയറുന്നുവെന്നും രഘു തന്‍റെ ഫേസ് ബുക്കില്‍ കുറിച്ചു.

ആദ്യം പറ്റിയ അബദ്ധം വിശദീകരിക്കാൻ വീണ്ടും തിരുത്തൽ പോസ്റ്റിട്ടുവെന്നും ആരോ പറഞ്ഞറിഞ്ഞു. ബലരാമാ, താൻ ഒരു പ്രതിപക്ഷ എം എൽ എ അല്ലെ? തന്റെ നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത് പോലെ ഫേയ്സ്ബുക്കിൽ കളിക്കാതെ, ബാലരമയും പൂമ്പാറ്റയും വായിച്ച് സമയം കളയാതെ പൊതുപ്രവർത്തനം നടത്തൂവെന്നാണ് രഘു മട്ടുമ്മലിന്‍റെ പ്രതികരണം. ഏതെങ്കിലും നിയമനത്തിലോ സർക്കാർ പ്രവർത്തനങ്ങളിലോ അഴിമതിയോ ക്രമക്കേടൊ ഉണ്ടെങ്കിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും അല്ലെങ്കിൽ നിയമയുദ്ധം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. അതല്ലാതെ വെറും മുഖപുസ്തക മണ്ഡൂകം ആകരുത് എന്ന് മാത്രമേ ഇപ്പോൾ പറയാനുള്ളൂ എന്നാണ് അദ്ദേഹത്തിന്‍റെ ഫേസ് ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്..

Top