എന്തുകൊണ്ട് വൃക്ക ദാനം ചെയ്യാന്‍ തീരുമാനിച്ചു? ബിഷപ്പ് ജേക്കബ് മുരിക്കനുമായുള്ള അഭിമുഖം

പാലാ രൂപതയുടെ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കന് വൃക്കദാനം ചെയ്യാൻ പ്രേരണയായത് കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവീസ് ചിറമലിന്റെ പ്രസംഗം. രണ്ടുവർഷം മുമ്പ് പാലാ ബൈബിൾ കൺവൻഷനിലാണ് അവയവദാനത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് ഫാ. ചിറമൽ പ്രസംഗിച്ചത്. ഈ സന്ദേശം മാർ മുരിക്കന്റെ ഹൃദയത്തിൽ അഗ്നിയായി പടരുകയായിരുന്നു. അപ്പോൾത്തന്നെ വൃക്കദാനത്തിനുള്ള ആഗ്രഹം ഫാ. ചിറമലിനെ അറിയിച്ചിരുന്നു. വൃക്കദാനത്തെക്കുറിച്ച് ഫാ. ഡേവീസ് ചിറമൽ സൺഡേശാലോമിനോട് സംസാരിക്കുന്നു.

? ചിറമലച്ചന്റെ പ്രസംഗമാണോ പിതാവിനെ വൃക്കദാനത്തിന് പ്രേരിപ്പിച്ചത്.

♦ ഒന്നര മാസം മുമ്പാണ് പിതാവെന്നെ വിളിച്ചത്. ഞാനും പിതാവും ഒരുമിച്ചാണ് എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ പരിശോധനയ്ക്കായി പോകാറ്. പിതാവിന് ഒരു കാര്യത്തിൽ നിർബന്ധമുണ്ടായിരുന്നു. എല്ലാം മുന്നോട്ട് നീങ്ങിയശേഷം മാത്രമേ വൃക്കദാനത്തിന്റെ അറിയിപ്പ് പരസ്യമാക്കാവൂ എന്നത്. ലേക്‌ഷോർ ആശുപത്രിയിലെ ടെസ്റ്റുകളിൽ പിതാവ് ഓ.കെ ആണെന്ന് കണ്ടു. കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ ധാരാളം പേർ കിഡ്‌നി ആവശ്യക്കാരായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്രോസ് ഡൊണേഷനും നടക്കുന്നുണ്ട്.

മലപ്പുറം-കോട്ടയ്ക്കൽ സ്വദേശിയായ സൂരജ് ആണ് ഈ അപേക്ഷകരിൽ ഏറ്റവും അനുയോജ്യനെന്ന് എനിക്ക് തോന്നി. ഉണ്ടായിരുന്ന വീടും വിറ്റ് മരണശേഷം ആരുടെയെങ്കിലും വൃക്ക സ്വീകരിക്കാമെന്ന് കരുതി ഈ യുവാവ് കാത്തിരിക്കുകയായിരുന്നു. അപ്പൻ പാമ്പുകടിയേറ്റ് മരിച്ചു. ഹൃദ്രോഹിയായ ജ്യേഷ്ഠൻ. ഭാര്യയും പ്രായമായ അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സൂരജ്.

bishopലോകത്തിലെതന്നെ ആദ്യത്തെ ബിഷപ്പായിരിക്കും മാർ ജേക്കബ് മുരിക്കൻ – ഇങ്ങനെയൊരു സൽകർമത്തിന് മുതിരുന്നത്. പാലായുടെ സഹായമെത്രാനായി ചാർജെടുത്തതിനുശേഷവും അതിനുമുമ്പും രൂപതയിലെ മുഴുവൻ ജനങ്ങൾക്കും മാതൃകയായി പിതാവ് മാറിയിട്ടുണ്ടായിരുന്നു. ലളിതജീവിതംകൊണ്ട് എല്ലാവരെയും സ്വാധീനിച്ച വ്യക്തിത്വമാണ് ബിഷപ്പിന്റേത്. ബിഷപ്പിന്റെ ഉള്ളിലുള്ള നന്മ ഈ കാരുണ്യവർഷത്തിൽ കത്തിപ്പടരാൻ ദൈവം ഇടയാക്കിയെന്നുമാത്രം. ഫ്രാൻസിസ് പാപ്പയുടെ പ്രവൃത്തികളും ആഹ്വാനവും മുരിക്കൻ പിതാവിനെ ആവേശം കൊള്ളിച്ചിരുന്നു. അത് പ്രവൃത്തിയിലേക്ക് വന്നു എന്നുള്ളതാണ് പ്രധാനപ്പെട്ടത്.
എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഓപ്പറേഷന്റെ സമയത്ത് ആരും എനിക്ക് സപ്പോർട്ടായി ഉണ്ടായിരുന്നില്ല. കുറച്ച് പത്രക്കാരുണ്ടായിരുന്നുവെന്നത് മറക്കില്ല. അവർക്ക് പുതിയൊരു കാര്യം കിട്ടിയതുപോലെ അവരിതിന്റെ പുറകേയുണ്ടായിരുന്നു. മെത്രാൻമാർക്കും എന്റെ നീക്കങ്ങൾ പുതുമയായിരുന്നു. ഞാൻ വൃക്കദാനം ചെയ്യുന്ന സമയത്ത് ഒത്തിരിയേറെ പ്രതിസന്ധികളുണ്ടായിരുന്നു. ആരുമിതിനെ സപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നില്ല. എന്തിനാണ് ഇത്തരമൊരു റിസ്‌ക്ക് എടുക്കുന്നതെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്.

കുരിശെടുത്ത് എന്നെ അനുഗമിക്കാനാണ് യേശുക്രിസ്തു പഠിപ്പിച്ചത്. ആ കുരിശിന്റെ ഇംഗ്ലീഷിലുള്ള പേരാണ് റിസ്‌ക്ക്. ജീവിതത്തിന്റെ ഓരോ മേഖലയിലും ഈ റിസ്‌ക്ക് നാമിന്ന് കാണുന്നില്ലേ? കച്ചവടക്കാർ, മക്കളെ എം.ബി.ബി.എസിന് പഠിക്കാൻ വിടുന്ന മാതാപിതാക്കൾ, പ്രവാസികൾ തുടങ്ങിയവരൊക്കെ റിസ്‌ക്ക് എടുത്തിട്ടല്ലേ മുന്നോട്ട് പോകുന്നത്.

jacobപാലാ സഹായമെത്രാന്റെ ഈ എൻട്രി കത്തോലിക്കസഭയ്ക്ക് മുഴുവൻ ആത്മീയ ചൈതന്യം പകരുന്ന ഒരു ദാനമായിട്ടാണ് ഞാൻ കാണുന്നത്. മാർപാപ്പയ്ക്കും കർദിനാൾമാർ ജോർജ് ആലഞ്ചേരിക്കും ഈ വിവരമറിയിച്ച് മുരിക്കൻ പിതാവ് കത്തയച്ചിട്ടുണ്ട്. വൃക്ക മാറ്റിവയ്ക്കാൻ ശസ്ത്രക്രിയ നടക്കുന്ന ജൂൺ ഒന്നിനുവേണ്ടി ലോകം മുഴുവൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്. യേശുക്രിസ്തു കാണിച്ചുതന്ന മാതൃക രക്തം ചിന്തിക്കൊണ്ട് കാണിക്കുകയാണിവിടെ.

പലതരം ദാനങ്ങൾ നാം കാണുന്നുണ്ട്. സമ്പത്ത് കൊടുക്കാം, ജനങ്ങളെ പഠിപ്പിച്ചുകൊടുക്കാം, പക്ഷേ രക്തം ചിന്തിക്കൊണ്ടുള്ള ഒരു സാക്ഷ്യത്തിന് പിതാവ് തയാറായി എന്നതാണ് പ്രത്യേകത. എന്റെ ഓപ്പറേഷൻ കഴിഞ്ഞപ്പോൾ ഞാനന്ന് പറഞ്ഞിരുന്നു, പത്തുവർഷത്തിനുള്ളിൽ പത്ത് വൈദികർ വൃക്കദാനം ചെയ്യുമെന്ന്. എന്നാൽ എട്ടുവർഷത്തിനകംതന്നെ 15 വൈദികർ വൃക്കദാനം ചെയ്തുവെന്നത് എനിക്ക് വലിയ സന്തോഷം തരുന്നു. ആറ് സിസ്റ്റർമാരും വൃക്ക കൊടുത്തു. അന്ന് ഞാൻ പറഞ്ഞത് ദൈവം ഏറ്റെടുത്ത് വലിയ അത്ഭുതമായി സമൂഹത്തിന് ദാനമായി നൽകി.

ബിഷപ്പുമാരിൽനിന്ന് ആരെങ്കിലും ഒരാൾ വൃക്കദാനം ചെയ്താൽ നന്നായിരുന്നുവെന്ന് ഞാനാഗ്രഹിച്ചിരുന്നു. ഇതുവരെ സംശയങ്ങളായിരുന്നെങ്കിൽ ഇനി ഈ സത്കർമത്തിന് യാതൊരു സംശയവും ഉദിക്കുന്നില്ല. സന്യസ്തരുടെയിടയിലും സംശയങ്ങൾ നിലനിൽക്കുകയാണ്. ആരുപേർ വൃക്കദാനം ചെയ്തതോടെ സംശയം കുറെയൊക്കെ മാറിയിട്ടുണ്ട്. ജീവിച്ചിരിക്കുമ്പോൾ നമ്മുടെ പ്രിയപ്പെട്ടവർക്ക് ഈ രോഗം വരുമ്പോൾ നമ്മളിത് കൊടുക്കാൻ തയാറാവണം. മരണശേഷമുള്ള അവയവദാനവും പ്രോത്സാഹിപ്പിക്കപ്പെടണം. 21-ാം നൂറ്റാണ്ടിന്റെ ക്രിസ്തീയ സാക്ഷ്യമാണിത്.

? മറ്റൊരു ബിഷപ്പിന്റെ വൃക്കദാനം ഇനി അടുത്ത് പ്രതീക്ഷിക്കാമോ

♦ വൈദികരും സന്യസ്തരും പലരും വൃക്കദാനം ചെയ്യാൻ തയാറായി നിൽപ്പുണ്ട്. വൃക്കദാനത്തിന്റെ നിയമത്തിന്റെ നൂലാമാലകൾക്ക് വളരെയേറെ മാറ്റം വന്നിട്ടുണ്ട്. എന്റെ വൃക്കദാനം നടക്കുമ്പോൾ വൃക്ക സ്വീകരിക്കുന്ന ആളും എല്ലാ ടെസ്റ്റുകൾക്കും ഒരുമിച്ച് വരണമായിരുന്നു. ഇന്ന് ബിഷപ് മാത്രമാണ് പോയത്. പിതാവിന് സാക്ഷിയായിട്ട് ഞാനാണ് പോയത്. വലിയൊരു സമർപ്പണവും വിശുദ്ധ ബലിയും ജൂൺ ഒന്നിന് ലേക്‌ഷോർ ആശുപത്രിയിൽ നടക്കാൻ പോകുന്നു.

തിന്മയുടെ രക്തച്ചൊരിച്ചിലുകൾ ഇന്ന് സമൂഹത്തിൽ ധാരാളമുണ്ട്. എന്നാൽ നന്മയുടെ രക്തച്ചൊരിച്ചിലിനുള്ള ആഹ്വാനമാണീ വൃക്കദാനം. ഈ വാർത്ത വായിക്കുന്നവർക്കും ഇതിനായി പരിശുദ്ധാത്മാവ് പ്രേരണ നൽകും എന്നെനിക്കുറപ്പുണ്ട്. ദൈവം പ്രചോദനം നൽകുന്നവർക്കേ ഇങ്ങനെയുള്ള കർമങ്ങൾക്ക് ഇറങ്ങിത്തിരിക്കാനാകൂ. ഇത്തരം ദാനങ്ങൾക്കായി തയാറെടുക്കുന്നവരെ നാം തടയരുത്.

? മരണശേഷം അച്ചനും അവയവങ്ങളും ശരീരവും ദാനം ചെയ്യാൻ പോകുന്നതായി കേട്ടു

♦ ശരിയാണ്. മരണശേഷം അവയവങ്ങൾ ദാനം ചെയ്യാനും ശരീരം വൈദ്യശാസ്ത്രപഠനത്തിനായി നൽകാനും ആഗ്രഹിക്കുന്നുണ്ട്. ജീവിതം ദൈവം നൽകിയ സമ്മാനമാണ്. ജാതിയോ മതമോ പരിഗണിക്കാതെ മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാൻ നമുക്ക് കടമയുണ്ട്. അവയവങ്ങളുടെ പ്രവർത്തനങ്ങൾ നിശ്ചലമായി ചികിത്സിക്കാൻ നിവൃത്തിയില്ലാതെ വേദനിക്കുകയും വലയുകയും ചെയ്യുന്ന ആയിരക്കണക്കിന് മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്.

ലോക മാധ്യമങ്ങൾക്കും മനുഷ്യമനഃസാക്ഷിക്കും ഉദാത്തമായ ക്രിസ്തീയ സന്ദേശമാണ് മാർ മുരിക്കന്റെ വൃക്കദാനം. എല്ലാ മതവിശ്വാസികൾക്കും ഇത് വലിയ സന്ദേശവും പ്രത്യാശയുമാണ് നൽകുന്നത്. ക്രിസ്തു ലോകത്തിനുവേണ്ടി സ്വയം സമർപ്പിതനായതുപോലെ സമൂഹത്തിനുവേണ്ടി സമർപ്പിതനാവാനുള്ള മുരിക്കൻ പിതാവിന്റെ മനസ് ഒട്ടേറെ പേർക്ക് ഇത്തരം കർമങ്ങളിൽ പങ്കുചേരാൻ പ്രേരണ നൽകും.

കടപ്പാട് സണ്‍ഡേ ശലോം

Top