ഓഫീസില്‍ കാമറ വച്ചതു കൊണ്ട് സുതാര്യത ഉണ്ടാവില്ല:ഉമ്മന്‍ ചാണ്ടിയെ കുത്തി’ ഡി.ജി.പി ജേക്കബ് തോമസ്

കൊച്ചി: മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ ഡിജിപി ജേക്കബ് തോമസ് വീണ്ടും രംഗത്തെത്തി. ഓഫീസില്‍ കാമറ വച്ചതു കൊണ്ട് സുതാര്യത ഉണ്ടാവില്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു. അഴിമതി തടയാന്‍ ഫോണ്‍ നന്പറുകള്‍ മതിയാവില്ല. ഇതെല്ലാം വെറും ചെപ്പടി വിദ്യകള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയും മാദ്ധ്യമങ്ങളുടെ ജാഗ്രതയും; എന്ന വിഷയത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍സംസാരിക്കുകയായിരുന്നു ഡി.ജി.പി.
കേരളം മുഴുവന്‍ കാമറ വയ്ക്കേണ്ട സാഹചര്യമാണിപ്പോള്‍. എവിടെ വച്ചാണ് കൈക്കൂലി കൊടുക്കുന്നത് എന്ന് പറയാനാവാത്ത അവസ്ഥയാണ്. ഓഫീസില്‍ വെബ് കാമറ വയ്ക്കുന്നത് ചെപ്പടി വിദ്യ മാത്രമാണ്. ജനപ്രതിനിധികള്‍ ആണെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ എത്ര നിര്‍ബന്ധിച്ചാലും ഉദ്യോഗസ്ഥര്‍ വഴങ്ങരുത്. മുപ്പത് വര്‍ഷത്തിനിടയില്‍ മുപ്പത് സ്ഥളത്തേക്ക് മാറ്റുന്ന രീതിക്ക് മാറ്റം വരണം.
അഴിമതിക്കെതിരെ പ്രവര്‍ത്തിക്കേണ്ട വിജിലന്‍സ് വകുപ്പ് അടക്കമുള്ള സ്ഥാപനങ്ങള്‍ ശക്തമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ അതിനൊയൊക്കെ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉടന്‍ ഉണ്ടാവും. അഴിമതിയും ക്രമക്കേടും കണ്ടാല്‍ ഉദ്യോഗസ്ഥര്‍ മിണ്ടാതെ പാവകളെ പോലെ ഇരിക്കണമെന്നു പറയുന്ന കാലമൊക്കെ പോയി. അത്തരത്തിലുള്ള നിയമങ്ങളല്ല കേരളത്തില്‍ ഇപ്പോഴുള്ളത്. കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന പത്തു ശതമാനം മാത്രമെയുള്ളൂവെന്നും ജേക്കബ് തോമസ് പറഞ്ഞു.

മാദ്ധ്യമങ്ങള്‍ അഴിമതിക്കെതിരേ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.മാദ്ധ്യമങ്ങള്‍ അവശ്യ സര്‍വീസ് അല്ല, അടിയന്തര സര്‍വീസ് ആണെന്നും ഡി.ജി.പി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top