ന്യൂഡല്‍ഹി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ബിജെപിയിലേക്ക് പോകുന്നെന്ന് റിപ്പോര്‍ട്ട്. അദ്ദേഹം ദില്ലിയില്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയതായി ട്വന്റി ഫോര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ബിജെപി ദേശീയ സഹ സംഘടന സെക്രട്ടറി ബിഎല്‍ സന്തോഷുമായാണ് ജേക്കബ് തോമസ് ചര്‍ച്ച നടത്തിയതെന്നാണ് വിവരം.
കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന ആര്‍എസ്എസ് നേതാവിനൊപ്പമായിരുന്നു കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ ബിജെപിയില്‍ ചേരാന്‍ ജേക്കബ് തോമസ് താത്പര്യം അറിയിച്ചു. എന്നാല്‍ നിലവില്‍ കാത്തിരിക്കാനാണ് ജേക്കബ് തോമസിനോട് നേതൃത്വം ആവശ്യപ്പെട്ടതെന്നാണ് വിവരം. അനുകൂല സാഹചര്യം വരട്ടേയെന്നും അപ്പോള്‍ ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം സ്വീകരിക്കാമെന്നും നേതാക്കള്‍ സൂചിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം ജേക്കബ് തോമസിന്റെ ബിജെപി പ്രവേശനം സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് അറിവൊന്നുമില്ല.
സസ്‌പെന്‍ഷനില്‍ കഴിയുന്ന ജേക്കബ് തോമസ് നേരത്തേ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്നും മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. ട്വന്റി 20 കിഴക്കമ്പലത്തിന്റെ ബാനറില്‍ ജനവിധി തേടാനായിരുന്നു തീരുമാനം. എന്നാല്‍ രാജി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് മത്സരത്തില്‍ നിന്നും ജേക്കബ് തോമസ് പിന്‍വാങ്ങുകയായിരുന്നു. മല്‍സരിക്കാര്‍ തയ്യാറായതോടെ സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇതില്‍ തീരുമാനം എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.