കൊച്ചി: ഡി.ജി.പി. റാങ്കിനു തത്തുല്യമായ തസ്തിക നല്‍കി തിരിച്ചെടുക്കണമെന്ന സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ മുമ്പു പുറപ്പെടുവിച്ച ഉത്തരവ് പാലിച്ചിട്ടില്ലെന്ന് കാണിച്ച് സംസ്ഥാന സർക്കാരിനെതിരെ ഹർജിയുമായി ഡോ .ജേക്കബ് തോമസ് . സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐ.പി.എസ്. ഓഫീസറായ തനിക്ക് അനുയോജ്യ പദവി നല്‍കാത്തതു മനുഷ്യാവകാശ ലംഘനവും സി.എ.ടിയോടുള്ള അവഹേളനവുമാണ്. തരംതാഴ്ത്താനുള്ള ബോധപൂര്‍വമായ ശ്രമമാണു സക്കാരിന്റേത്. ഐ.പി.എസുകാര്‍ക്കു രണ്ടു കേഡര്‍ തസ്തികയും രണ്ട് എക്‌സ് കേഡര്‍ തസ്തികയുമാണു സംസ്ഥാനത്തുള്ളത്. തന്നെ വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ നിയമിക്കാനോ അതല്ലെങ്കില്‍ സ്വയം വിരമിക്കലിന്(വി.ആര്‍.എസ്.) അനുവദിക്കാനോ സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന് ഡോ. ജേക്കബ് തോമസ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ നൽകിയ അടിയന്തര ഹര്‍ജിയിൽ അപേക്ഷിച്ചു .
സംസ്ഥാന പോലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവയാണു കേഡര്‍ തസ്തികകള്‍. വിജിലന്‍സ് ഡയറക്ടര്‍ തസ്തിക ആറുമാസമായി ഒഴിഞ്ഞുകിടന്നിട്ടും തന്നെ പരിഗണിക്കുന്നില്ല.തന്നെ നിയമിച്ച ഷൊര്‍ണൂരിലെ മെറ്റല്‍ ഇന്‍ഡസ്ട്രീസ് സി.എം.ഡി. പദവി സംസ്ഥാന പോലീസ് മേധാവിയേക്കാള്‍ സീനിയറായ ഓഫീസര്‍ സേവനമനുഷ്ഠിക്കേണ്ട തസ്തികയല്ല. മഴു, മാലിന്യപ്പെട്ടി, ചിരവ തുടങ്ങിയവ ഉണ്ടാക്കുന്ന സ്ഥാപനമാണിത്. ജീവനക്കാര്‍ 40 പേര്‍ മാത്രം. നഗരത്തിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ ഇതിലധികം ഉദ്യോഗസ്ഥരുണ്ട്. ഡി.ജി.പി, ജയില്‍ ഡി.ജി.പി, ഫയര്‍ ഡി.ജി.പി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്കാണ് ഡി.ജി.പി. പദവിയുള്ളത്.
ഇതില്‍ ഏതെങ്കിലുമൊന്നു ലഭിക്കണം. കേഡര്‍ തസ്തികയില്‍ നിയമിക്കാന്‍ സര്‍ക്കാരിനു താല്‍പ്പര്യമില്ലെങ്കില്‍ മുന്‍കാല പ്രാബല്യത്തോടെ വി.ആര്‍.എസ്. അനുവദിക്കണം. മന്ത്രി ഇ.പി. ജയരാജനെതിരേ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതാണു സര്‍ക്കാരിനു തന്നോടുള്ള വിരോധത്തിനു കാരണം. സി.എ.ടി. ഉത്തരവിന്റെ മറവില്‍ ഇ.പി. ജയരാജന്റെ കീഴിലുള്ള പീഡിത വ്യവസായ സ്ഥാപനത്തിന്റെ എം.ഡിയാക്കി. അത് അവഹേളിക്കാനും പീഡിപ്പിക്കാനും വേണ്ടിയാണെന്നും ജേക്കബ് തോമസ് ആരോപിച്ചു.