ചെയിന്‍ ബിസിനസിലൂടെ വടക്കഞ്ചേരി കെട്ടിപടുത്തത് കോടികളുടെ സാമ്രാജ്യം; ബാബാ രാംദേവ് മോഡല്‍ ബുദ്ധിയുമായി ജേക്കബ് വടക്കഞ്ചേരി

0

ഡോക്ടര്‍ ജേക്കബ് വടക്കഞ്ചേരിയെ അറിയാത്തവര്‍ ആരാണുള്ളത്. ഇപ്പോള്‍ വടക്കഞ്ചേരി എല്ലാവരുടെയും കാണപ്പെട്ട ദൈവമാണ്. അനേകം പനി മരണങ്ങളുടെ പുണ്യവാളന്‍. അനുയായികള്‍ക്കും ആരാധകര്‍ക്കും ഗുരു. എന്നാല്‍, ഇതെല്ലാം മാറ്റിവെച്ചാല്‍ ഒന്നാംതരം ബിസിനസുകാരനാണ് വടക്കഞ്ചേരി എന്നു തന്നെ പറയാം.

കെ ടി ജയകൃഷ്ണന്‍ കൊല്ലപ്പെടുമ്പോള്‍ ആ ക്ലാസിലുണ്ടായിരുന്ന കുട്ടികളെ കൗണ്‍സിലിംഗ് കൊണ്ടോ ചികിത്സകൊണ്ടോ മാറ്റിയെടുക്കാന്‍ കഴിയില്ലെന്നും അവരെ വെടിവച്ചുകൊല്ലുന്നതാണ് നല്ലത് എന്നും പറഞ്ഞ ആളാണ് ജേക്കബ് വടക്കഞ്ചേരി. മദ്യവിരുദ്ധ പ്രവര്‍ത്തകനില്‍ നിന്നും വാക്സിന്‍ വിരുദ്ധ പ്രചാരകനിലേക്ക് വളര്‍ന്ന ഒന്നാംതരം കച്ചവടക്കാരനാണ് വടക്കഞ്ചേരി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അത്ഭുതരോഗശാന്തിക്കാരെ വെല്ലുന്ന വാക്ചാതുരിയും യോഗയുടെ മറവില്‍ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്ന ബാബാ രാംദേവ് മോഡല്‍ ബുദ്ധിയും കൂടിച്ചേര്‍ന്നതാണ് യാഥാര്‍ത്ഥത്തില്‍ ‘ഡോക്ടര്‍ ജേക്കബ് വടക്കഞ്ചേരി’. ഗാന്ധിയന്‍ എന്ന വിശേഷണവും, കമ്മ്യൂണിസ്റ്റുകള്‍ ഉപയോഗിക്കുന്ന വാക്കുകളും, തീവ്ര മുസ്ലിം ക്രിസ്ത്യന്‍ വിശ്വാസികള്‍ അനുകൂലിക്കുന്ന വാദങ്ങളും ആണ് ജേക്കബ് വടക്കഞ്ചേരിയുടെ വാക്സിന്‍ വിരുദ്ധ പരാമര്‍ശങ്ങളെയും പ്രകൃതി ജീവനത്തെയും ജനപ്രിയമാക്കുന്നത്. പഴവും പച്ചക്കറിയും കഴിച്ചുള്ള ഗാന്ധിയന്‍ രീതിയെക്കുറിച്ച് വടക്കഞ്ചേരി പറയുന്നു.

ഇടതുപക്ഷപുരോഗമനവാദികള്‍ പ്രസിദ്ധമാക്കിയ ‘സാമ്രാജ്യത്വ കോര്‍പറേറ്റ് അജണ്ട’ എന്നൊക്കെയുള്ള വാക്കുകള്‍ വാക്സിനുകളെപ്പറ്റിയും മോഡേണ്‍ മെഡിസിന്‍ കമ്പനികളെക്കുറിച്ചും പറയാന്‍ ഉപയോഗിക്കുന്നു. ശരീരം തന്നെ രോഗം ഭേദമാക്കുന്നു മരുന്നുകള്‍ വേണ്ടാ എന്നൊക്കെയുള്ള വാദങ്ങള്‍ തീവ്ര സെമിറ്റിക് മതഭക്തന് പ്രിയങ്കരമാവുന്നു. അങ്ങനെ വടക്കഞ്ചേരിയുടെ വാദങ്ങള്‍ ജനപ്രിയമാവുകയും അതിവേഗം പ്രചാരം നേടുകയും ചെയ്യുന്നു.

പ്രകൃതിചികിത്സ എന്ന വടക്കഞ്ചേരിയുടെ പ്രവര്‍ത്തനത്തിന് അത്ഭുത രോഗശാന്തിയുമായി വലിയ അകലമൊന്നും ഇല്ല. ഹിസ്റ്റീരിയ ബാധിച്ചതുപോലുള്ള ജല്‍പനങ്ങളും കൂക്കുവിളികള്‍ നിറഞ്ഞ ദൈവസ്തോത്രവും ഒഴിച്ച് നിര്‍ത്തിയാല്‍ തികച്ചും അച്ചടക്കത്തോടെ നടക്കുന്ന ദിവ്യാദ്ഭുതരോഗശാന്തിശുശ്രൂഷ തന്നെയാണ് വടക്കഞ്ചേരിയുടെ ഓരോ പ്രസംഗവേദികളും. ദിവ്യാത്ഭുതക്കാരില്‍ നിന്നും വ്യത്യസ്തമായി വടക്കഞ്ചേരി ‘ഓണ്‍ ദ സ്പോട്ട്’ രോഗമുക്തി നല്‍കുന്നില്ല. എന്നാല്‍ പഴചികിത്സയിലൂടെയും മറ്റും രോഗശാന്തി നേടിയിട്ടുള്ളവരുടെ സാക്ഷ്യം പറച്ചില്‍ ഒക്കെ മീറ്റിങ്ങുകളില്‍ മുറപോലെ നടക്കും. യൂട്യൂബ് ചാനല്‍ വഴിയും സാക്ഷ്യം പറച്ചിലുകള്‍ ഉണ്ട്. ദിവ്യാത്ഭുത രോഗശാന്തിക്കാരന്‍ സജിത് ജോസഫിനെപ്പോലെ പേരും അഡ്രസ്സും ഇല്ലാത്തവരല്ല വടക്കഞ്ചേരിയുടെ സാക്ഷ്യം പറച്ചിലുകാര്‍. എല്ലാവരും അധ്യാപകരോ പോലീസുകാരോ ഉന്നതോദ്യോഗസ്ഥരോ ആയിരിക്കും.

ഏറെക്കാലം പ്രമേഹത്തിനും മറ്റും ചികിത്സതേടിയിട്ടുള്ളവര്‍ ആണ് മിക്കവാറും വടക്കഞ്ചേരിയുടെ രോഗികള്‍. വെജിറ്റബിളും പഴവും കഴിച്ച് രോഗസൗഖ്യം ഉണ്ടാകുമത്രേ. മുന്‍പ് കഴിച്ച മരുന്നുകളുടെ സ്വാധീനം മൂലം ഉണ്ടാകുന്ന താത്കാലിക ആശ്വാസങ്ങള്‍ മാത്രമാണ് ഇതെന്നാണ് ഡയബറ്റിക് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. വടക്കഞ്ചേരിയുടെ ചികിത്സ പാലിക്കാതിരിക്കുന്ന ആളുകള്‍ വിശ്വസിക്കുന്നത് അഥവാ വിശ്വസിപ്പിച്ചിരിക്കുന്നത് അവര്‍ക്ക് രോഗസൗഖ്യം ഉണ്ടാകാത്തത് മുന്‍പ് കഴിച്ച മോഡേണ്‍ മരുന്നുകള്‍ കാരണമാണ് എന്നാണ്. ഒരുപക്ഷേ ദിവ്യാത്ഭുതക്കാരുടെ അടുത്ത് ‘ദൈവാനുഗ്രഹം’ ലഭിക്കാത്തവര്‍ക്ക് രോഗസൗഖ്യം ലഭിക്കാത്തതിന് സമാനമായ അവസ്ഥ!

1980ല്‍ ഗാന്ധിയന്‍ ആയും മദ്യവര്‍ജ്ജകപ്രവര്‍ത്തകന്‍ ആയും പൊതുരംഗത്തേക്കിറങ്ങിയ വടക്കഞ്ചേരിയുടെ വളര്‍ച്ച വ്യത്യസ്ത മേഖലകളിലൂടെ ആയിരുന്നു. വടക്കഞ്ചേരി ഒരു പക്ഷെ മദ്യത്തിന് ശേഷം തള്ളിപ്പറഞ്ഞിരിക്കുക ‘പൊറോട്ടയെ’ ആയിരിക്കും. പൊറോട്ട പോലുള്ള ജനകീയ ഫാസ്റ്റ്ഫുഡ് വിഭവങ്ങള്‍ കഴിച്ച് ജീവിതശൈലീ രോഗങ്ങള്‍ പിടിപെട്ട് ഉഴലുന്ന മലയാളിക്ക് അത് ഏറെ പ്രിയങ്കരമായി. ഓയില്‍ വിഭവങ്ങള്‍, പാചകരീതി എന്നിവയിലൊക്കെ അശാസ്ത്രീയത കണ്ടെത്തി പ്രചാരണവും ക്ലാസുകളും ആരംഭിച്ചതോടെ ജേക്കബ് വടക്കഞ്ചേരി ജനപ്രിയനായി.

1998ല്‍ വടക്കഞ്ചേരി ‘നേച്ചര്‍ ലൈഫ് ഇന്റര്‍നാഷണല്‍’ എന്ന എന്‍ ജി ഒ ആരംഭിച്ചു. പിന്നീട് യോഗ ഗുരു രാംദേവിന്റെ വഴിയിലൂടെയാണ് ഈ എന്‍ ജി ഒ സഞ്ചരിച്ചത്. ഇപ്പോള്‍ ഏഴ് പ്രകൃതിചികിത്സാ ആശുപത്രികളും നാല് ശാഖകളുള്ള അരുവി പ്രകൃതി ഭോജന റെസ്റ്റോറന്റുകളും മുപ്പത് പ്രകൃതിജന്യ ഉത്പന്നങ്ങളും നിരവധി പ്രസിദ്ധീകരണങ്ങളും ഹോളിഡേ ടൂറുകളും ഒക്കെയുള്ള ഒരു വ്യാപാരസ്ഥാപനം ആണ് ‘നേച്ചര്‍ ലൈഫ് ഇന്റര്‍നാഷണല്‍’. ഗാന്ധിയന്‍ എന്ന വിശേഷണത്തില്‍ നിന്നും ‘ഡോക്ടര്‍’ എന്നും പ്രകൃതിജീവകന്‍ എന്നും സാമൂഹ്യപ്രവര്‍ത്തകന്‍ എന്നും ഒക്കെയുള്ള വിശേഷണത്തിലേക്ക് ജേക്കബ് വടക്കഞ്ചേരിയും വളര്‍ന്നുകഴിഞ്ഞു. പണ്ട് മദ്യത്തെ തള്ളിപ്പറഞ്ഞ വടക്കഞ്ചേരി ഇന്ന് വാക്സിനുകളെ തള്ളിപ്പറയുന്നു.

Top