കോണ്‍ഗ്രസിലെ പിളര്‍പ്പ് പാര്‍ട്ടി ചാനലിലേക്കും; ചാനല്‍ മേധാവി ബി എസ് ഷിജു രാജിവെച്ചു, കെ മുരളീധരനുമായുള്ള അസ്വാരസ്യമെന്ന് സൂചനകള്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പോലും വേണ്ടാതെയിരുന്ന പാര്‍ട്ടി ചാനലിനെ മലയാളത്തില്‍ മുടങ്ങാതെ ശമ്പളം നല്‍കുന്ന 5 ചാനലുകളുടെ ലിസ്റ്റില്‍ എത്തിച്ച ചാനല്‍ മേധാവി ബി എസ് ഷിജു സ്ഥാനമൊഴിയുന്നു. നേതൃത്വവുമായുള്ള അസ്വാരസ്യങ്ങളാണ് രാജിക്ക് പിന്നിലെന്ന് സൂചനകള്‍. ചാനല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കെ മുരളീധരന്റെ പഴയ ജനപ്രിയ കമ്മ്യൂണിക്കേഷന്‍സിന്റെ കെട്ടിടത്തിലേക്ക് ചാനല്‍ പ്രവര്‍ത്തനം മാറാനിരിക്കെയാണ് രാജിയെന്നത് ശ്രദ്ധേയമാണ്. രാജിക്കത്ത് കെ പി സി സി അധ്യക്ഷനും ചാനല്‍ ചെയര്‍മാന്‍ രമേശ് ചെന്നിത്തലയ്ക്കും എംഡി എം എം ഹസ്സനും കൈമാറിയ ഷിജു രാജിക്കാര്യം എ കെ ആന്റണിയെയും ഉമ്മന്‍ചാണ്ടിയെയും അറിയിച്ചിട്ടുണ്ട്.
2019 തെരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ടാണ് രാജിയെന്ന് വിശദീകരണമുണ്ടെങ്കിലും പാര്‍ട്ടി തലപ്പത്തുള്ളവരുമായുള്ള അസ്വാരസ്യങ്ങളും രാജിക്ക് കാരണമായി പറയപ്പെടുന്നു. ജയ്ഹിന്ദിന് പുറമേ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേധാവി കൂടിയായിരുന്ന ബി എസ് ഷിജുവിനെ അടുത്തിടെ എഐസിസി പുതിയ രണ്ടു ചുമതലകള്‍ കൂടി ഏല്‍പ്പിച്ചിരുന്നു. എഐസിസി നേരിട്ട് നിയന്ത്രിക്കുന്ന കെ പി സി സി ഗവേഷണ വിഭാഗം അധ്യക്ഷ സ്ഥാനത്തെക്കും പി ചിദംബരം അധ്യക്ഷനായ എ ഐ സി സി തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ കമ്മിറ്റി അംഗത്വത്തിലേക്കുമായിരുന്നു ഈ നിയമനങ്ങള്‍.
അതേസമയം, ഷിജുവിന്റെ രാജി സംബന്ധിച്ച് കെ പി സി സി ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.ഒരു വര്‍ഷം മുമ്പ് ജോയിന്റ് ജയ്ഹിന്ദ് മാനേജിംഗ് ഡയറക്ടരുടെ ചുമതല ഏറ്റെടുത്ത ബി എസ് ഷിജു ചാനലിന്റെ ചരിത്രത്തിലാദ്യമായി സ്ഥാപനത്തെ നഷ്ടത്തില്‍ നിന്ന് കരകയറ്റിയിരുന്നു. പതിറ്റാണ്ടുകളായി ഡല്‍ഹിയിലും മറ്റും വീക്ഷണം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് മാധ്യമങ്ങളില്‍ പത്രപ്രവര്‍ത്തകനായിരുന്ന എം ബി എ ബിരുദധാരി കൂടിയായ ഷിജു പാര്‍ട്ടിയിലെ മികച്ച മാനേജ്‌മെന്റ് വിദഗ്ധനായി അറിയപ്പെടുന്നയാളാണ്.

Top