ഛണ്ഡീഗഢ്: ഹരിയാനയിലെ നൂഹിൽ ബ്രജ് മണ്ഡൽ ജലാഭിഷേക ഘോഷയാത്രയുടെയും പശ്ചാത്തലത്തിൽ 24 മണിക്കൂർ സമയത്തേക്ക് ഇന്റർനെറ്റും എസ്എംഎസ് സൗകര്യവും റദ്ദാക്കി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് സർക്കാർ ഇന്റർനെറ്റ് റദ്ദാക്കിയത്. കഴിഞ്ഞ വർഷം ഘോഷയാത്ര നൂഹിലൂടെ കടന്നുപോയപ്പോൾ സംഘർഷമുണ്ടായിരുന്നു. രണ്ട് ഹോം ഗാർഡുകൾ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഘോഷയാത്ര സമാധാനപരമായി നടത്താനുള്ള എല്ലാ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ടെന്ന് നൂഹ് ഡെപ്യൂട്ടി കമ്മീഷണർ ധീരേന്ദ്ര ഖഡ്കട പറഞ്ഞു.
പ്രദേശത്ത് സ്ഥിതിഗതികൾ സമാധാനപരമാണെന്നും ഘോഷയാത്രയെ സ്വാഗതം ചെയ്യാൻ വിവിധ വിഭാഗങ്ങളിലുൾപ്പെട്ടവർ തയാറായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ കാര്യങ്ങൾ പ്രചരിക്കാതിരിക്കാനാണ് ഇന്റർനെറ്റും എസ്എംഎസും റദ്ദാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.