ജലന്ധര്‍ ബിഷപ്പിനെതിരെ വത്തിക്കാന്‍ പ്രതിനിധിക്ക് കന്യാസ്ത്രീ അയച്ച കത്ത് പുറത്ത്

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള ലൈംഗിക ആരോപണ കേസില്‍ കന്യാസ്ത്രീ നല്‍കിയ പരാതി പുറത്ത്. വത്തിക്കാന്‍ പ്രതിനിധിക്ക് കന്യാസ്ത്രീ അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബിഷപ്പ് മാനസികമായും ലൈംഗികമായും പീഡിപ്പിച്ചുവെന്നും രണ്ട് തവണ മുറിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ശ്രമിച്ചുവെന്നും കന്യാസ്ത്രീ കത്തില്‍ പറയുന്നു.

ഇത് മൂലം മാനസിക നില തെറ്റുന്ന അവസ്ഥയിലായിരുന്നു താനെന്നും കന്യാസ്ത്രീ കത്തില്‍ പറയുന്നു.  മാത്രമല്ല തനിക്കും മറ്റൊരു കന്യാസ്ത്രീക്കും വധഭീഷി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ബിഷപ്പിനെതിരെ നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ആറ് പേജില്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ കത്ത് ബെംഗളൂരുവിലെ ബിഷപ്പ് കുര്യന്‍ വലിയകണ്ടത്തില്‍ വഴിയാണ് നല്‍കിയത്. ഈ വര്‍ഷം ജനുവരി 28നാണ് കന്യാസ്ത്രീ ആദ്യം പരാതി നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതില്‍ നടപടികള്‍ ഒന്നും ഉണ്ടാകാതെ വന്നപ്പോഴാണ് ജൂണ്‍മാസം 24ന് രണ്ടാമത് ഇ-മെയിലായി വീണ്ടും പരാതി അയച്ചത്. പീഡനം നടന്നതിന് പിന്നാലെ തന്നെ കുറിച്ചുള്ള തെറ്റായ കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെയും മറ്റും പരസ്യപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു. ജലന്ധറിലെ പി.ആര്‍.ഒ ആയ ഫാദര്‍ പീറ്ററാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇനിയും ബിഷപ്പിനെതിരെ നടപടി ഉണ്ടാകാത്ത പക്ഷം താന്‍ നിയമപരമായ നടപടികളിലേക്ക് കടക്കുമെന്നും കന്യാസ്ത്രീ പരാതിയില്‍ പറയുന്നുണ്ട്. ഇനിയെങ്കിലും തനിക്കും കുടുംബത്തിനും നേരെ ഭീഷണി ഉണ്ടാവരുത്.

വത്തിക്കാന്‍ പ്രതിനിധിയില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞാണ് കന്യാസ്ത്രീ രണ്ടാമത്തെ പരാതി അവസാനിപ്പിക്കുന്നത്. അതേസമയം, കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെതിരെ കൂടുതല്‍ വൈദികര്‍ രംഗത്ത് വന്നിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീ മഠത്തില്‍ ദിവസങ്ങളോളം താമസിച്ചത് സംശയാസ്പദമാണ്. ബിഷപ്പ് ബലാത്സംഗ കേസില്‍ പ്രതിയാണെന്ന് മാര്‍പാപ്പ അറിയാതിരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു.

ഫ്രാങ്കോ മുളക്കലിനെ ബിഷപ്പാക്കുന്നതില്‍ പ്രതിഷേധം ഉണ്ടായിരുന്നുവെന്നും വൈദികര്‍ പറഞ്ഞു. ഫാദര്‍ ഫ്രാങ്കോ മുളയ്ക്കലിന് എതിരായ ആരോപണങ്ങളെപ്പറ്റി ഉജ്ജയിന്‍ ബിഷപ്പ്  ഫാദര്‍ സെബാസ്റ്റിയന് അറിയാമെന്ന് കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഫാദര്‍ സെബാസ്റ്റിയന്‍ വടക്കേലിന്റെ മൊഴിഎടുക്കാനുള്ള തീരുമാനം. ഉജ്ജയിനില്‍ നിന്ന് ദില്ലിയില്‍ തിരിച്ചെത്തിയ ശേഷം പൊലീസ് സംഘം ചൊവ്വാഴ്ച വത്തിക്കാന്‍ പ്രതിനിധിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും.

അതിന് ശേഷം ജലന്ധറിലേക്ക് പോകാനാണ് സംഘത്തിന്റെ തീരുമാനം. സംഭവത്തില്‍ മൊഴി എടുക്കുന്നതിനായി അന്വേഷണ സംഘത്തിന് വത്തിക്കാന്‍ പ്രതിനിധിയെ കാണാനായില്ല. പൊലീസ് സംഘത്തെ സുരക്ഷാ ജീവനക്കാര്‍ മടക്കി അയച്ചു. മുന്‍കൂര്‍ അനുമതി വാങ്ങാതെ കാണാന്‍ കഴിയില്ലെന്ന് വത്തിക്കാന്‍ എംബസി അറിയിച്ചു. ഇതേ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘം എംബസിയില്‍ നിന്ന് മടങ്ങി.

തിങ്കളാഴ്ച മൊഴിയെടുക്കുമെന്നാണ് സൂചന. അതേസമയം, ജലന്ധറിലെ നടപടികള്‍ക്കായി കേരള പൊലീസ് പഞ്ചാബ് പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ വൈദികന്‍ ശ്രമിച്ച സംഭവത്തില്‍ ജലന്ധര്‍ രൂപതയുടെ പങ്കും പൊലീസ് അന്വേഷിക്കും. കന്യാസ്ത്രീ പരാതി നല്‍കിയ ജൂണ്‍ 28 മുതല്‍ ഫാ. ജെയിംസ് ഏര്‍ത്തയില്‍ നടത്തിയ ഫോണ്‍ വിളിയുടെ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിക്കും. നേരത്തെ ബിഷപ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ജൂലൈ അഞ്ചിന് ചങ്ങനാശ്ശേരി മജിസ്ട്രേറ്റിനു മുന്നില്‍ കന്യാസ്ത്രീ രഹസ്യ മൊഴിയും നല്‍കിയിരുന്നു.

Top