ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയഗാനം ഏതെന്ന ചോദ്യത്തിന്റെ ഉത്തരം മാറുമോ? ‘ജനഗണമന’ യ്ക്ക് ദേശീയഗാനമെന്ന പദവി നഷ്ടമാകുമോ? ചര്‍ച്ചകള്‍ സജീവമാണ്. ജനഗണമനയ്ക്ക് പകരം വന്ദേമാതരം ദേശീയഗാനമായി ഉപയോഗിക്കണമെന്ന ചര്‍ച്ചയാണ് സജീവമാകുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരെ ഈ ആരോപണം ഉന്നയിക്കുന്നത് ജെഎന്‍യുവില്‍ നിന്നുള്ള ചരിത്രകാരാണ്.
ജനഗണനമയുടെ നിലനില്‍പ്പ് ഭീഷണിയില്‍ ആണെന്നും വലതുപക്ഷ സംഘടനകള്‍ ശക്തമായി ആവശ്യപ്പെട്ടാല്‍ അക്കാര്യം നടപ്പാകുമെന്നും ജെഎന്‍യുവില്‍ നിന്നും വിരമിച്ച പ്രഫസറും ചരിത്രകാരനുമാനുമായ ടാനിക സര്‍ക്കാരാണ് പറഞ്ഞിരിക്കുന്നത്. ദീര്‍ഘകാലമായി വലതുപക്ഷ ഗ്രൂപ്പുകള്‍ ഇക്കാര്യം ആവശ്യപ്പെടുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ജനഗണമന ദേശീയഗാനമായി അധികാലം നില്‍ക്കുമെന്ന് കരുതാനാകില്ലെന്നും അവര്‍ പറഞ്ഞു.
അഫ്‌സല്‍ ഗുരു പ്രശ്‌നത്തില്‍ ജെഎന്‍യുവിനെ ദേശവിരുദ്ധമാക്കി ചിത്രീകരിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരേ സര്‍വ്വകലാശാ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ അഞ്ചാമത്തേതായ ‘ഗാന്ധിനേഷന്‍’ എന്ന തലക്കെട്ടില്‍ നടന്ന ചര്‍ച്ചയില്‍ ആയിരുന്നു സര്‍ക്കാര്‍ ഈ നിരീക്ഷണം നടത്തിയത്. ഈ ആരോപണത്തോട് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.
ജനഗണമനയുടെ തുല്യപ്രാധാന്യമുള്ള ദേശീയഗീതമാണ് വന്ദേമാതരം.എന്നാല്‍ ദേശീയഗാനമായ ജനഗണമനയുടെ ഔദ്യോഗികപരിവേഷം ഇതിനില്ല. ഇന്ത്യന് സ്വാതന്ത്ര്യ സമരത്തിന്റെ ഊര്‍ജ്ജ സ്രോതസ്സായിരുന്നു ഈ ഗാനം. പ്രശസ്ത ബംഗാളി കവിയായിരുന്ന ബങ്കിം ചന്ദ്ര ചാറ്റര്‍ജി ആണ് ഇതിന്റെ രചയിതാവ്. ബംഗാളിയിലാണ് ഇത് രചിച്ചിരിക്കുന്നതെങ്കിലും സംസ്‌കൃതത്തിന്റെ സ്വാധീനം വേണ്ടുവോളമുണ്ട്. ഭാരതാംബയെ സ്തുതിക്കുന്ന ഗീതമായാണ് ഇതിന്റെ രചന. ആര്‍എസ്എസ് ശാഖകളില്‍ മറ്റും വന്ദേമാതരമാണ് ദേശീയതയുടെ പ്രതീകമായി ആലപിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ വാദം ചര്‍ച്ചകള്‍ക്ക് വഴി വയ്ക്കുന്നത്.
ജനഗണമന ദേശീയഗാനമാണ്. സാഹിത്യത്തിന് നോബല്‍ സമ്മാനിതനായ ബംഗാളി കവി രവീന്ദ്രനാഥ ടാഗോറിന്റെ കവിതയിലെ വരികളാണ് പിന്നീട് ദേശീയഗാനമായി ഇന്ത്യ സ്വീകരിച്ചത്. ഔദ്യോഗികമായ നിര്‍ണ്ണയങ്ങള്‍ പ്രകാരം ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കന്‍ഡുകള്‍ കൊണ്ടാണ്. 1911, ഡിസംബര്‍ 27 നു, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കല്‍ക്കത്താ സമ്മേളനത്തിലായിരുന്നു രവീന്ദ്രനാഥ ടാഗോര്‍ ജനഗണമന ആദ്യമായി ആലപിച്ചത്. ഈ രാഷ്ട്രീയവും വന്ദേമാതരത്തെ ദേശീയ ഗാനമാക്കാനുള്ള നീക്കത്തിന് പിന്നിലുണ്ടെന്നാണ് ആക്ഷേപം.