ബിജെപി സഞ്ചരിക്കുന്നത് പരാജയത്തിന്റെ പടുകുഴിയിലേയ്‌ക്കോ? ഉത്തര്‍പ്രദേശില്‍ സഖ്യം അവസാനിപ്പിക്കാന്‍ പാര്‍ട്ടികള്‍

നിയമസഭയിലേറ്റ പരാജയത്തില്‍ നിന്നും തിരിച്ചു വരവിനൊരുങ്ങുന്ന ബിജെപിക്ക് ആവര്‍ത്തിച്ച് ലഭിക്കുന്നത് കനത്ത പ്രഹരങ്ങളാണ്. യുപിയില്‍ നിന്നുമാണ് പാര്‍ട്ടിയ്ക്ക് കനത്ത തിരിച്ചടി ലഭിക്കുന്നത്. സഖ്യം അവസാനിപ്പിക്കുമെന്ന് നേരത്തെ സഖ്യകക്ഷി അപ്നാദള്‍ പ്രതാവിച്ചിരുന്നു. ഇതിന് പിന്നാലെ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയും ബിജെപിക്കെതിരെ രംഗത്തെത്തി.

കഴിഞ്ഞ ദിവസം വാരണാസിയില്‍ നടന്ന മോദി പങ്കെടുത്ത പരിപാടിയില്‍ നിന്നാണ് സഖ്യകക്ഷിയായ എസ്ബിഎസ്പി വിട്ട് നിന്നത്. നേരത്തേ തന്നെ അതൃപ്തി വ്യക്തമാക്കി സഖ്യകക്ഷിയായ അപ്നാദള്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരിപാടിയില്‍ നിന്ന് വിട്ട് നിന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശക്തമായ വിമര്‍ശനമായിരുന്നു നേരത്തേ അപ്നാദള്‍ അധ്യക്ഷന്‍ ആഷിഷ് പട്ടേല്‍ ബിജെപിക്കെതിരെ ഉയര്‍ത്തിയത്. സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്ക് സ്വേച്ഛാദിപത്യ മനോഭാവമാണെന്നും സമൂഹത്തിലെ സാധാരണക്കാരോടടക്കം ധാര്‍ഷ്ട്യമാണ് നേതാക്കള്‍ വെച്ച് പുലര്‍ത്തുന്നതെന്നും ആശിഷ് പറഞ്ഞു.

സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ചില്ലേങ്കില്‍ സര്‍ക്കാരിന്റെ ഒരു പരിപാടിയിലും ഭാഗമാകില്ലെന്നും അപ്നാദള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുപിയില്‍ 9 എംഎല്‍എമാരും രണ്ട് എംപിമാരുമുള്ള പാര്‍ട്ടിയാണ് അപ്നാദള്‍.

അതേസമയം കഴിഞ്ഞ ദിവസം വാരണാസിയില്‍ നടന്ന മോദി പങ്കെടുത്ത പരിപാടിയില്‍ നിന്ന് വിട്ട് നിന്നാണ് ബിജെപിക്കെതിരെ എസ്ബിഎസ്പി രംഗത്തെത്തിയത്. മഹാരാജ സുഹല്‍ദേവിന്റെ പേരിലുള്ള സ്റ്റാമ്പ് പുറത്തിറക്കുന്ന പരിപാടിയിലാണ് എസ്ബിഎസ്പി പങ്കെടുക്കാതിരുന്നത്.

പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനും സംസ്ഥാന പിന്നോക്ക വികസന മന്ത്രിയുമായ ഓം പ്രകാശ് രാജ്ബഹാറിനെ ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്നാരോപിച്ചായിരുന്നു ഇത്. നാല് എംഎല്‍എമാരാണ് എസ്ബിഎസ്പിക്ക് സംസ്ഥാനത്ത് ഉള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കാനുള്ള പാര്‍ട്ടിയുടെ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.

ബിഹാറില്‍ നേരത്തേ സീറ്റ് വിഭജനത്തെ ചൊല്ലി ഇടഞ്ഞ ലോക് ജനശക്തി നേതാവ് റാം വിലാസ് പസ്വാനുമായുള്ള പ്രശ്‌നങ്ങളെല്ലാം കഴിഞ്ഞയാഴ്ചയാഴ്ച ബിജെപി പറഞ്ഞ് തീര്‍ത്തിരുന്നു. ലോക്‌സഭയിലും രാജ്യസഭയിലും രണ്ട് സീറ്റുകള്‍ വീതം നല്‍കിയായിരുന്നു ഇത്.

സമ്മര്‍ദ്ദം തുടര്‍ന്നാല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ് എസ്ബിഎസ്പിയും കണക്കാക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപി നിര്‍ണായകമാണെന്നിരിക്കെ സഖ്യകക്ഷികളുടെ ഈ കാലുമാറ്റം കടുത്ത പ്രതിസന്ധിയാണ് ബിജെപിക്ക് ഉണ്ടാക്കിയിരിക്കുന്നത്.

2014 ല്‍ 71 പേരാണ് ബിജെപി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് ജയിച്ച് കയറിയത്. അതേസമയം ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ട അപ്നാദള്‍ ആകട്ടെ രണ്ട് സീറ്റുകളും നേടി. സീറ്റ് വിഭജനം സംബന്ധിച്ച കാര്യത്തില്‍ സമവായത്തില്‍ എത്തിയില്ലേങ്കില്‍ സഖ്യം വിടുമെന്ന മുന്നറിയിപ്പാണ് അപ്നാദള്‍ നല്‍കുന്നത്.

2014 മുതല്‍ പാര്‍ട്ടി മികച്ച പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് കാഴ്ച വെയ്ക്കുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ സീറ്റുകള്‍ പാര്‍ട്ടി അര്‍ഹിക്കുന്നുണ്ടെന്നും അപ്നാദള്‍ അവകാശപ്പെടുന്നു.ജനവരി ഏഴിന് ചേരുന്ന പാര്‍ട്ടി നേതൃയോഗത്തില്‍ സഖ്യം വിടണമോയെന്നത് സംബന്ധിച്ച കാര്യത്തില്‍ പാര്‍ട്ടി തിരുമാനം കൈക്കൊള്ളുമെന്നും നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

Top