ബീജിംഗ്: പനി ബാധിക്കുമ്പോൾ ഉപയോഗിക്കുന്ന ‘അവിഗാൻ’ എന്നു പേരുള്ള മരുന്ന് കൊറോണ വൈറസ് ബാധയേയും ചെറുക്കാൻ ശേഷിയുള്ളതാണെന്ന വെളിപ്പെടുത്തലുമായി ചൈനീസ് ആരോഗ്യ വിദഗ്ദർ. ജാപ്പനീസ് ‘ആന്റി ഫ്‌ളൂ’ മരുന്നായ അവിഗാനിലെ ‘ഫാവിപിറാവിർ’ എന്ന ചേരുവയ്ക്കാണ് കൊറോണ രോഗത്തിനെതിരെ പ്രവർത്തിക്കാനും രോഗം ഇല്ലാതാക്കാനും ശേഷിയുള്ളതായി ഇവർ അവകാശപ്പെടുന്നത്. ചൈനയിൽ 340 പേരിൽ തങ്ങൾ ഈ മരുന്ന് പ്രയോഗിച്ചുവെന്നും അവരുടെ രോഗം ഭേദമായെന്നും ഇവർ പറയുന്നുണ്ട്.
മരുന്ന് ഉപയോഗിക്കാത്ത രോഗികളുമായി താരതമ്യപ്പെടുത്തുമ്പോൾ അത് ഉപയോഗിച്ചവരുടെ ശ്വാസകോശം കാര്യമായ പുരോഗതി നേടിയെന്നും ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഫാവിപിറാവിർ എന്ന ഈ ചേരുവ ശരീരത്തിലെത്തുമ്പോൾ വൈറസിന്റെ വയറസിന്റെ വളർച്ചയെ കാര്യമായി ചെറുക്കുന്നതായും ഈ ഡോക്ടർമാർ പറയുന്നുണ്ട്.
പ്രത്യക്ഷത്തിൽ ഈ മരുന്ന് ഏതെങ്കിലും തരത്തിലുള്ള പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്നും ചൈനയുടെ ശാസ്ത്ര സാങ്കേതിക മന്ത്രി ഷാങ് ഷിൻമിൻ പറഞ്ഞതായി വാർത്തയുണ്ട്. 340 രോഗികളിൽ നടത്തിയ മരുന്ന് പരീക്ഷണത്തിൽ രോഗം ഭേദപ്പെടുന്നതിനുള്ള സമയത്തിൽ ഏറെ കുറവു വരുന്നതായും കണ്ടെത്തിയിട്ടുണ്ടെന്നും പറയപ്പെടുന്നു. കൊറോണ രോഗത്തിനെതിരെ, ഫാവിപിറാവിർ ഉപയോഗിച്ചുകൊണ്ടുള്ള മരുന്ന് ഹോങ് കോങ്ങിലെ സിഹുവാൻ എന്ന് പേരുള്ള ഫാർമസ്യുട്ടിക്കൽസ് നിർമ്മിച്ചു തുടങ്ങിയിട്ടുണ്ട്.