തിരുവനന്തപുരം: റോഡുസുരക്ഷാ സന്ദേശവുമായി നടന്‍ ജഗതി ശ്രീകുമാര്‍ പൊതുവേദിയില്‍. ലോക ട്രോമാ ദിനത്തോടനുബന്ധിച്ച് റോഡ് സുരക്ഷയുടെ സന്ദേശമുയര്‍ത്തി എസ്.പി. ഫോര്‍ട്ട് ആശുപത്രിയും എസ്.പി.ആദര്‍ശ് ഫൗണ്ടേഷനും ചേര്‍ന്നു സംഘടിപ്പിച്ച ‘സേഫത്തോണ്‍’ മിനി മാരത്തണിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് നടന്‍ ജഗതി ശ്രീകുമാറുള്‍പ്പെടെയുള്ള പ്രമുഖരെത്തിയത്.
റോഡപകടത്തില്‍ പരിക്കേറ്റു ചികിത്സയിലുള്ള അദ്ദേഹം ഏറെക്കാലത്തിനു ശേഷമാണ് പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. റോഡപകടങ്ങളില്‍ ഇനി ജീവനുകള്‍ പൊലിയാതിരിക്കട്ടെ എന്ന ആശയം മുന്നോട്ട് വെച്ച പരിപാടിയിലേക്ക് വീല്‍ച്ചെയറിലിരുന്ന് പുഞ്ചിരിക്കുന്ന മുഖവുമായി മലയാളത്തിന്റെ പ്രിയനടനെത്തിയപ്പോള്‍ ജനത്തിനും ആവേശമേറി. ഞായറാഴ്ച രാവിലെ ആറുമണിക്ക് മാനവീയം വീഥിയില്‍നിന്നാണ് മാരത്തണ്‍ ആരംഭിച്ചത്.
മൂന്ന് കിലോമീറ്റര്‍ മാരത്തണില്‍ 2000 ലേറെ പേര്‍ പങ്കെടുത്തു. മാനവീയം വീഥിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ജഗതി ശ്രീകുമാറിനെ കൂടാതെ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ഫുട്‌ബോള്‍ താരം ഐ.എം.വിജയന്‍ എന്നിവര്‍ മുഖ്യാതിഥികളായി. പ്രളയദുരന്തത്തില്‍പ്പെട്ട നൂറിലധികം പേരെ രക്ഷപ്പെടുത്തുകയും പിന്നീട് വാഹനാപകടത്തില്‍ മരണപ്പെടുകയും ചെയ്ത ജിനീഷ് ജെറോണിന്റെ കുടുംബത്തിന് എസ്.പി. ആദര്‍ശ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ രണ്ടുലക്ഷം രൂപയുടെ ധനസഹായം ജഗതി ശ്രീകുമാര്‍ കൈമാറി. എസ്.പി. ഫോര്‍ട്ട് ഹോസ്പിറ്റല്‍ സി.ഇ.ഒ. ഡോ. പി.അശോകന്‍, ഐ.എം.എ. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂള്‍ ചെയര്‍മാന്‍ ജ്യോതിസ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ചീഫ് ഓര്‍ത്തോപീഡിക് സര്‍ജന്‍ ചെറിയാന്‍ എം.തോമസ് റോഡ് സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.