ശ്രീനഗര്‍: സൈനികനെ വധിച്ച തീവ്രവാദികളോട് പ്രതികാരം ചെയ്യാന്‍ ഗള്‍ഫിലെ ജോലി ഉപേക്ഷിച്ചെത്തിയത് ബന്ധുക്കളും സുഹൃത്തുക്കളുമായ 50 പേര്‍. പൊലീസിലും സൈന്യത്തിലും ജോലി നേടി തങ്ങളുടെ പ്രിയപ്പെട്ടവന്റെ മരണത്തിന് പ്രതികാരം ചെയ്യാന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ. ജൂണ്‍ 14ന് പുല്‍വാമയില്‍ തീവ്രവാദികള്‍ വധിച്ച ഔറംഗസേബെന്ന സൈനികന്റെ മരണത്തിന് പ്രതികാരം ചെയ്യാനാണ് ഇവര്‍ വിദേശ ജോലി ഉപേക്ഷിച്ചെത്തിയത്.
കശ്മീര്‍ റൈഫിള്‍ ബറ്റാലിയന്‍ സൈനികനായിരുന്നു ഔറംഗസേബ്. സൗദിയിലെ മികച്ച ജോലിയും വരുമാനവും ഉപേക്ഷിച്ചാണ് ഇവര്‍ തിരിച്ചെത്തിയത്. ഔറംഗസേബിന്റെ മരണവാര്‍ത്തയറിഞ്ഞയുടന്‍ ഒന്നിച്ചു ജോലി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയിരുന്നെന്ന് ഇവര്‍ പറഞ്ഞു.
കൂട്ടത്തില്‍ പലര്‍ക്കും എളുപ്പത്തില്‍ ജോലി വിട്ടുവരാന്‍ സാധിക്കുമായിരുന്നില്ല. പക്ഷെ ഔറംഗസേബിന് വേണ്ടി അത് ചെയ്യുകയായിരുന്നു. തങ്ങളുടെ ഇനിയുള്ള ലക്ഷ്യം ഔറംഗസേബിന്റെ മരണത്തിന് പകരം വീട്ടുക മാത്രമാണെന്ന് സുഹൃത്ത് മുഹമ്മദ് കിരാമത് പറഞ്ഞു. ഔറംഗസേബിന്റെ വീട്ടില്‍ അവരെത്തുകയും ഔറംഗസേബിനായി പ്രാര്‍ഥന നടത്തുകയും ചെയ്തു. ജൂണ്‍ 14ന് ഈദ് ആഘോഷത്തിനായി വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഔറംഗസേബിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു.