ശാലിനി
(ഡി.ഐ.എച്ച് സ്‌പെഷ്യൽ )
ചെന്നൈ : അനന്തരാവകാശികള്‍ ഇല്ലാതെ അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ കോടിക്കണക്കിനു രൂപവിലമതിക്കുന്ന പയസ് ഗാര്‍ഡനിലെ വേദനിലയം ബംഗ്ലാവിനെ കുറിച്ച് പല ഊഹാപോഹങ്ങളും തമിഴകത്ത് പുകയുന്നു. എന്നാല്‍ വേദ നിലയം ബംഗ്ലാവ് സ്മാരകമാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നീക്കം നടത്തുന്നു എന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ചെന്നൈ ജില്ലാ കളക്ടറും സര്‍വൈലന്‍സ് ഓഫീസറും ഇന്നലെ വേദ നിലയം ബംഗ്ലാവിലെത്തി. കഴിഞ്ഞ ആഗസ്ത് മുതല്‍തന്നെ വേദനിലയം സ്മാരകമാക്കി മാറ്റാന്‍ തമിഴ്നാട് സര്‍ക്കാര്‍ ആലോചിച്ചിരുന്നു. ജയലളിത വില്‍പത്രം എഴുതിയിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ ആ വില്‍പത്രം എവിടെ എന്നുമുള്ള ചോദ്യങ്ങള്‍ ബാക്കിനില്‍ക്കുന്നതാണ് സ്വത്തുക്കളുടെ കാര്യം തീരുമാനമാകാന്‍ കാലതാമസമെടുകുന്നത്. എന്നിരുന്നാലും ജയലളിതയുടെ അനന്തിരവള്‍ ദീപ താനും സഹോദരനും മാത്രമാണ് സ്വത്തുക്കളുടെ അവകാശി എന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിരിക്കുകയാണ്.
തന്റെ അച്ഛന്റെ അമ്മ വേദവല്ലി എന്ന സന്ധ്യ ചെന്നൈയിലും തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളിലും ധാരാളം സ്വത്ത് വകകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട് എന്നും 1971 ല്‍ അമ്മൂമ്മ മരിക്കുമ്പോള്‍ തന്റെ അച്ഛന്‍ ജയകുമാറും അച്ഛന്റെ സഹോദരി ജയലളിതയും മാത്രമാണ് ആ സ്വത്തുക്കളുടെ അനന്തരാവകാശികളായി ഉണ്ടായിരുന്നത് എന്നും ആ നിലക്ക് ജയലളിതയുടെ സ്വത്തില്‍ തനിക്കും തന്‍റെ സഹോദരനുമാണ് അവകാശമെന്നും ദീപ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. കൂടാതെ തന്റെ അമ്മൂമ്മയുടെ മരണശേഷം അച്ഛന്‍ വിവാഹിതനാകുകയും ഭാര്യക്കും മക്കള്‍ക്കും സഹോദരിയായ ജയലളിതക്കും ഒപ്പം ഏറെ കാലം കൂട്ടുകുടുംബമായി കഴിഞ്ഞിരുന്നു എന്നും ദീപ പറയുന്നു. ജയലളിതയുമായി നല്ല ബന്ധം തുടര്‍ന്ന് വന്നിരുന്നുവെന്നും ജോലി,പഠനം തുടങ്ങിയ ചില സൌകര്യങ്ങള്‍ക്ക് വേണ്ടിയാണ് തന്റെ കുടുംബം ഇപ്പോഴത്തെ ടി നഗറിലെ വീട്ടിലേക്കു താമസം മാറിയത് എന്നും ദീപ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്ഷം ജയലളിത അന്തരിക്കുമ്പോള്‍ താനും തന്റെ സഹോദരനും മാത്രമാണ് നിയമപ്രകാരമുള്ള അവകാശികളായിഉണ്ടായിരുന്നതെന്നും പയസ് ഗാര്‍ഡനിലെ വേദനിലയം ബംഗ്ലാവ് ഉള്‍പ്പെടെ എല്ലാ സ്വത്തുക്കള്‍ക്കും പിന്തുടര്‍ച്ചാവകാശികള്‍ തങ്ങളാണെന്നും ദീപ വാദിക്കുന്നു. ദീപയുടെ ഈ വാദം കോടതിയുടെ സമക്ഷം എത്തുമ്പോള്‍ ആണ് വേദനിലയം സ്മാരകമാക്കാനുള്ള സര്‍ക്കാര്‍ നീക്കം എന്നത് ശ്രദ്ധേയമാണ്.