അമ്മയെ എതിര്‍ത്താല്‍ രാഷ്ട്രീയത്തില്‍ തുടരാന്‍ സാധിക്കില്ല; പരാതി പറയാന്‍ ചെന്ന തന്നെ ജയലളിത തല്ലിയെന്ന് എംപി

jayalalitha

ദില്ലി: തമിഴ്‌നാട്ടിലെ അമ്മയെ എതിര്‍ത്താല്‍ രാഷ്ട്രീയത്തില്‍ തുടരാന്‍ സാധിക്കില്ലെന്ന അവസ്ഥയാണ്. ആ ഭയം ഉള്ളില്‍ ഉള്ളതുകൊണ്ടാവാം വനിതാ എംപി കരഞ്ഞുകൊണ്ട് പാര്‍ലമെന്റിലെത്തിയത്. തന്റെ സ്ഥാനം തെറിക്കുമെന്ന് ഉറപ്പിച്ച അണ്ണാ ഡിഎംകെയുടെ രാജ്യസഭാ എംപി പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങളാണ് സൃഷ്ടിച്ചത്.

അമ്മ തല്ലിയെന്ന് പരാതി പറഞ്ഞ് കേന്ദ്രത്തിന്റെ സഹായം തേടുകയും ചെയ്തു എംപി ശശികല പുഷ്പ. തമിഴ്നാട്ടില്‍ ജീവനു ഭീഷണിയുണ്ട്, എംപി സ്ഥാനം രാജിവയ്ക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ സംരക്ഷണം തരണം, കരഞ്ഞു കൊണ്ടാണ് ശശികല സഭയില്‍ ഇങ്ങനെ പറഞ്ഞത്. അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജയലളിത തൊട്ടുപിന്നാലെ അവരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വനിതാ എംപിയെ നേതാവ് തന്നെ തല്ലിയാല്‍ പിന്നെ സ്ത്രീ സുരക്ഷ എവിടെ ? എന്നെ അവര്‍ പീഡിപ്പിക്കുകയാണ് നേതാവിന്റെ പേര് പറയാതെ ശശികല പുഷ്പ പൊട്ടിത്തെറിച്ചു. തനിക്കു രാജ്യത്തെ സേവിക്കണമെന്നു പറയുക വഴി രാജിയില്ലെന്നും അവര്‍ ധ്വനിപ്പിച്ചു. കഴിഞ്ഞദിവസം ഡല്‍ഹി വിമാനത്താവളത്തില്‍ ഡിഎംകെയുടെ രാജ്യസഭാ എംപി തിരുച്ചി ശിവയെ ശശികല പരസ്യമായി തല്ലിയതു വിവാദമായിരുന്നു. ജയലളിതയെ വിമര്‍ശിച്ചതിന്റെ ദേഷ്യത്തിലാണു തല്ലിയതെന്ന വിശദീകരണവുമായി ശശികല ഞായറാഴ്ച ‘അമ്മ’യെ കണ്ടെങ്കിലും ഫലമുണ്ടായില്ല. രാജിവയ്ക്കാനായിരുന്നു നിര്‍ദ്ദേശം. ഇതെ തുടര്‍ന്നായിരുന്നു ഇന്നലെ രാജ്യസഭയിലെ രംഗങ്ങള്‍. പരാതി പറയാന്‍ ചെന്ന തന്നെ തല്ലിയത് ആരാണെന്നു പറഞ്ഞില്ലെങ്കിലും ‘നേതാവിന് എംപിയെ തല്ലാമോ’ എന്ന ചോദ്യത്തില്‍ എല്ലാം വ്യക്തം!

50677_1470108567

ശിവയും ശശികലയും അടുപ്പത്തിലാണെന്ന മട്ടില്‍ സമൂഹമാദ്ധ്യമങ്ങളില്‍ നേരത്തെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. രണ്ടു മാസമായി തന്നെ രാജിവയ്ക്കാന്‍ നിര്‍ബന്ധിക്കുകയാണെന്നും ശശികല പിന്നീടു മാദ്ധ്യമങ്ങളോടു പറഞ്ഞു. ജയലളിതയാണോ ഇതിനു പിന്നിലെന്നുള്ള ചോദ്യത്തിന് ‘അതെ’ എന്ന മട്ടിലായിരുന്നു മറുപടി.

നടുത്തളത്തിലിറങ്ങി സങ്കടം പറഞ്ഞ ശശികലയെ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ ഇരിപ്പിടത്തിലേക്കു മടക്കിയയച്ചു. തല്ലിന്റെ കാര്യം പറഞ്ഞു തുടങ്ങിയപ്പോഴേ പരാമര്‍ശങ്ങള്‍ രേഖയില്‍ നീക്കണമെന്ന് അണ്ണാ ഡിഎംകെയിലെ എ.നവനീതകൃഷ്ണന്‍ ആവശ്യപ്പെട്ടു. പരാതിയുണ്ടെങ്കില്‍ സഭാധ്യക്ഷനെ സമീപിക്കണമെന്ന് ഉപാധ്യക്ഷന്‍ നിര്‍ദേശിച്ചപ്പോള്‍ ശശികല ചോദിച്ചു: ”നേതാവിന് എംപിയെ തല്ലാമോ?” സഭയില്‍ തന്റെ ഭാഗം പറയാന്‍ സാധിക്കാത്ത വ്യക്തിയെ ഇവിടെ പരാമര്‍ശിക്കരുതെന്നായിരുന്നു മറുപടി.

പിന്തുണയുമായി പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും കോണ്‍ഗ്രസ് ഉപനേതാവ് ആനന്ദ് ശര്‍മയും സമാജ്വാദി പാര്‍ട്ടിയിലെ നരേഷ് അഗര്‍വാളും എഴുന്നേറ്റു. സഭയുടെ അന്തസ്സിനു യോജിച്ചതല്ല ചര്‍ച്ചയെന്നും പാര്‍ലമെന്റിന് അപമാനകരമായ സംഭവങ്ങളാണുണ്ടായതെന്നും പറഞ്ഞ മന്ത്രി എം.വെങ്കയ്യ നായിഡുവും സുരക്ഷ ആവശ്യമെങ്കില്‍ ശശികല സഭാധ്യക്ഷനെ സമീപിക്കണമെന്ന് ഉപദേശിച്ചു. സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കുമെന്ന് ഉപാധ്യക്ഷന്‍ വ്യക്തമാക്കുകയും ചെയ്തു.

Top