തിരുവനന്തപുരം: യുഡിഎഫ് മുന്നണി വിട്ടു വന്ന വീരേന്ദ്രകുമാറിനെ ഇടുതമുന്നണിയില്‍ എടുക്കുന്നതിന്മുന്നേ രാജ്യസഭാ സീറ്റ് നല്‍കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മുന്നണി നേതൃയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. തത്കാലം വീരേന്ദ്രകുമാര്‍ വിഭാഗത്തെ മുന്നണിയുമായി സഹകരിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി. വീരേന്ദ്രകുമാറിന്റെ രാജിയെത്തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റ് ജെഡിയുവിന് തന്നെ നല്‍കാനും ധാരണയായി.
ജെഡിയു (ശരദ് യാദവ് വിഭാഗം) വിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനം പിന്നീട് എടുക്കും. ഉപതെരഞ്ഞെടുപ്പ് ആസന്നമായ ചെങ്ങന്നൂരില്‍ മാര്‍ച്ച് 20 ന് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്താനും യോഗത്തില്‍ തീരുമാനമായി.
മാര്‍ച്ച് 23 നാണ് കേരളത്തിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യസഭാ സീറ്റ് സംബന്ധിച്ച് തീരുമാനം എടുക്കാനായിരുന്നു പ്രധാനമായും ഇന്ന് എല്‍ഡിഎഫ് യോഗം ചേര്‍ന്നത്.
ജെഡിയു (ശരദ് യാദവ് വിഭാഗം) വിനെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വീരേന്ദ്രകുമാര്‍ കഴിഞ്ഞ ദിവസം സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്ത് നല്‍കിയിരുന്നു. ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യം ഉണ്ടെന്നും അതിന് അവസരം നല്‍കണമെന്നും അടുത്തിടെ പിണറായി വിജയന്‍ കൂടി ഉള്‍പ്പെട്ട സദസില്‍ വെച്ച് വീരേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടിരുന്നു.
2017 ഡിസംബര്‍ 20 നാണ് വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചത്. തുടര്‍ന്ന് 2018 ജനുവരി 12 ന് അദ്ദേഹം യുഡിഎഫ് വിട്ടു.