ജെസ്‌നയെയും കാമുകനെയും കണ്ടെന്ന് പറഞ്ഞവര്‍ കൈമലര്‍ത്തി; ആ വാര്‍ത്തയ്ക്ക് പിന്നാലെ പോയ പോലീസ് കണ്ടത്

ജെസ്‌ന മരിയ ജയിംസിനെ (20) ബംഗളൂരുവിലെ വ്യവസായ നഗരിയായ ജെഗിനിയില്‍ കണ്ടതായി സമൂഹമാധ്യമങ്ങളിലും ചില പത്രങ്ങളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്നു ക്രൈം ബ്രാഞ്ച്. ജെസ്‌ന ജെഗിനിയില്‍ അന്യമതസ്ഥനായ സുഹൃത്തിനൊപ്പം കഴിയുന്നുണ്ടെന്നും വൈകാതെ കേരളത്തിലെത്തുമെന്നും വ്യാജ വീഡിയോ ചിത്രത്തോടെ ചില സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതനുസരിച്ച് ജെഗിനിയില്‍ ക്രൈം ബ്രാഞ്ച് ടീം കഴിഞ്ഞയാഴ്ച അന്വേഷണം നടത്തിയെങ്കിലും ജെസ്‌ന ബംഗളൂരുവില്‍ കഴിയുന്നതായ വാര്‍ത്ത വ്യാജമാണെന്നു തെളിഞ്ഞു. ജെസ്‌ന അവിടെ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയാണെന്നും പല്ലിലെ കമ്പി മാറ്റി തിരിച്ചറിയാനാവാത്ത വിധം വേഷമണിഞ്ഞാണ് യാത്രയെന്നും വാര്‍ത്ത പ്രചരിച്ചിരുന്നു. ജെഗിനിയില്‍ വ്യാപാരിയായ ഒരു മലയാളി ജെസ്‌നയെ തിരിച്ചറിഞ്ഞതായും പ്രചാരണമുണ്ടായി.

ഒരു യുവാവിനൊപ്പം ജീന്‍സും ഷര്‍ട്ടും ധരിച്ച് ഷാള്‍ കഴുത്തില്‍ ചുറ്റി ജെസ്‌ന നടന്നു നീങ്ങുന്നതായി വീഡിയോയില്‍ കാണുന്ന സ്ഥലം ജെഗിനിയിലില്ലെന്നും ഇത് ജെസ്‌നയല്ലെന്നും സ്ഥിരീകരിച്ചു. ബംഗളൂരുവിനു 20 കിലോമീറ്റര്‍ അകലെ ഗ്രാനൈറ്റ് പോളീഷിനു പ്രസിദ്ധമായ ജെഗിനിയില്‍ മലയാളികളുടെ നിരവധി കടകളുണ്ട്. ഇവരില്‍ ഒട്ടേറെപ്പേരെ പോലീസ് വീഡിയോ കാണിച്ചു. മലയാളികളുടെ വാട്‌സ്ആപ് കൂട്ടായ്മകളിലും ഈ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ആരും ജെസ്‌നയെ കണ്ടതായി സൂചന നല്‍കിയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജെസ്‌ന സുരക്ഷിതയായി ബംഗളൂരുവിലുള്ളതായി കര്‍ണാടക പോലീസ് കേരള പോലീസിനെ അറിയിച്ചതായുള്ള വാര്‍ത്തകളും അടിസ്ഥാനരഹിതമാണ്. ഇത്തരത്തില്‍ യാതൊരു സൂചനയുമില്ലെന്നു തിരോധാനം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. മുക്കൂട്ടുതറ കുന്നത്തു ജയിംസിന്റെ മകളും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജ് ബികോം വിദ്യാര്‍ഥിനിയുമായ ജെസ്‌ന മരിയ ജയിംസിനെ 2018 മാര്‍ച്ച് 21നാണു കാണാതായത്. രാവിലെ ഒന്‍പതിന് ബന്ധുവീട്ടിലേക്ക് എന്നു പറഞ്ഞു യാത്ര പുറപ്പെട്ട ജെസ്‌നയെക്കുറിച്ച് ഇനിയും സൂചന ലഭിച്ചിട്ടില്ല.

Top