ജെസ്‌നയെ കാണാതായിട്ട് ഒരു വര്‍ഷം; എങ്ങുമെത്താതെ അന്വേഷണം; കേസ് അവസാനിപ്പിക്കാന്‍ ആലോചിച്ച് പൊലീസ്

രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന വെച്ചൂച്ചിറ മുക്കൂട്ട് തറയിലെ ജെസ്‌ന മരിയാ ജെയിംസിനെ കാണാതായിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. നിരവധി പൊലീസ് സംഘങ്ങള്‍ കൈമാറി അന്വേഷണം നടത്തിയിട്ടും ജെസ്‌നയെ കണ്ടെത്താനായില്ല. വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ പിതാവും ജയിംസും സഹോദരനും സഹോദരിയും കാത്തിരിപ്പിലാണ് പ്രതീക്ഷയോടെ. കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്‌ന ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു 2018 മാര്‍ച്ച് 22ന് വീട്ടില്‍ നിന്ന് ഇറങ്ങിയത്. എരുമേലി വരെ ബസില്‍ പോയതിനും തെളിവുണ്ട്. പിന്നീട് ജസ്‌നയെ ആരും കണ്ടിട്ടില്ല. വെച്ചൂച്ചിറ പോലീസ് ആദ്യം അന്വേഷിച്ചു.

പിന്നീട് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും അന്വേഷണം നടത്തി. വീടിന് സമീപത്തും വനങ്ങളിലുമെല്ലാം തിരച്ചില്‍ നടത്തി. ബംഗളൂരു, പൂണെ, മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ ജസ്‌നയെ കണ്ടെന്ന രീതിയിലുള്ള വിവരങ്ങള്‍ വന്നതിനെ തുടര്‍ന്ന് ഇവിടങ്ങളിലൊക്കെ ആഴ്ചകളോളം അന്വേഷണം നടന്നു. വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം പാരിതോഷികം ഉള്‍പ്പെടെ പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല. ലക്ഷക്കണക്കിന് മൊബൈല്‍ഫോണ്‍ കോളുകള്‍ പരിശോധിച്ചു. ജെസ്‌നയുമായി സൗഹൃദമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ നിരവധി തവണ ചോദ്യം ചെയ്തു. അന്വേഷണത്തില്‍ തുമ്പ് കണ്ടെത്താതെ വന്നതിനെ തുര്‍ന്ന് കഴിഞ്ഞ സെപ്തംബറില്‍ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചു. നിരന്തര സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയിട്ടും അന്വേഷണം മാത്രം എങ്ങുമെത്തിയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നതിനാല്‍ കുടുംബം വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ്. കാണാതായ ഒരാള്‍ക്ക് വേണ്ടി ഇത്രയും വിപുലമായ അന്വേഷണം നടത്തിയിട്ടും തുമ്പുണ്ടാക്കാനാകാതെ ഇരുട്ടില്‍ തപ്പുകയാണ് ഇപ്പോഴും പോലീസ്.

Top