പത്തനംതിട്ട: മുക്കൂട്ടുത്തറയില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്‌നയെ കണ്ടെത്താനുള്ള നീക്കം പോലീസ് ത്വരിതപ്പെടുത്തി. കേസന്വേഷണത്തില്‍ നിര്‍ണായകമെന്ന് തോന്നുന്ന ചില മൊഴികള്‍ പോലീസിന് ലഭിച്ചു. ജസ്‌നയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പിന്നെ വിദ്യാര്‍ഥിനിക്ക് എന്ത് സംഭവിച്ചുവെന്ന ചോദ്യമാണ് ഉയരുന്നത്. അതിനിടെയാണ്് സംശയാസ്പദമായസാഹചര്യത്തില്‍ ബന്ധുക്കളെ കണ്ടെന്ന മൊഴികള്‍ പോലീസിന് ലഭിച്ചിരിക്കുന്നത്.
വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസ് സ്ഥാപിച്ച പെട്ടികളിലും ബന്ധുക്കളെ ബന്ധിപ്പിച്ചുള്ള വിവരങ്ങളാണുള്ളത്. ജസ്‌നയുടെ മൊബൈലിലെ വിവരങ്ങള്‍ പോലീസ് വീണ്ടെടുത്തു. ആയിരത്തോളം തവണ ജസ്‌നയെ വിളിച്ച യുവാവിനെ പറ്റിയുള്ള വിവരങ്ങളും പോലീസ് ശേഖരിച്ചു. വന്‍ സമ്മര്‍ദ്ദമുയര്‍ന്ന സാഹചര്യത്തില്‍ പോലീസ് ഉടന്‍ തന്നെ നിര്‍ണായക നീക്കം നടത്തുന്നുമെന്നാണ് സൂചനകള്‍. കേസ് അന്വേഷണത്തിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ. കേസ് അന്വേഷണത്തില്‍ പോലീസ് അമാന്തം കാണിക്കുന്നുവെന്ന ആരോപണം പ്രാദേശിക തലത്തില്‍ ശക്തമാണ്.
വെച്ചൂച്ചിറ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയെയും ഡിജിപിയെയും കണ്ടപ്പോള്‍ ഉന്നയിച്ച ആക്ഷേപവും ഇതുതന്നെയാണ്. നിര്‍ണായകമായ പല മൊഴികളും പോലീസ് ഗൗരവത്തിലെടുത്തില്ലെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തില്‍ ലഭ്യമായ എല്ലാ തെളിവുകളും മൊഴികളും പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചു. വിവരശേഖരണത്തിന്റെ ഭാഗമായി സ്ഥാപിച്ച 12 പെട്ടികളില്‍ നാല് പെട്ടികളിലാണ് കൂടുതല്‍ കത്തുകള്‍ കിട്ടിയത്. പല കത്തിലും സംശയങ്ങള്‍ മാത്രമാണ് എഴുതിയിട്ടിരിക്കുന്നത്. എന്നാല്‍ ചില കുറിപ്പുകള്‍ നിര്‍ണായകമാണ്.
ജസ്‌നയുമായി ബന്ധമുണ്ടെന്ന് പറയുന്ന യുവാവിനെയും ബന്ധുക്കളെയും ബന്ധിപ്പിച്ചാണ് മിക്ക കുറിപ്പുകളും. ജസ്‌നയുടെ ഫോണ്‍ രേഖകള്‍ പോലീസ് സാങ്കേതിക പരിശോധനയിലൂടെ വീണ്ടെടുത്തു. യുവാവ് ആയിരത്തോളം തവണ ജസ്‌നയെ വിളിച്ചിരുന്നുവെന്ന് പോലീസിന് നേരത്തെ ചില സംശയങ്ങളുണ്ടായിരുന്നു.
ഈ യുവാവിന് തന്നെയാണ് മരിക്കാന്‍ പോകുന്നുവെന്ന് സൂചിപ്പിച്ച് ജസ്‌ന എസ്എംഎസ് അയച്ചത്.
യുവാവിനെ പറ്റി കൂടുതല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചിലപ്പോള്‍ ഇയാളെ നുണപരിശോധനയ്ക്ക് വിധേയനാക്കിയേക്കും. ഇതിന് കോടതിയുടെ അനുമതി ആവശ്യമാണ്. ബന്ധുക്കളെ കുറിച്ചും പല കോണുകളില്‍ നിന്ന് സംശയകരമായ തരത്തില്‍ ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
കാണാതായ ദിവസം മുക്കൂട്ടുതറയില്‍ നിന്ന് ജസ്‌ന ബസ് കയറുമ്പോള്‍ ബന്ധു കാറില്‍ ബസിന് പിന്നാലെ യാത്ര ചെയ്തിരുന്നുവെന്നാണ് ഒരു മൊഴി.
മറ്റൊരു ബന്ധുവാണ് ഈ മൊഴി നല്‍കിയത്. ജസ്‌നയെ കണ്ടെത്താന്‍ പോലീസ് വനത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. ജസ്‌നയെ കാണാതായ ദിവസം വനമേഖലയില്‍ ബന്ധുവിനെ കണ്ടുവെന്നും മൊഴി ലഭിച്ചിട്ടുണ്ട്.
എന്നാല്‍ ലഭ്യമായ എല്ലാ മൊഴികളും പോലീസ് കാര്യമായി എടുത്തില്ലെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആക്ഷേപം. രണ്ടാഴ്ചക്കകം കേസില്‍ നിര്‍ണായകമായ ചില മാറ്റങ്ങള്‍ സംഭവിക്കുമെന്ന് പോലീസ് ഓഫീസര്‍മാര്‍ പറയുന്നു.
ജസ്‌നയുടെ വീട്ടില്‍ നിന്ന് ലഭിച്ച രക്തക്കറയുള്ള വസ്ത്രം സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്. ജസ്‌നയുടെ ഫോണിലെ കോള്‍ വിവരങ്ങളും സന്ദേശങ്ങളുമാണ് പോലീസ് വീണ്ടെടുത്തിരിക്കുന്നത്. ഇതില്‍ കേസില്‍ തുമ്പാകുന്ന ചില വിവരങ്ങളുണ്ടെന്ന് സൂചനയുണ്ട്. പോലീസ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. അന്വേഷിച്ച് വരികയാണെന്ന് മാത്രമാണ് പോലീസ് പുറത്തുവിടുന്ന വിവരം. അതിനിടെ ജസ്‌നയുടെ പിതാവിന്റെ നിര്‍മാണ കമ്പനി നിര്‍മിക്കുന്ന മുണ്ടക്കയത്തെ വീട്ടില്‍ പോലീസ് പരിശോധനനടത്തി. സംശയിക്കുന്ന ഒന്നും ലഭിച്ചില്ലെന്നാണ് പോവീസ് പറയുന്നത്. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് സഹോദരന്‍ ജെയ്‌സ് ജോണ്‍ ജെയ്‌സും കെഎസ്‌യു അധ്യക്ഷന്‍ കെഎം അഭിജിത്തും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.