ജെസ്‌ന എവിടെ എന്നറിയാൻ വീണ്ടും സിബിഐ !!ലോഡ്‍ജ് ജീവനക്കാരിയുടെ മൊഴി നിര്‍ണാകം. ലോഡ്ജിലെ ജീവനക്കാരിയെ നുണപരിശോധനയ്ക്ക് സിബിഐ

കൊച്ചി :ജെസ്ന മരിയ ജയിംസിനോടു സാദൃശ്യമുള്ള പെൺകുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജിൽ കണ്ടെന്നു വെളിപ്പെടുത്തിയ മുൻ ജീവനക്കാരിയെ നുണപരിശോധനയ്ക്കു വിധേയയാക്കാൻ സിബിഐ തീരുമാനം.
ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കാഞ്ഞിരപ്പള്ളി സെന്റ്‌ഡൊമനിക് കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയും കൊല്ലമുള, കുന്നത്ത് വീട്ടില്‍ ജെയിംസിന്റെ മകളുമായ ജെസ്‌നയെ കാണാതാകുന്നത്. മുണ്ടക്കയം പുഞ്ചവയലിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞിറങ്ങിയ ജെസ്ന എവിടെയാണെന്നത് ഒരു ചോദ്യമായിത്തന്നെ ഇപ്പോഴും ബാക്കിയാണ്. ഇക്കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടയില്‍ ജെസ്നയെ പലയിടങ്ങളില്‍ വച്ച് കണ്ടുവെന്ന മൊഴികളുടെയും വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തില്‍ പല അന്വേഷണങ്ങളും നടന്നിരുന്നു. പക്ഷേ ഒരു വിവരവും ലഭിച്ചില്ല.

ആവശ്യമെങ്കിൽ ലോഡ്ജ് ഉടമയെയും നുണപരിശോധനയ്ക്കു വിധേയനാക്കും. മുൻ ജീവനക്കാരിയുടെ മൊഴി സിബിഐ ഇൻസ്പെക്ടർ നിപുൺ ശങ്കറിന്റെ നേതൃത്വത്തിൽ രേഖപ്പെടുത്തി. ലോഡ്ജ് ഉടമയുടെ മൊഴി ചൊവ്വാഴ്ച എടുത്തിരുന്നു. മുൻ ജീവനക്കാരിയും ലോഡ്ജ് ഉടമയും പറഞ്ഞ കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്നും വെളിപ്പെടുത്തലുകൾ മുൻപും ഉണ്ടായിട്ടുള്ളതിനാൽ ഏതു ചെറിയ വിവരവും സത്യമാണോ എന്നു കണ്ടെത്താനാണു ശ്രമമെന്നും ഇൻസ്പെക്ടർ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2018 മാര്‍ച്ച് 22നാണ് ജെസ്നയെ കാണാതാകുന്നത്. മുണ്ടക്കയം പുഞ്ചവയലിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞാണ് ജെസ്‌ന വീട്ടില്‍നിന്ന് ഇറങ്ങിയത്. അതിന് ശേഷം പിന്നീട് ഇതുവരെ ജെസ്‌നയെ ആരും കണ്ടിട്ടില്ല. കാണാതായ അന്ന് വൈകിട്ടുതന്നെ ജെസ്‌നയുടെ വീട്ടുകാര്‍ വെച്ചൂച്ചിറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് വീട്ടുകാരെയും നാട്ടുകാരെയും സഹപാഠികളെയുമെല്ലാം ചോദ്യം ചെയ്തു. പുഞ്ചവയലിലേക്കുളള വഴിയില്‍ കണ്ണിമലയിലെ ഒരു ബാങ്കിന്റെ സിസിടിവി ദൃശ്യങ്ങളില്‍ സ്വകാര്യബസിലിരിക്കുന്ന ജെസ്നയുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് പോലീസ് ഊര്‍ജ്ജിതമായ തിരച്ചില്‍ നടത്തിയെങ്കിലും തുമ്പുകളൊന്നും ലഭിച്ചില്ല.

ജെസ്നയെ ബംഗളൂരുവില്‍ ആണ്‍സുഹൃത്തിനൊപ്പം കണ്ടുവെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ആദ്യം ഉണ്ടാകുന്നത്. മഡിവാളയില്‍ വച്ച് ഇവരെ കണ്ടെന്ന് പാല സ്വദേശിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. തുടര്‍ന്ന് പോലീസ് ആ വഴിക്ക് അന്വേഷണം നടത്തി. ബംഗളൂരുവില്‍ നിന്ന് മൈസൂരിലേക്ക് ഇവര്‍ കടന്നെന്ന് കരുതി പിന്നീടുള്ള അന്വേഷണം ആ വഴിക്കായി. എന്നാല്‍ അതൊന്നും ജെസ്‌ന ആയിരുന്നില്ല എന്ന് തെളിയുകയും ചെയ്തു. താന്‍ കണ്ടത് ജെസ്നയെത്തന്നെയാണെന്ന് പാലാ സ്വദേശി ഉറപ്പിച്ച് പറഞ്ഞെങ്കിലും പോലീസ് പരിശോധിച്ച സിസിടിവി ദൃശ്യങ്ങളില്‍ അത് ജെസ്നയല്ലെന്ന് തെളിയുകയായിരുന്നു. പിന്നീടും പലരും ജെസ്നയെ പലയിടങ്ങളില്‍വച്ച് കണ്ടുവെന്ന് അവകാശപ്പെട്ടെങ്കിലും ഒരു അന്വേഷണവും ഫലം കണ്ടില്ല.

താൻ കണ്ടത് സിബിഐയെ അറിയിച്ചിട്ടുണ്ടെന്നും ലോഡ്ജ് ഉടമ തന്നെപ്പറ്റി അപവാദ പ്രചാരണം നടത്തിയതോടെയാണു ജെസ്നയെപ്പോലെ ഒരു പെൺകുട്ടിയെ കണ്ട കാര്യം വീണ്ടും പറഞ്ഞതെന്നും ലോ‍ഡ്ജിലെ മുൻ ജീവനക്കാരി പറഞ്ഞു. ബികോം രണ്ടാം വർഷ വിദ്യാർഥിനിയായിരുന്ന ജെസ്നയെ പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ കൊല്ലമുളയിലെ വീട്ടിൽ നിന്ന് 2018 മാർച്ച് 22ന് ആണു കാണാതായത്.

പറഞ്ഞത് നുണയോ? അറിയാൻ 3 വഴികൾ പറയുന്നതു സത്യമോ കള്ളമോ എന്നറിയാൻ ശാസ്ത്രീയ സംവിധാനങ്ങളെ ആശ്രയിക്കുന്നതാണു നുണപരിശോധന. വ്യക്തിയുടെ പൂർണസമ്മതം ഉറപ്പിച്ചിട്ടേ നുണപരിശോധന നടത്താൻ അന്വേഷണ ഏജൻസികൾക്ക് അവകാശമുള്ളൂ. പ്രധാനമായും മൂന്നു പരിശോധനകളാണ് അതിലുള്ളത്.

പോളിഗ്രാഫ് ടെസ്റ്റ്: ചോദ്യം ചെയ്യലിനിടയിൽ ഉത്തരം പറയുന്നയാളുടെ ഹൃദയമിടിപ്പ്, രക്തസമ്മർദം, ശ്വസനത്തിന്റെ തോത് തുടങ്ങിയവ സെൻസറുകൾ ഉപയോഗിച്ച് അളക്കും. പറയുന്നതു കള്ളമാണെങ്കിൽ ഹൃദയമിടിപ്പിലും മറ്റും വരുന്ന വ്യതിയാനത്തിലൂടെ സത്യമല്ലെന്ന നിഗമനത്തിലെത്തും.

നാർകോ അനാലിസിസ്: ചോദ്യം ചെയ്യപ്പെടുന്ന ആളിന്റെ ശരീരത്തിലേക്ക് ഒരു മെഡിക്കൽ വിദഗ്ധൻ സോഡിയം പെന്റോഥാൽ അല്ലെങ്കിൽ സോഡിയം അമിഥാൽ എന്ന രാസവസ്തു കടത്തിവിടും. ഇതോടെ ആൾക്കു ചിന്തിച്ചു കള്ളം പറയാനും മാറ്റിപ്പറയാനുമുള്ള ശേഷി കുറയും.

ബ്രെയിൻ മാപ്പിങ്: മുഖത്തും കഴുത്തിലും സ്ഥാപിക്കുന്ന ഇലക്ട്രോഡുകൾ വഴി, ചോദ്യം ചെയ്യപ്പെടുന്ന വ്യക്തിയുടെ ന്യൂറൽ ഘടന വിലയിരുത്തുകയാണ് ഇതി‍ൽ ചെയ്യുന്നത്. ബ്രെയിൻ മാപ്പിങ്ങിനു വിധേയനാകുന്ന ഒരാൾ ഒരു വ്യക്തിയെ അറിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനോടു നേരത്തേ കള്ളം പറഞ്ഞെന്നിരിക്കട്ടെ. ബ്രെയിൻ മാപ്പിങ് സംവിധാനം ഘടിപ്പിച്ച ശേഷം അതേ വ്യക്തിയുടെ ചിത്രമോ ശബ്ദമോ കാണിക്കും. പറ‍ഞ്ഞതു കള്ളമായിരുന്നെങ്കിൽ ഇയാളുടെ ശരീരത്തിൽ വ്യത്യസ്തമായ ബ്രെയിൻവേവ് പ്രസരിക്കും. ഇതിലൂടെ ഇയാൾക്ക് ആ വ്യക്തിയെ അറിയാമെന്ന സൂചന ലഭിക്കും.

Top