റാഞ്ചി: ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ബി.ജെ.പിയില്‍ ഉള്‍പ്പോര് തുടങ്ങി.വലിയ വിജയം പ്രതീക്ഷിച്ച് ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പി തകര്‍ന്നടിയുന്ന കാഴ്ചയായിരുന്നു വോട്ടെണ്ണി തുടങ്ങിയപ്പോള്‍ കണ്ടത്.കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യവുമായെത്തിയ ബി.ജെ.പി യുടെ നിലയില്‍ മങ്ങലേല്‍ക്കുന്നതാണ് അവസാനമായി ഫലം വന്ന ജാര്‍ഖണ്ഡും മഹാരാഷ്ട്രയും കാണിക്കുന്നത്. മഹാരാഷ്ട്രയിലെ അധികാരം നഷ്ടമായ ക്ഷീണത്തില്‍ നില്‍ക്കുന്ന പാര്‍ട്ടിക്ക് ജാര്‍ഖണ്ഡും കൈവിടുന്നതോടെ ശക്തിമേഖലയായ ഹിന്ദി ബെല്‍റ്റിലെയും കരുത്തിന് ക്ഷതമേറ്റിരിക്കുകയാണ് ബി.ജെ.പിക്ക്.ബി.ജെ.പിയുടെ കൈയ്യിലായിരുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ അധികാര നഷ്ടം ഹിന്ദി ഹൃദയഭൂമിയിലേറ്റ പരാജയത്തിനപ്പുറം രാഷ്ട്രീയ ഭൂപടത്തിലും അവര്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
ദേശീയ പൗരത്വ പട്ടികയും പൗരത്വ ഭേദഗതി നിയമവും വോട്ടാകുമെന്ന് പ്രതീക്ഷിച്ച ബി.ജെ.പിക്ക് എന്നാല്‍ കാലിടറി. പ്രധാനമന്ത്രിയും ദേശീയ അധ്യക്ഷനും ഉള്‍പ്പെടെയുള്ളവര്‍ അണിനിരന്ന നിരവധി റാലികള്‍ സംസ്ഥാനത്ത് സംഘടിപ്പിച്ചിരുന്നെങ്കിലും ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്തുനിര്‍ത്താനായിരുന്നു ജാര്‍ഖണ്ഡ് ജനത തീരുമാനിച്ചത്. 25 സീറ്റില്‍ പാര്‍ട്ടി ഒതുങ്ങിയപ്പോള്‍ കൃത്യമായ കരുനീക്കവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട മഹാസഖ്യം പ്രതീക്ഷിച്ചതിലും വലിയ വിജയം നേടി.
മഹാരാഷ്ട്രയിലും ഹരിയാനയിലും പ്രതീക്ഷിച്ചതിലും താഴെയായിരുന്നു ബി.ജെ.പിയുടെ പ്രകടനം. മഹാരാഷ്ട്രയില്‍ ആകട്ടെ അധികാര വടംവലിയില്‍ സഖ്യകക്ഷിയായ ശിവസേനയേയും പിണക്കി.ജാര്‍ഖണ്ഡിലെ വോട്ട് വിഹിതത്തിലെ നേരിയ വ്യത്യാസമാണ് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഏക ആശ്വാസം ജെ.എം.എം-കോണ്‍ഗ്രസ്-ആര്‍.ജെ.ഡിക്ക് 35.25 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ബി.ജെ.പിക്ക് 33.5 ശതമാനം വോട്ടുകള്‍ ലഭിച്ചു. എന്നാല്‍ പോലും മുഖ്യമന്ത്രിയുടേയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റേയും മറ്റ് പ്രബല നേതാക്കളുടേയും തോല്‍വി ബി.ജെ.പിയെ സംബന്ധിച്ച് വലിയ ക്ഷീണമാണ്.
തെരഞ്ഞെടുപ്പിന് ഏതാനും നാളുകള്‍ക്ക് മുന്‍പ് മാത്രം പാര്‍ട്ടി വിട്ട സരയു റോയിയോടായിരുന്നു മുഖ്യമന്ത്രി രഘുബര്‍ദാസിന്റെ ദയനീയ തോല്‍വി. പാര്‍ട്ടി മേധാവി ലക്ഷ്മണ്‍ ഗിലുവ ചക്രധര്‍പൂരില്‍ തോറ്റപ്പോള്‍ സ്പീക്കര്‍ ദിനേശ് ഒറയോണിന് സിസായ് സീറ്റും നഷ്ടമായിരുന്നു.തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനുള്ളില്‍ തന്നെ ചില അസ്വാരസ്യങ്ങള്‍ ഉയര്‍ന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
തോല്‍വിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് റോളില്ലെന്നും പ്രാദേശിക പ്രശ്‌നങ്ങളാണ് തോല്‍വിക്ക് കാരണമെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം വാദിക്കുമ്പോള്‍ മോദിയെ മാത്രം ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ കാര്യമില്ലെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം. ലോക്‌സഭയില്‍ 303 സീറ്റുകള്‍ ആയതോടെ എല്ലാമായെന്ന തോന്നല്‍ നേതാക്കള്‍ക്കിടയില്‍ ഉണ്ടായെന്നും ഇത് പാര്‍ട്ടിക്ക് തിരിച്ചടി നല്‍കിയെന്നുമാണ് നേതാക്കള്‍ പറയുന്നത്.
”മോദിയുടെ പ്രശസ്തിയില്‍ ഇടിവുണ്ടായതായി തോന്നുന്നില്ല. എന്നാല്‍ മോദിയെ മാത്രം ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ല. വോട്ട് നേടിയെടുക്കാന്‍ കഴിയുന്ന പ്രാദേശിക നേതാക്കളെ കൂടി ആവശ്യമാണ്”- എന്നാണ് ബി.ജെ.പി കേന്ദ്ര പരിശീലന സമിതി അംഗം ആര്‍ ബാലശങ്കര്‍ പറഞ്ഞത്.
ബി.ജെ.പി ഭരിക്കുന്ന പ്രദേശങ്ങള്‍ പകുതിയായി ചുരുങ്ങിയിരിക്കുന്നു. ലോക്‌സഭയില്‍ മികച്ച മുന്നേറ്റമുണ്ടാക്കിയ പലയിടത്തും കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇതിനര്‍ത്ഥം പ്രധാനമന്ത്രിയുടെ ജനപ്രീതിയ്‌ക്കൊപ്പം നില്‍ക്കുന്ന പ്രാദേശിക നേതാക്കള്‍ ഉണ്ടാവുന്നില്ല എന്നത് തന്നെയാണ്. തങ്ങളുടെ നേതൃത്വത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന ഉറപ്പ് ജനങ്ങള്‍ക്ക് നല്‍കാനോ ജനങ്ങളെ ബോധ്യപ്പെടുത്താനോ അവര്‍ക്ക് സാധിക്കുന്നില്ല- അദ്ദേഹം പറഞ്ഞു.
അതേസമയം തന്നെ ടിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ടും പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്. കേന്ദ്രനേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് ഇതിലെല്ലാം നടന്നത്. മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം തിരിഞ്ഞു. അദ്ദേഹത്തിന്റെ ജനപ്രീതി നഷ്ടപ്പെട്ടെന്ന രീതിയിലുള്ള അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടായി.
ലോക്സഭയില്‍ 303 സീറ്റുകള്‍ നേടിയ ശേഷം പാര്‍ട്ടി മറ്റൊരു രീതിയിലേക്ക് മാറുകയായിരുന്നു. 303 എം.പിമാരും 303 റൈഫിളുകളായി മാറി എല്ലാവരേയും ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയുമായിരുന്നു. ആര്‍ട്ടിക്കിള്‍ 370, അയോദ്ധ്യ, സിഎ.എ എല്ലാം പാര്‍ട്ടി അവരുടെ വിജയങ്ങളായി കണ്ട് വീമ്പു പറഞ്ഞു. ഞങ്ങള്‍ മാത്രമാണ് ശരി എന്നതായിരുന്നു പാര്‍ട്ടിയുടെ നിലപാട്. പല പ്രതികരണങ്ങളിലും പാര്‍ട്ടി വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല – മറ്റൊരു നേതാവിന്റെ വാക്കുകളാണ് ഇത്.
മുഖ്യമന്ത്രി ഒരു ബാധ്യതയാണെന്ന് സംസ്ഥാന യൂണിറ്റ് നേരിട്ടും അല്ലാതെയും വ്യക്തമാക്കിയിരുന്നുവെങ്കിലും ഇത് ഒരിക്കലും നേതൃത്വം ഗൗരവമായി എടുത്തിരുന്നില്ല. ജാര്‍ഖണ്ഡില്‍ പാര്‍ട്ടിയുടെ ഭാവി ശോഭനമല്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ക്ക് തന്നെ അറിയാമായിരുന്നു- അദ്ദേഹം വിശദീകരിച്ചു.
”മുഖ്യമന്ത്രിയുടെ ജനപ്രീതിയെക്കുറിച്ച് ആഭ്യന്തര റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയെ അവസാന നിമിഷത്തില്‍ മാറ്റുന്നത് പാജയം സമ്മതിക്കുന്നതിന് തുല്യമാണെന്ന് നേതൃത്വത്തിന് തോന്നി”-പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു.
അതേസമയം സഖ്യകക്ഷികളെ ഒഴിവാക്കിക്കൊണ്ട് ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തീരുമാനവും പാര്‍ട്ടിക്ക് തിരിച്ചടിയായെന്നാണ് ബാലശങ്കര്‍ പറഞ്ഞത്. എ.ജെ.എസ്.യുവുമായി സഖ്യത്തില്‍ മത്സരിക്കാതിരുന്നത് വലിയ തിരിച്ചടിയായി. സഖ്യം വേണ്ടെന്ന തീരുമാനം വലിയ മണ്ടത്തരമായി എന്നാണ് അദ്ദേഹം വിശദീകരിച്ചത്.
റാഞ്ചിയില്‍ നിന്നുള്ള പാര്‍ട്ടി എം.പി സഞ്ജയ് സേഥിന്റെ വാക്കുകള്‍ ഇങ്ങനെ. ”ഇത് ഒരു തിരിച്ചടിയാണ്. എന്നാല്‍ ഞങ്ങള്‍ കഠിനാധ്വാനം ചെയ്തിരുന്നു. ഞങ്ങള്‍ക്ക് സഖ്യകക്ഷികളില്ലാത്തതുകൊണ്ട് തന്നെ ഞങ്ങളുടെ വോട്ടുകള്‍ ഭിന്നിച്ചു. പ്രതിപക്ഷമാവട്ടെ ഒന്നിക്കുകയും ചെയ്തു”.- സേഥ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
വര്‍ഗീയവാദത്തിനും ദേശീയവാദത്തിനുമപ്പുറത്തേക്ക് രാഷ്ട്രീയമായ നിലപാടുകളില്‍ ബി.ജെ.പി തകര്‍ന്നടിയുന്നതിന്റെ വ്യക്തമായ ചിത്രമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകള്‍ കാണിക്കുന്നത്.പ്രാദേശിക പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാത്തതാണ് ജാര്‍ഖണ്ഡിലെ തോല്‍വിക്ക് കാരണമെന്ന് തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ബി.ജെ.പി നേതൃത്വം തന്നെ വ്യക്തമാക്കിയിരുന്നു. 370ാം വകുപ്പ് എടുത്തു കളയല്‍, കശ്മീര്‍ വിഭജനം, രാമക്ഷേത്ര നിര്‍മ്മാണം, പൗരത്വ നിയമ ഭേദഗതി തുടങ്ങി ബിജെപിയുടെ ദീര്‍ഘകാല അജന്‍ഡകള്‍ പലതും നടപ്പിലായിട്ടും ഝാര്‍ഖണ്ഡില്‍ പരാജയം നേരിടേണ്ടി വന്നത് ബിജെപി മുക്ത ഇന്ത്യയെക്കുറിച്ച് ജനങ്ങള്‍ ആലോചിക്കുന്നതിന്റെ വ്യക്തമായ തെളിവാണ്.