ജിഷക്കേസ്: രമേശിനെ ഒതുക്കാൻ ഉമ്മൻചാണ്ടിയുടെ തന്ത്രം; ആരോപണവുമായി ഐ ഗ്രൂപ്പ്

സ്വന്തം ലേഖകൻ

കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിധ്യാർഥി ജിഷയുടെ ക്രൂരമായ കൊലപാതകം കോൺഗ്രസിൽ പുതിയ പോർമുഖം തുറക്കുന്നു. ജിഷയുടെ കേസ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് തെളിയാക്കാൻ ആവശ്യമായ തെളിവുകൾ കയ്യിൽക്കിട്ടിട്ടും പ്രതിയിലേയ്ക്കു എത്തിക്കാതിരുന്നത് അന്നത്തെ ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണെന്നു എ ഗ്രൂപ്പ് കു്റ്റപ്പെടുത്തുമ്പോൾ, ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ ഡിജിപി നടത്തിയ കള്ളക്കളിയാണ് കേസ് തെളിയാൻ വൈകിയതെന്നാണ് ഐ ഗ്രൂപ്പിന്റെ ആരോപണം.
ആഭ്യന്തരവകുപ്പ് രമേശിന് നൽകേണ്ടിവന്നതിൽ പ്രതിഷേധിച്ച് അദ്ദേഹത്തെ തറപറ്റിക്കാനുള്ള ഉമ്മൻചാണ്ടിയുടെ ഗൂഢനീക്കമായിരുന്നു ഈ വിഷയം യു.ഡി.എഫിന് തിരിച്ചടിയാക്കിയതെന്നാണ് ഐ ഗ്രൂപ്പിന്റെ വാദം. എന്നാൽ വാദപ്രതിവാദം നടത്തി വാങ്ങിയെടുത്തിട്ട് വകുപ്പ് നേരെ കൈകാര്യം ചെയ്യാൻ ശേഷിയില്ലാത്ത രമേശിന്റെ കഴിവുകേടാണ് ഇതിന് കാരണമെന്നാണ് എ ഗ്രൂപ്പ് തിരിച്ചടിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തങ്ങളുടെ ശാഠ്യത്തെത്തുടർന്ന് ആഭ്യന്തരവകുപ്പ് വിട്ടുകൊടുത്തുവെങ്കിലും അത് സ്വതന്ത്രമായി കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി സമ്മതിച്ചില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ വാദം. പോലീസിന്റെ തലപ്പത്ത് ഇഷ്ടക്കാരെ പ്രതിഷ്ഠിച്ച് രമേശ് ചെന്നിത്തലയെ ഒതുക്കാൻ ഉമ്മൻചാണ്ടി നടത്തിയ നീക്കമാണ് കോൺഗ്രസിനും യു.ഡി.എഫിനും വിനയായത്. രമേശ് ആഭ്യന്തരമന്ത്രിയായശേഷം നടത്തിയശേഷം പോലീസ് വകുപ്പിന്റെ തലപ്പത്ത് തനിക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന ഉദ്യോഗസ്ഥരെ നിയമിക്കാൻ ഉമ്മൻചാണ്ടി അനുവദിച്ചിരുന്നില്ലെന്നാണ് അവർ പറയുന്നത്. പ്രത്യേകിച്ച് ഡി.ജി.പിയായി സെൻകുമാറിനെ നിയമിക്കാനുള്ള തീരുമാനം പോലും അത്തരത്തിലുള്ളതായിരുന്നു.

രമേശിനെക്കാൾ ഉമ്മൻചാണ്ടിയോട് കൂറുപുലർത്തുന്ന വ്യക്തിയായിരുന്നു സെൻകുമാർ. ആഭ്യന്തരമന്ത്രിക്ക് പകരം എന്നും ഔദ്യോഗികകാര്യങ്ങൾ മുഖ്യമന്ത്രിക്കായിരുന്നു അദ്ദേഹം ബ്രീഫ് ചെയ്തുനൽകിയിരുന്നത്. ജിഷയുടെ കൊലപാതകം നടന്ന് സംഭവം വിവാദമായിട്ടും അവിടം ഒന്ന് സന്ദർശിക്കാൻ പോലും അന്നത്തെ ഡി.ജി.പിയായിരുന്ന സെൻകുമാർ തയാറായിരുന്നില്ല. ഒടുവിൽ രമേശ് സമ്മർദ്ദം ചെലുത്തിയശേഷമാണ് അദ്ദേഹം സംഭവസ്ഥലം സന്ദർശിച്ചത്. തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെക്കാളേറെ ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിച്ചത് എ ഗ്രൂപ്പായിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നതുകൊണ്ട് ഇതുപയോഗിച്ച് വീണ്ടും അധികാരത്തിൽ വന്നാൽ രമേശിനെ ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്നും ഒഴിവാക്കാമെന്നും കണക്കുകൂട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസിന്റെ തലപ്പത്തുള്ള സ്വാധീനമുപയോഗിച്ച് കേസിൽ മെല്ലപ്പോക്ക് തുടരാൻ തന്ത്രമൊരുക്കി. രമേശ് ചെന്നിത്തല ആ സ്ഥാനത്ത് എത്തിയശേഷം ഉമ്മൻചാണ്ടിയുടെ ഭാഗത്തുനിന്നുണ്ടായ ഓരോ നടപടികളും അത്തരത്തിലുള്ളതായിരുന്നു. ഉമ്മൻചാണ്ടിക്ക് ശേഷം സ്വാഭാവികമായി നേതൃസ്ഥാനത്ത് വരേണ്ടത് താനാണെന്നുള്ളതുകൊണ്ടാണ് രമേശ് മൗനംപാലിച്ചതെന്നും ഐ ഗ്രൂപ്പ് വ്യക്തമാക്കുന്നു. ഉമ്മൻചാണ്ടിയുടെ ഈ തന്ത്രം പൊളിഞ്ഞത് സുധീരൻ കെ.പി.സി.സി പ്രസിഡന്റായി വന്നതോടെയായിരുന്നു. പിന്നെ പ്രധാനമായി സുധീരനെ തടയാൻ ഉമ്മൻചാണ്ടി ബാദ്ധ്യസ്ഥനാകുകയായിരുന്നു. അല്ലെങ്കിൽ പോലീസിൽ ഇതിനെക്കാളും വലിയ കുഴപ്പങ്ങൾക്ക് വഴിവയ്ക്കുമായിരുന്നുവെന്നാണ് ഐഗ്രൂപ്പിന്റെ വാദം.

എന്നാൽ ഇതിനെ എ ഗ്രൂപ്പ് പുച്ഛിച്ചുതള്ളുകയാണ്. ആഭ്യന്തരവകുപ്പ് നൽകാൻ കഴിയില്ലെന്ന് തീരുമാനിച്ചിരുന്നെങ്കിൽ അത് ഒരിക്കലും രമേശിന് ലഭിക്കില്ലായിരുന്നുവെന്നാണ് അവരുടെ മറുപടി. വകുപ്പ് ഏറ്റെടുത്തശേഷം അത് കാര്യക്ഷമമായി കൊണ്ടുപോകാൻ രമേശിന് കഴിഞ്ഞില്ലെന്നത് സത്യമാണ്. പ്രത്യേകിച്ചും ബാർകോഴ കേസുപോലുള്ള സംഭവങ്ങളിലൂടെ യു.ഡി.എഫിനെ ഒന്നാകെ പ്രതിസ്ഥാനത്താക്കിയത് രമേശിന്റെ പിടിപ്പുകേടാണ്. ഈ കേസിൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയത് തന്നെ അദ്ദേഹം ചെയ്ത വലിയ തെറ്റാണ്. മാത്രമല്ല, സുകേശനെപ്പോലൊരു വ്യക്തിയെ അന്വേഷണചുമതല ഏൽപ്പിച്ചത് അതിനെക്കാൾ വലിയ പിടിപ്പുകേട്. അതുമാത്രമല്ല, പല സന്ദർഭങ്ങളിലും പോലീസിനെ നിലയ്ക്കുനിർത്താൻ രമേശിന് കഴിഞ്ഞിട്ടില്ല. പോലീസിന്റെ ഉന്നതതലങ്ങളിൽ ഉണ്ടായ വിവാദങ്ങൾ ഇതിന് ഉദാഹരണമാണ്. പൊതുവേ പോലീസ് വകുപ്പ് കോൺഗ്രസിന് എതിരായി എന്നതാണ് സത്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ നിർണ്ണായകകേസിൽ അവർ മെല്ലപ്പോക്ക് നയം സ്വീകരിച്ചത്. അന്ന് അന്വേഷിച്ചവർക്ക് കഴിവില്ലാഞ്ഞിട്ടല്ല, അവർ മനഃപൂർവ്വം കേസിന് തുമ്പുണ്ടാക്കാൻ ശ്രമിക്കാത്തതാണ്. അതിന് കാരണം മന്ത്രിയുടെ പിടിപ്പുകേടാണ്. ഉദ്യോഗസ്ഥരെ നിർത്തേണ്ടിടത്ത് നിർത്താൻ കഴിയാത്തതിന്റെ പരാജമാണത്. അതിന് മറ്റുള്ളവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. മാത്രല്ല, ദേശീയതലത്തിൽ തന്നെ ഉറ്റുനോക്കുന്ന നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അതിന്റെ വിജയത്തിനായി അഹോരാത്രം പരിശ്രമിക്കുന്ന സാഹചര്യത്തിൽ ഈ വിഷയം വിവാദമാക്കി രമേശിനെ ഒതുക്കാൻ ശ്രമിച്ചുവെന്ന വാദഗതിതന്നെ അടിസ്ഥാനരഹിതമാണെന്നും അവർ പറയുന്നു.

കോൺഗ്രസ് അധികാരത്തിലായിരിക്കുമ്പോൾ എന്നും അതിന് ശവക്കുഴി തോണ്ടിയിട്ടുള്ളത് പോലീസാണ്. കരുണാകരന്റെ കാലം മുതലുള്ള ചരിത്രം ചികഞ്ഞുനോക്കിയാൽ ഓരോ നേതാക്കളുടെയും ശവപ്പെട്ടിയിലെ അവസാനത്തെ ആണി അടിച്ചിട്ടുള്ളത് കോൺഗ്രസ് ഏറെ വിശ്വസിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ തന്നെയായിരുന്നു. ചരിത്രം ഇവിടെയും ആവർത്തിക്കപ്പെടുകയാണ്.

Top