കൊച്ചി: ജിഷയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. ഫോണില്‍ മൂന്നു അന്യ സംസ്ഥാന തൊഴിലാളികളുടെ ഫോട്ടോകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് അന്വേഷണം പെരുമ്പാവൂരിലെ കുപ്രസിദ്ധ ഗുണ്ടാത്തലവനിലേക്കാണ് നീങ്ങുന്നത്.
കൊല്ലപ്പെടുന്നതിനു മൂന്നുമാസം മുന്‍പ് പകര്‍ത്തിയ ചിത്രങ്ങളാണ് അന്വേഷണസംഘത്തിനു ലഭിച്ചതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പെരുമ്പാവൂരിലെ സ്റ്റുഡിയോയില്‍നിന്നു ജിഷ അടുത്തിടെ ഫോട്ടോ എടുത്തതായും വിവരം ലഭിച്ചിട്ടുണ്ട്. അഭിമുഖത്തിന് വേണ്ടിയാണിതെന്നാണ് സ്റ്റുഡിയോ ജീവനക്കാരോട് പറഞ്ഞത്. എന്നാല്‍, അഭിമുഖത്തിന് പോയതായി അന്വേഷണസംഘത്തിനു വിവരം കിട്ടിയിട്ടില്ല. ഫോട്ടോ എടുക്കും മുമ്പ് ജിഷ ബ്യൂട്ടിപാര്‍ലറിലും പോയിരുന്നു. ബ്യൂട്ടീഷന്‍ ജിഷയോടു കല്യാണക്കാര്യം തിരക്കിയെന്നാണ് മൊഴി. ശരീരപ്രകൃതി കണ്ടാണ് അങ്ങനെ ചോദിച്ചതെന്നും അന്വേഷണസംഘത്തിന് മറുപടി ലഭിച്ചു.
ഗുണ്ടാത്തലവനെ സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നതായിരിക്കും. അന്വേഷണസംഘം കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത യുവാവിനെ ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കാന്‍ പൊലീസ് തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ ഭാഗമായി യുവാവിന്റെ രക്തസാമ്പിളും വിരലടയാളവും ശേഖരിച്ച് പരിശോധനക്ക് അയച്ചു. ജിഷയുടെ മൊബൈല്‍ ഫോണിലെ കോള്‍വിവരങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് ഈ യുവാവിനെ കുറിച്ച് വിവരം ലഭിച്ചത്.
എന്നാല്‍, ഇയാള്‍ പരസ്പരവിരുദ്ധമായാണ് മൊഴിനല്‍കിയത്. എങ്കിലും അന്വേഷണ പരിധിയില്‍നിന്ന് ഒഴിവാക്കേണ്ടെന്ന തീരുമാനത്തെ തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്. അതേസമയം, ജിഷയുമായി യുവാവ് എങ്ങനെ പരിചയപ്പെട്ടെന്നത് സംബന്ധിച്ച് വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല.