കൊച്ചി: പെരുമ്പാവൂരില്‍ ദലിത് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട കേസില്‍ പിതാവിന്റെ നിര്‍ണ്ണായക മൊഴി. ജിഷയെ ബന്ധുവായ ഒരു യുവാവ് നേരത്തെ അക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് പിതാവ് പാപ്പു മൊഴി നല്‍കിയത്. അന്വേഷണം വഴിമുട്ടിയ പോലീസിന് ഇതൊരു പിടിവള്ളിയാകുമെന്നാണ് സൂചന.
പെരുമ്പാവൂരില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജിഷയെ ബന്ധുവായ യുവാവ് ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായി പിതാവ് പാപ്പുവിന്റെ മൊഴി നല്‍കി. എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിയാണ് പൊലീസ് പാപ്പുവിന്റെ മൊഴി രേഖപ്പെടുത്തിയത്. മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
അതേസമയം, ജിഷയുടെ വീടിന് സമീപത്തു നിന്നും കണ്ടെത്തിയ പ്രതിയുടേതെന്ന് സംശയിക്കുന്ന ചെരുപ്പുകള്‍ പൊലീസ് ജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ചെരുപ്പിന്റെ ഉടമസ്ഥനെക്കുറിച്ചുള്ള സൂചന ലഭിക്കുന്നതിന് വേണ്ടിയാണിത്.
ജിഷ കൊലചെയ്യപ്പെട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെക്കുറിച്ചുള്ള കൃത്യമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്ന് അന്വേഷണ സംഘം പറയുമ്പോഴും കസ്റ്റഡിയിലുള്ള അയല്‍വാസിയേയും ജിഷയുടെ ചില ബന്ധുക്കളേയും ചോദ്യം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്. അതിനിടെ വെള്ളിയാഴ്ച ജിഷയുടെ വീട്ടിലെത്തി ഫോറന്‍സിക് വിഭാഗം തെളിവുകള്‍ ശേഖരിച്ചു. ജിഷയുടെ വീടിന് സമീപത്തുള്ള കനാലില്‍ നിന്നും മണ്ണും മറ്റുമാണ് സംഘം ശേഖരിച്ചത്. അയല്‍വാസികളുടെ വിവരലടയാളം ശേഖരിക്കുന്ന നടപടികളും തുടരുകയാണ്.