പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ അഞ്ച് പേരെ പുനര്‍ വിസ്തരിക്കാന്‍ കോടതി അനുമതി നിഷേധിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അഞ്ചു പേരെ പുനര്‍വിസ്തരിക്കണമെന്ന ആവശ്യം തള്ളിയത്. ജിഷയുടെ അമ്മ രാജേശ്വരി അടക്കം അഞ്ച് പേരെ പുനര്‍വിസ്തരിക്കുന്നതിനാണ് കോടതിയില്‍ അനുമതി തേടിയിരുന്നത്. എന്നാല്‍ ഇവരെ പുനര്‍വിസ്തരിക്കേണ്ട സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അനുമതി നിഷേധിച്ചത്. അതേസമയം, കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിനെ കോടതി നേരിട്ടു ചോദ്യം ചെയ്യുന്ന നടപടി കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു. രണ്ടുദിവസം കൊണ്ട് പൂര്‍ത്തിയായ ചോദ്യം ചെയ്യലില്‍ ആകെ 921 ചോദ്യങ്ങളാണ് കോടതി ചോദിച്ചത്. കേസിലെ സാക്ഷികളെ വിസ്തരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി ചോദ്യങ്ങള്‍ തയ്യാറാക്കിയത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ തന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം അമീറുള്‍ ഇസ്ലാം നിഷേധിച്ചിരുന്നു. ഇതിനിടെ അന്വേഷണ സംഘം സമര്‍പ്പിച്ച 290 രേഖകളും 36 തൊണ്ടിമുതലുകളും കോടതി പരിശോധിച്ചിരുന്നു. ജിഷ വധക്കേസിലെ വിചാരണ പുരോഗമിച്ച് കൊണ്ടിരിക്കെയാണ് അഞ്ച് സാക്ഷികളെ പുനര്‍വിസ്തരിക്കണമെന്ന ആവശ്യമുണ്ടായത്.
ജിഷയുടെ അമ്മയടക്കം അഞ്ചുപേരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യം; കോടതി അനുമതി നിഷേധിച്ചു
Tags: jisha murder case