ജിഷയുടെ കൊലപാതകം.ഒരു പോലീസ് കഥ..!

 

കൊച്ചി: നിയമവിദ്യാർഥിനിയുടെ കൊലപാതകിയെ പൊലീസ് കണ്ടെത്തിയതു സിനിമയെ പോലും വെല്ലുന്ന രീതിയിൽ. ശക്തമായ സാഹചര്യത്തെളിവുകൾ ഇരുപതോളം പേരെ പ്രതിസ്ഥാനത്തു നിർത്തിയ ശേഷമാണ്, അന്വേഷണം അമീറുൽ ഇസ്‌ലാമിലേക്ക് എത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപു നടന്ന കൊലപാതകം കേരള രാഷ്ട്രീയത്തെപ്പോലും ഉലച്ചു. പൊലീസിന്റെ ഓരോ നീക്കവും സൂക്ഷ്മമായി വിശകലനം ചെയ്യപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്തു. പ്രതിസന്ധികളെല്ലാം തരണം ചെയ്ത് ഒടുവിൽ കേരള പൊലീസ് പ്രതിയെ കണ്ടെത്തി. അതിനേക്കാളേറെ, സാഹചര്യത്തെളിവുകൾ എതിരായ ചിലരുടെ നിരപരാധിത്വം തെളിയിക്കുക കൂടി ചെയ്തു കേരള പൊലീസ്.

കൊന്നതാര്?

ആദ്യഘട്ടത്തിൽ പൊലീസിനു ലഭിച്ച ശ്രീലേഖയുടെ സാക്ഷിമൊഴി, മഞ്ഞക്കുപ്പായമിട്ടൊരാൾ കനാൽ വഴി ഇറങ്ങിപ്പോകുന്നതു കണ്ടെന്നാണ്. റോഡിൽ മാങ്ങ പറിച്ചു കൊണ്ടിരുന്നയാൾ ഈ വ്യക്തിയെ തിരിച്ചറിഞ്ഞു. പേരും മൊബൈൽ നമ്പറും സംഘടിപ്പിച്ച് പൊലീസ് തിരഞ്ഞപ്പോൾ, ആൾ സ്ഥലത്തില്ല. സംശയം വർധിച്ചു. പശ്ചാത്തലം അന്വേഷിച്ചപ്പോൾ, കുറച്ചു ദിവസം മുൻപ് കഞ്ചാവ് കേസിൽ പിടിയിലായിരുന്നുവെന്നു വ്യക്തമായി. കഞ്ചാവ് അടക്കമുള്ള ലഹരി ഉപയോഗിക്കുന്നയാൾക്കു മാത്രമേ ഇത്തരമൊരു ക്രൂരകൃത്യം നടത്താൻ കഴിയൂ എന്ന പൊലീസ് നിഗമനത്തോടു ചേർന്നു നിൽക്കുന്ന തെളിവായി ഇത്.
ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ കണ്ണൂരിലാണെന്നു മനസ്സിലായി. കൊലപാതകത്തിനു തൊട്ടു പിറ്റേന്നാണ് ഇയാൾ കണ്ണൂരിലേക്കു കടന്നതെന്നും വ്യക്തമായി. കണ്ണൂരിലെ ഹോട്ടലിൽ തൊഴിൽ തേടിയെത്തിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ, കഞ്ചാവുകേസിൽ തന്നെ ഒറ്റിക്കൊടുത്തയാളെ തേടി കത്തിയുമായാണു താൻ നടക്കുന്നതെന്നു വരെ ഇയാൾ പറഞ്ഞു. ഇയാൾ അന്നു ധരിച്ചിരുന്നതു മഞ്ഞ ഷർട്ടായിരുന്നു. സംഭവ സ്ഥലത്ത് തത്സമയം ഉണ്ടായിരുന്നില്ലെന്നു മൊഴി നൽകിയെങ്കിലും കൂട്ടുകാരുടെ മൊഴിയും മൊബൈൽ ടവർ ലൊക്കേഷൻ രേഖകളും മൊഴി കള്ളമാണെന്നു വ്യക്തമാക്കി.പക്ഷേ, നിയമവിദ്യാർഥിനിയെ കൊന്നില്ലെന്ന മൊഴിയിൽ ഇയാൾ ഉറച്ചുനിന്നു. അഞ്ചു ദിവസത്തെ ചോദ്യം ചെയ്യലിൽ, സാഹചര്യത്തെളിവുകളെല്ലാം ഉണ്ടെങ്കിലും ശാസ്ത്രീയ തെളിവുകളൊന്നും ലഭിച്ചില്ല. കണ്ടത് ഇയാളെയല്ലെന്ന് ആദ്യ സാക്ഷി ഉറപ്പിച്ചു പറയുകയും ചെയ്തു.jisha-murder accused

ഹോട്ടൽ തൊഴിലാളിയിൽനിന്നു പെണ്ണുകേസിലേക്ക്

ഹോട്ടൽ തൊഴിലാളിയെ ചോദ്യം ചെയ്യുന്നതിനിടയിലാണ് അയാളുടെ അമ്മ പൊലീസുകാർക്കു മുന്നിലെത്തി ഒരു കാര്യം പറഞ്ഞത്: ‘നാടു വിട്ടവരെയാണ് നോക്കുന്നതെങ്കിൽ, സാറേ വേരൊരുത്തനായിരിക്കും ചെയ്തത്. അവനിപ്പോൾ ബെംഗളൂരുവിലാണ്’. ഇയാളുടെ പേരും അവർ പൊലീസുകാർക്കു നൽകി. പൊലീസ് അന്വേഷിച്ചപ്പോൾ, ആൾ കൊലപാതകം നടന്നതിനു പിറ്റേന്ന് ബെംഗളൂരുവിലേക്കു പോയിട്ടുണ്ട്. മാത്രമല്ല, അസാന്മാർഗികത ആരോപിച്ച് നേരത്തെ രണ്ടിടത്തു വച്ച് ഇയാളെ നാട്ടുകാർ കൈകാര്യം ചെയ്തിട്ടുമുണ്ട്. ഇയാളെ ബെംഗളൂരുവിൽനിന്നു കസ്റ്റഡിയിലെടുത്തു. അസാന്മാർഗിക ആരോപണത്തെപ്പറ്റി ഇയാൾ പറഞ്ഞതിങ്ങനെ: ‘കാമുകിയെ കാണാൻ പോയപ്പോഴാണു രണ്ടിടത്തും നാട്ടുകാർ കെട്ടിയിട്ടത്. കാമുകിയെത്തന്നെയാണു വിവാഹം കഴിച്ചത്. ജീവിക്കാനായി ബെംഗളൂരുവിലേക്കു വന്നതാണ്.’ അങ്ങനെ രണ്ടാമത്തെ പ്രതിയും പട്ടികയിൽനിന്നു പുറത്തായി.

അയൽവാസിയിലേക്ക്

വിദ്യാർഥിനിയുടെ വീടിന് 25 മീറ്റർ മാത്രം മാറി, കനാലിന്റെ കരയിൽ താമസിക്കുന്നയാളിലേക്ക് അന്വേഷണമെത്തി. സാഹചര്യത്തെളിവുകളെല്ലാം ഇയാൾക്കെതിരായിരുന്നു. ഇയാളുടെ മൂത്ത സഹോദരൻ ആത്മഹത്യ ചെയ്തതിനെ ചൊല്ലി ഇയാൾ വിദ്യാർഥിനിയുടെ കുടുംബത്തോട് എന്നും വഴക്കിട്ടിരുന്നു. മൂത്തസഹോദരൻ വിദ്യാർഥിനിയെ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ വിദ്യാർഥിനിയുടെ അമ്മ എതിർത്തു. മകളെ ശല്യം ചെയ്യുന്നതായി കലക്ടർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകി. മൂത്ത സഹോദരനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി. കുറച്ചു ദിവസത്തിനകം മൂത്ത സഹോദരൻ ആത്മഹത്യ ചെയ്തു.

തന്നെയും അമ്മയെയും വണ്ടിയിടിപ്പിക്കുമെന്നും കൊല്ലുമെന്നും അയൽവാസി ഭീഷണിപ്പെടുത്തിയെന്ന വിദ്യാർഥിനിയുടെ ഡയറിക്കുറിപ്പും പൊലീസിനു ലഭിച്ചു. സഹപാഠികളാണ് ഈ വിവരങ്ങൾ പൊലീസിനു നൽകിയത്. സംഭവസമയത്ത് ഉറക്കമായിരുന്നുവെന്നും നിലവിളി കേട്ടില്ലെന്നുമുള്ള ഇയാളുടെ മൊഴി തെറ്റാണെന്നു പൊലീസ് കണ്ടെത്തി. സഹോദരന്റെ മരണശേഷം ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്നും പല്ലിനു വിടവുണ്ടെന്നും പൊലീസ് കണ്ടെത്തി. വിദ്യാർഥിനിയുടെ അമ്മയെ ഒരു വണ്ടി ഇടിച്ചിട്ടതായും വ്യക്തമായി.

വിദ്യാർഥിനിയുടെ വീടിനു പിറകിൽനിന്നും ഇയാളുടെ വീട്ടുവളപ്പിൽനിന്നും ഒരേതരം മദ്യക്കുപ്പി ലഭിക്കുകയും ചെയ്തു. അമ്മയുടെയും സഹോദരിയുടെയും മൊഴികളും ഇയാൾക്കെതിരായിരുന്നു. മുൻവൈരാഗ്യവും സാഹചര്യത്തെളിവുകളും പല്ലിന്റെ വിടവെന്ന തെളിവും വീട്ടുകാരുടെ മൊഴികളുമൊക്കെയായതോടെ, അറസ്റ്റിന് സമ്മർദമേറി. പക്ഷേ, അപ്പോഴും ശാസ്ത്രീയമായ തെളിവുകൾ ലഭിച്ചില്ല. വിദ്യാർഥിനിയെ താൻ കൊന്നിട്ടില്ലെന്ന് ഇയാൾ തറപ്പിച്ചു പറഞ്ഞു.

മാത്രമല്ല, സംഭവ സ്ഥലത്തുനിന്നു ലഭിച്ച പ്രതിയുടെ ഡിഎൻഎയും ഇയാളുടെ ഡിഎൻഎയും വ്യത്യസ്തമായിരുന്നു. അഞ്ചു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ഇയാളെയും പൊലീസ് ഒഴിവാക്കി. (ഇയാളെ പിന്നീട് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.)
പല്ലിന്റെ വിടവിൽ കുടുങ്ങി

വിദ്യാർഥിനിയുടെ പുറത്തു കണ്ട കടിയുടെ പാടുകൾ പ്രധാനപ്പെട്ട തെളിവായിരുന്നു. ഗുജറാത്തിൽ നിന്നു വരുത്തിയ വിദഗ്ധനാണ് ഇതു വിശകലനം ചെയ്തത്. പ്രതികളെന്നു സംശയിക്കുന്നവരുടെ പല്ലിന്റെ മോൾഡ് ഉണ്ടാക്കി, അതിന്റെ ചിത്രമെടുത്ത്, മുറിവിന്റെ ചിത്രവുമായി താരതമ്യം ചെയ്തു. പ്രതിയുടെ പല്ലിനു വിടവുണ്ടെന്നാണു വിദഗ്ധൻ കണ്ടെത്തിയത്.jisha-2

പല്ലിന്റെ വിടവ്, പൊലീസ് കസ്റ്റഡിയിലെടുത്ത ഒരു നാടൻ പണിക്കാരനെ പ്രതിയാക്കുന്നതിനു തൊട്ടടുത്തു വരെ എത്തിച്ചു. ഇയാൾ, മഞ്ഞ ഷർട്ടിട്ട് സംഭവ സമയത്ത് സൈക്കിളിൽ വിദ്യാർഥിനിയുടെ വീടിനടുത്തുള്ള റോഡിലൂടെ പോകുന്നതു കണ്ടതായി സമീപത്തെ മൂന്നു വീട്ടമ്മമാർ മൊഴി നൽകി. കസ്റ്റഡിയിലെടുത്തപ്പോൾ, ഇയാൾ അന്നേദിവസം മദ്യപിച്ചിരുന്നതായി വ്യക്തമായി. ഇയാളുടെ പല്ലിന്റെ അളവുകളും വിദ്യാർഥിനിയുടെ മുറിവിന്റെ ചിത്രവും താരതമ്യം ചെയ്തപ്പോൾ, സാമ്യം കണ്ടെത്തുകയും ചെയ്തു. ഇതു വലിയ വിവാദത്തിനിടയാക്കി. പ്രതി അറസ്റ്റിലായി എന്നു വരെ വാർത്ത വന്നു.

നിയമസഭാ തിരഞ്ഞെടുപ്പിനു രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെയായിരുന്നു ഇത്. അന്വേഷണ സംഘം കടുത്ത സമ്മർദത്തിലായി. ഓഡോന്റോളജി (ദന്തക്രമീകരണ പഠനം) വിദഗ്ധർ, സാമ്യം ശാസ്ത്രീയമായ തെളിവാണെന്നു വാദിച്ചു. അതേസമയം, നിർണായകമായൊരു ചോദ്യം ഉയർന്നു. കടിയേറ്റതു വിദ്യാർഥിനിയുടെ ചുമലിന്റെ ഭാഗത്താണ്. വസ്ത്രത്തിന് ഇരട്ടത്തുന്നലുള്ള, കട്ടി കൂടുതലുള്ള ഭാഗം. ഇവിടെ ഏൽക്കുന്ന പല്ലിന്റെ കടി, മറ്റു പല്ലുകളേൽപിക്കുന്ന തരത്തിലുള്ളതാകുമോ? ഇതു വഴിത്തിരിവായി. ബെംഗളൂരുവിലെ ഓഡോന്റോളജി വിദഗ്ധനോട് അഭിപ്രായം തേടി. അദ്ദേഹം സാഹചര്യങ്ങൾക്കനുസരിച്ച് പല്ലുകളേൽപിക്കുന്ന ആഘാതം വ്യത്യസ്തമാകാമെന്നും പല്ലിന്റെ വിടവാണെന്നു പൂർണമായി ഉറപ്പിക്കാൻ കഴിയില്ലെന്നും മറുപടി നൽകി.

പ്രതിയുടെയും കസ്റ്റഡിയിലുള്ളയാളുടെയും ഡിഎൻഎ താരതമ്യവും പരാജയപ്പെട്ടതോടെ, നാടൻ പണിക്കാരന്റെ പേരും സംശയിക്കപ്പെടുന്നവരുടെ പട്ടികയിൽ നിന്നു വെട്ടി. സംശയിക്കപ്പെടുന്നവരുടെ പല്ലിന്റെ മോൾഡ് എടുക്കാൻ പൊലീസ് നടത്തിയ ശ്രമങ്ങൾ കുറച്ചൊന്നുമല്ല വിവാദമുയർത്തിയത്. പച്ചമാങ്ങയിൽ കടിപ്പിച്ചാണ് അളവെടുക്കുന്നതെന്നു വരെ ആരോപണമുയർന്നു. പ്രത്യേക മോൾഡിൽ കടിച്ച്, അതിൽ രാസവസ്തു ഒഴിച്ച് അളവെടുക്കുകയാണു ചെയ്തിരുന്നത്.

ജിഷ വധക്കേസിൽ വിവാദം പതിവു പോലെ രാഷ്ട്രീയ നേതാക്കളെയും വെറുതെ വിട്ടില്ല. യു.ഡി.എഫ് ഭരണത്തിൽ നടന്ന കൊലപാതകത്തിൽ അന്നത്തെ യു.ഡി.എഫ് കൺവീനർ ആയിരുന്ന പി.പി.തങ്കച്ചനെതിരെ കടുത്ത ആരോപണങ്ങൾ ഉയർന്നിരുന്നു .പല്ലിനു വിടവുള്ള നേതാവിനെ ചുറ്റിപ്പറ്റി നിറംപിടിപ്പിച്ച കഥകൾ മാധ്യമങ്ങളിൽ നിറഞ്ഞുവന്നിരുന്നു . നാട്ടുകാരിലൊരാൾ നൽകിയ തെറ്റായ വിവരമാണു നേതാവിലേക്കുള്ള കഥകൾക്കു തുടക്കമിട്ടത്. സ്വത്തു തർക്കവും തൊട്ടടുത്ത പറമ്പിന്റെ ഉടമയും പ്രാദേശിക നേതാവുമായ ഒരാളുടെ മകൻ മൂന്നു ദിവസം മുൻപു നാട്ടിലെത്തിയതും കൊലപാതകത്തിനു തൊട്ടു പിറ്റേന്നു ബെംഗളൂരുവിലേക്കു നാടുവിട്ടതും പൊടിപ്പും തൊങ്ങലും വച്ച് പൊലീസുകാർക്ക് ഒരാൾ പറഞ്ഞു കൊടുത്തു.

സംസ്ഥാനത്തെ ഒരു പ്രധാന രാഷ്ട്രീയ നേതാവായ പി.പി.തങ്കച്ചന്റെ ബെനാമിയാണ് ഈ പ്രാദേശിക നേതാവെന്നും രാഷ്ട്രീയ നേതാവിന്റെ വീട്ടിൽ ജിഷയുടെ യുടെ അമ്മ ജോലിക്കു നിന്നതായും ഇയാൾ പൊലീസുകാരോടു പറഞ്ഞു. പ്രാദേശിക നേതാവും കൊല്ലപ്പെട്ട ജിഷയുടെ അമ്മയും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നും അമ്മ ഇയാളെ കമ്പിപ്പാര കൊണ്ടു വയറ്റിൽ കുത്തിയിരുന്നുവെന്നും ഇയാൾ പറഞ്ഞു. ഇതിനുള്ള പ്രതികാരമാണ്, ജിഷയെ അടിവയറ്റിൽ കമ്പിപ്പാര കയറ്റിക്കൊന്നത് എന്നും ഇയാൾ പറഞ്ഞു.JISHA-ACCUSED

അന്വേഷണം ആ വഴിക്കും തിരിഞ്ഞു. തർക്കം ശരിയാണെന്നു പൊലീസിനു വിവരം കിട്ടി. പ്രാദേശിക നേതാവിന്റെ മകന്റെ വിദേശത്തു നിന്നുള്ള മടക്കവും ബെഗളൂരു യാത്രയുമൊക്കെ ശരിയാണെന്നും കണ്ടെത്തി. തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെയായിരുന്നു ഇത്. തുടർന്നു ജിഷയുടെ യുടെ അമ്മയെ ചോദ്യം ചെയ്തപ്പോഴാണു കഥ പൊളിഞ്ഞത്. പൊലീസിനെ തെറ്റിദ്ധരിപ്പിച്ചയാളുടെ പിതാവുമായാണു വിദ്യാർഥിനിയുടെ അമ്മ തർക്കത്തിലേർപ്പെട്ടതും കമ്പിപ്പാര കൊണ്ടു വിദ്യാർഥിനി കുത്താനോങ്ങിയതും. ഇയാളെയും ഒഴിവാക്കി, രണ്ടാഴ്ച കഴിഞ്ഞ ശേഷമാണു രാഷ്ട്രീയ നേതാവിനെ ലക്ഷ്യമിട്ട് വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞത്. കഷ്ടകാലത്തിന്, ആരോപണവിധേയനായ രാഷ്ട്രീയ നേതാവിന് പല്ലിനു വിടവുണ്ടായിരുന്നു. ജിഷയുടെ അമ്മ രാഷ്ട്രീയ നേതാവിന്റെ വീട്ടിൽ കൂലിപ്പണിക്കു പോയതും സത്യമായിരുന്നു.

ഒളിഞ്ഞു നോട്ടക്കാരനും

സ്ത്രീകളുടെ മുറികളിലേക്കും മറ്റും ഒളിഞ്ഞു നോക്കുന്ന ഒരു ബസ് ജീവനക്കാരനാണു പിന്നീടു സംശയത്തിന്റെ നിഴലിലായത്. വിദ്യാർഥിനിയുടെ വീടിനടുത്താണു താമസം. വിദ്യാർഥിനിയെ പരിചയമുണ്ട്. ഇയാളുടെ ഒളിഞ്ഞുനോട്ടം കാരണം ഒരു പെൺകുട്ടി ജീവനൊടുക്കിയതായും ആരോപണമുണ്ടായിരുന്നു. ചോദ്യം ചെയ്യാൻ വിളിപ്പിച്ചതറിഞ്ഞപ്പോൾ, ബസ് പാതിവഴിയിലിട്ട് ഇയാൾ ഓടിയത് സംശയം ബലപ്പെടുത്തി. പിന്നീട് പൊലീസ് പിടികൂടി ചോദ്യം ചെയ്തു തുടങ്ങി. ഇയാളുടെ ദേഹത്തു ചില്ലറ പരുക്കുകളുമുണ്ടായിരുന്നു. നേരത്തെ കേസിൽപ്പെട്ട് ജയിലിലായിരുന്നു. ഇവിടെയും ഡിഎൻഎ ടെസ്റ്റ് പൊലീസിന്റെ തുണയ്ക്കെത്തി.jisha1

മുഖം മറച്ച് എത്തിച്ചതു പൊലീസുകാരനെയോ?

ചോദ്യം ചെയ്യുന്ന സ്ഥലത്തേക്കു പൊലീസുകാരനെ മുഖം മറച്ച് എത്തിച്ചുവെന്ന ആരോപണവും ഇതിനിടെ ഉയർന്നു. ഇതും ദിവസങ്ങൾ നീണ്ട വിവാദത്തിനു തിരി കൊളുത്തി. ആരായിരുന്നു ഇയാൾ? വിദ്യാർഥിനി നേരത്തെ നൃത്തം അഭ്യസിപ്പിച്ചിരുന്ന ഒരാളെയും സംശയത്തെ തുടർന്നു പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിദ്യാർഥിനിയുടെ ഫോൺ വിളികളിൽ, ഏറ്റവുമൊടുവിൽ വിളിച്ചയാളെന്ന നിലയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യാനായി കൊണ്ടുപോകുന്ന വഴി, ഇയാൾ തന്നെയാണു സ്വന്തം ബനിയൻ ഊരി മുഖം മറച്ചത്.

 

 

Top