പെരുമ്പാവൂര്‍: കൊല്ലപ്പെട്ട ജിഷയും അമീറുല്‍ ഇസ്‌ലാമും തമ്മില്‍ നേരത്തെ തന്നെ പരിചയമുണ്ട്. മുന്‍പും ഇയാള്‍ ജിഷയ്ക്കുമുന്നില്‍ നിന്ന് അശ്ലീല ചേഷ്ടകള്‍ കാണിച്ചിരുന്നു. ജിഷ ചെരുപ്പൂരി അടിക്കുമെന്ന് പറഞ്ഞതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്ന് ദ്വിഭാഷി ലിപ്റ്റണ്‍ ബിശ്വാസ് പറയുന്നു.
ജിഷയുടെ അമ്മ രാജേശ്വരി ഒരാളെ കൂട്ടിക്കൊണ്ടുപോയാണ് കുളിക്കടവില്‍വച്ച് അമീറുലിനെ തല്ലിയത്. ജിഷയുടെ കൊലപാതകത്തിലേക്ക് നയിച്ചത് കുളിക്കടവിലെ സംഘര്‍ഷമാണെന്നാണ് പൊലീസ് എത്തിച്ചേര്‍ന്ന നിഗമനം. കനാലില്‍ സ്ത്രീകളുടെ കുളിക്കടവില്‍ എത്താറുള്ള അമീറുല്‍ ഇസ്ലാമിനെ രണ്ടു മാസം മുന്‍പു ജിഷയുടെ വീടിനു സമീപമുള്ള സ്ത്രീ ചെരിപ്പൂരി അടിച്ചിരുന്നു. ഇതു കണ്ടു ചിരിച്ച ജിഷയെ പ്രതി അസഭ്യം പറഞ്ഞു. കൊലനടന്ന ഏപ്രില്‍ 28നു രാവിലെ ജിഷയുടെ വീടിനു സമീപം കനാല്‍ റോഡിലൂടെ നടന്നു പോയ അമീറുല്‍ അശ്ലീല ചേഷ്ടകള്‍ കാണിച്ചപ്പോള്‍, മറുകരയില്‍ നിന്ന ജിഷ ചെരിപ്പൂരി അടിക്കുമെന്ന് ആംഗ്യം കാണിച്ചു.
തുടര്‍ന്നു ജിഷ ഉറക്കെ ശകാരിക്കാന്‍ തുടങ്ങിയപ്പോഴാണ് അമീറുല്‍ സ്ഥലംവിട്ടത്. ജിഷയുടെ വീടിനു സമീപത്തെ കുറുപ്പംപടി ഇരിങ്ങോള്‍ക്കാവിനോടു ചേര്‍ന്നുള്ള ഇതരസംസ്ഥാനത്തൊഴിലാളി ക്യാംപിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ക്യാംപിലെത്തി മദ്യപിച്ചശേഷം കത്തിയുമായി തിരിച്ചെത്തി.ജിഷ വീടിനു പുറത്തു പോയതു മനസ്സിലാക്കിയ കൊലയാളി സമീപത്തുള്ള വട്ടോളിപ്പടി ബസ് സ്റ്റോപ്പില്‍ കാത്തുനിന്നു. ജിഷ ബസില്‍നിന്ന് ഇറങ്ങിയപ്പോള്‍ പിന്‍തുടര്‍ന്നു വീട്ടിലെത്തി. വീടിനുള്ളില്‍ കയറി കടന്നുപിടിക്കാന്‍ ഒരുങ്ങിയപ്പോള്‍ ജിഷ ചെരിപ്പൂരി അടിച്ചു. വസ്ത്രം വലിച്ചുകീറാന്‍ ഒരുങ്ങിയപ്പോള്‍ ജിഷ കൈകളില്‍ കടിച്ചു. അമീറുല്‍ തിരികെ ജിഷയെ കടിച്ചശേഷം കത്തികൊണ്ടു കഴുത്തിലും മാറിലും കുത്തി.
അമീറുല്‍ ഇസ്ലാം കൊലക്കുറ്റം സമ്മതിച്ചെന്നും ലിപ്റ്റണ്‍ പറഞ്ഞു. ജിഷ വധക്കേസില്‍ പിടിയിലായ അമീറുല്‍ ഇസ്ലാമിനോടു സംസാരിക്കാന്‍ പൊലീസിനു സഹായിയായതു കൊല്‍ക്കത്ത സ്വദേശി ലിപ്റ്റണ്‍ ബിശ്വാസ് ആണ്. പ്രതിയെ പെരുമ്പാവൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയപ്പോഴും ഇദ്ദേഹമാണു ദ്വിഭാഷിയായി എത്തിയത്.