ജിഷ കൊലപാതകം; പോലീസിന്റെ വെളിപ്പെടുത്തല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് വിപരീതം

jisha-murder

കൊച്ചി: ജിഷയുടെ കൊലപാതകിയെ പോലീസ് പിടികൂടിയപ്പോള്‍ കേരള ജനത ആശ്വസിച്ചു. എന്നാല്‍, ഇപ്പോള്‍ ഓരോ മലയാളികളും ചോദിക്കുന്നത് അമിയൂള്‍ ഇസ്ലാം തന്നെയാണോ യഥാര്‍ത്ഥ പ്രതിയെന്നാണ്. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ക്കൊക്കെ വിരുദ്ധമായിട്ടാണ് ഇപ്പോള്‍ പോലീസിന്റെ വെളിപ്പെടുത്തല്‍ വരുന്നത്.

പോലീസ് പറയുന്നത് പലതും കള്ളമാണെന്നാണ് ആരോപണം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വിപരീതമായ കാര്യങ്ങളാണ് പോലീസ് വെളിപ്പെടുത്തുന്നത്. പലതിലും ദുരൂഹതകള്‍ നിഴലിക്കുകയാണ്. കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ജിഷ വെള്ളം ചോദിച്ചപ്പോള്‍ മദ്യം വായിലേക്ക് ഒഴിച്ചെന്ന് പ്രതി പറഞ്ഞുവെന്നാണ് പോലീസ് വ്യക്തമാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, കൊല്ലപ്പെടുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പെങ്കിലും മദ്യം ഉള്ളില്‍ ചെന്നാല്‍ മാത്രമേ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതു പോലെ 100 മില്ലി ലിറ്റര്‍ രക്തത്തില്‍ 93 മില്ലിഗ്രാം ആല്‍ക്കഹോള്‍ ഉണ്ടാകുകയുള്ളൂവെന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ വ്യക്തമാക്കി. ജിഷയുടെ വീട്ടിലെത്തി 15 മിനിട്ടിനുള്ളില്‍ പ്രതി കൊല നടത്തി മടങ്ങിപ്പോയെന്നാണ് പൊലീസ് പറയുന്നത്. മദ്യം ആമാശയത്തിലും പിന്നീട് ചെറുകുടലിലുമെത്തും. ശേഷം ഒന്ന് ഒന്നര മണിക്കൂറിനിടയിലാണ് ആഗിരണ പ്രക്രിയയിലൂടെ രക്തത്തില്‍ കലരുക.

ഈ സാഹചര്യത്തില്‍, വെള്ളം ചോദിച്ചപ്പോള്‍ വായിലേക്ക് മദ്യം ഒഴിച്ചു നല്‍കിയെന്ന പ്രതിയുടെ മൊഴിയോ പൊലീസ് ഭാഷ്യമോ യോജിക്കില്ല. കഴിച്ച ഭക്ഷണത്തിന്റെ വേര്‍തിരിവ് അനുസരിച്ച് ചെറുകുടലിലെ ബാക്ടീരിയയുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി 25 മുതല്‍ 30 മില്ലി ഗ്രാം വരെ ആല്‍ക്കഹോള്‍ ഒരാളുടെ ശരീരത്തില്‍ പരമാവധി ഉത്പാദിപ്പിക്കപ്പെടും. എന്നാല്‍, ജിഷയുടെ രക്തത്തിലേതുപോലെ 93 മില്ലിഗ്രാം ഒരിക്കലും ഉണ്ടാവില്ലെന്ന് പ്രമുഖ ഫോറന്‍സിക് വിദഗ്ദ്ധന്‍ ഉമാദത്തന്‍ പറഞ്ഞതായി പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ, ജിഷയുടെ ഉള്ളില്‍ എങ്ങനെ മദ്യം ചെന്നെന്നത് ദുരൂഹത ഉയര്‍ത്തുന്ന ചോദ്യമായി മാറി.

ഏതു മദ്യം, എവിടെ നിന്ന് ആര് വാങ്ങി, കുപ്പി എന്തുചെയ്തു തുടങ്ങിയ കാര്യങ്ങളും അജ്ഞാതമാണ്. കേസിനെ ബാധിക്കാത്ത തരത്തില്‍ ഈ ചോദ്യത്തെ കോടതിയില്‍ തരണം ചെയ്യാനായിരിക്കും പൊലീസ് ശ്രമിക്കുക. ജിഷ മരിക്കുന്നതിന് അര മണിക്കൂര്‍ മുമ്ബാണ് ഭക്ഷണം കഴിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിനു മുമ്ബാകാം മദ്യം ഉള്ളില്‍ കടന്നതെന്ന് അനുമാനിക്കേണ്ടിവരും. ജിഷയുടെ കഴുത്തിലെ പ്രധാന ഞരമ്ബ് മുറിഞ്ഞ നിലയിലായിരുന്നു. അതിനാല്‍ ഇതിലൂടെ ഹൃദയത്തിലേക്ക് വായു കയറി പത്തു മുതല്‍ 15 മിനിട്ടിനുള്ളില്‍ മരണം സംഭവിക്കും.

ഇത്തരം കേസുകളില്‍ സാധാരണയായി പോസറ്റ്‌മോര്‍ട്ടം നടക്കുമ്പോള്‍ ആമാശയം ഡോക്ടര്‍മാര്‍ മണത്തുനോക്കാറുണ്ട്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ മദ്യത്തിന്റെ മണം മനസിലാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആമാശയം മണത്തുനോക്കിയതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്ല. ജാഗ്രത പുലര്‍ത്തേണ്ട കേസാണെന്ന് പൊലീസ് മുന്‍കൂട്ടി പറയാത്തതിനാലും ഇങ്ങനെ സംഭവിക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

Top