പെരുമ്പാവൂര്‍: ദലിത് വിദ്യാര്‍ത്ഥിനി ക്രൂരമായി കൊലചെയ്യപ്പെട്ട പെരുമ്പാവൂരില്‍ മന്ത്രിമാര്‍ക്ക് നേരെ ജനങ്ങളുടെ പ്രതിഷേധം. കഴിഞ്ഞ ദിവസമെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ നാട്ടുകാര് തടഞ്ഞിരുന്നു. ഇന്ന് രാവിലെ മുഖ്യമന്ത്രിക്കുനേരെയും ശക്തമാമായ പ്രതിഷേധമാണ് ഉയര്‍ന്നത്.
ഇതിനിടയില്‍ സംഘടിതമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍ സഹിന്‍ ആന്റണിയെയാണ് ഒരു സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. മുഖ്യമന്ത്രിയോട് പോലീസ് അനാസ്ഥയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ് യുത്ത് കോണ്‍ഗ്രസുകാര്‍ പ്രകോപിതരായത്. കഴിഞ്ഞ ദിവസം പിപ്പിള്‍ ടിവി വാര്‍ത്താ സംഘത്തെയും ചിലര്‍ തടഞ്ഞതും സംഘര്‍ഷത്തിനിടയാക്കിയിരുന്നു.
ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി കേസന്വേഷണം തൃപ്തികരമാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പറഞ്ഞു. ജിഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇന്നലെ കണ്ണൂരില്‍ നിന്ന് പൊലീസ് പിടികൂടിയ ജിഷയുടെ അയല്‍വാസിയെ പെരുമ്പാവൂരിലെ രഹസ്യ സങ്കേതത്തിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇതിനിടെ പ്രതിയെ കുറിച്ച് കൂടുതല്‍ വ്യക്തത കൈവന്നിട്ടില്ലന്ന് ആലുവ റൂറല്‍ എസ്പി യതീഷ് ചന്ദ്ര പറഞ്ഞു. നിരവധി പേര്‍ കസ്റ്റഡിയില്‍ ഉണ്ടെന്നും അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും യതീഷ് ചന്ദ്ര പറഞ്ഞു.