തൃശൂര്‍: പാമ്പാടി നെഹ്റു കോളജില്‍ ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നെഹ്റു ഗ്രൂപ്പ് മേധാവി കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
കൃഷ്ണദാസുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് കേസ്. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് തൃശൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികള്‍ക്കെതിരെ ആറോളം വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, സി. പി പ്രവീണ്‍, എക്സാം സെല്‍ അംഗങ്ങളായ വിപിന്‍, വിമല്‍, പി.ആര്‍.ഒ സജിത്ത് എന്നിവരാണ് മറ്റ് പ്രതികള്‍. അതേസമയം ഇവര്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചേര്‍ത്തിരിക്കുന്നത്.
പോലീസ് കേസെടുത്തതോടെ ഉടന്‍ തന്നെ അറസ്റ്റ് ഉണ്ടായേക്കുമെന്നായിരുന്നു വിവരങ്ങള്‍. ഇന്ന് അറസ്റ്റ് നടന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ ഇവര്‍ ഒളിവില്‍ പോയെന്നാണ് വിവരങ്ങള്‍. ഇവര്‍ക്കായി തമിഴ്നാട്ടിലുള്‍പ്പെടെ തിരച്ചില്‍ നടക്കുന്നുണ്ട്.
ജിഷ്ണുവിന്റെ സംശയാസ്പദ മരണത്തെ തുടര്‍ന്ന് ആഭ്യന്തരവകുപ്പ് കേസ് അന്വേഷണത്തിനായി എഎസ്പി കിരണ്‍ നായരാണന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. ജിഷ്ണു പരീക്ഷക്ക് കോപ്പിയടിച്ചുവെന്ന് തെറ്റായ ആരോപണമുന്നയിച്ച് വിദ്യാര്‍ഥിയെ കടുത്ത മാനസിക സംഘര്‍ടത്തിലേക്ക് തള്ളിവിട്ടതായി അന്വേഷണ സംഘത്തിനു ബോധ്യമായതിനെ തുടര്‍ന്നാണ് കേസെടുത്തത്.
അതേ സമയം ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്നതിന് പിന്നാലെ, പരീക്ഷാകേന്ദ്രം തലേന്ന് രാത്രി മാറ്റിയും, വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റലില്‍ നിന്ന് ഇറക്കി വിട്ടും മാനേജ്‌മെന്റ് പ്രതികാരനടപടികള്‍ തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ വീണ്ടും സമരം തുടങ്ങി
മകന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അച്ഛന്‍ കോളേജ് കവാടത്തില്‍ ഇന്ന് ഉപവസിക്കും.ജിഷ്ണുവിന്റെ നാട്ടില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളെജിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.