ചേട്ടന് നീതികിട്ടാന്‍ മരിക്കാനും തയ്യാറെന്ന് സഹോദരി; മഹിജയുടെ നില അതീവ ഗുരുതരം; മാനക്കേടില്‍ നിന്ന് പടുകുഴിയിലേയ്ക്ക് ഇടതുസര്‍ക്കാര്‍

തിരുവനന്തപുരം: ജിഷ്ണു പ്രണോയ് കേസിലെ നടപടികള്‍ ദുരൂഹമായി തുടരുമ്പോഴും പോലീസ് നടപടികള്‍ കൂടുതല്‍ കുരുക്കുകളാണ് സര്‍ക്കാരിന് സൃഷ്ടിക്കുന്നത്. ജിഷ്ണുവിന്റെ അമ്മയും സഹോദരിയും ബന്ധുക്കളും നടത്തുന്ന നിരാഹാര സമരം നാലു ദിവസം പിന്നിട്ടു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സഹോദരിയുടെ നില അതിവ ഗുരുതരമാണ്. സമരം അതി വൈകാരിക നിലയിലേയ്ക്ക് മാറിയതോടെ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളും പരാജയപ്പെട്ടിരുന്നു. ഇതിനിടയില്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെ പത്ര പരസ്യവും വന്നതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി.

മകന്‍ മരിച്ചതില്‍ പിന്നെ കൃത്യമായി ആഹാരം കഴിച്ചിട്ടില്ല. ഇപ്പോള്‍ നിരാഹാരവും തുടങ്ങി. അതീവ ഗുരുതരവാസ്ഥയിലേക്ക് മഹിജയുടെ ആരോഗ്യനിലയെത്തുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ആരൊക്കെ നിര്‍ബന്ധിച്ചിട്ടും മഹിജ പിന്നോട്ടില്ല. ലക്ഷ്യം നേടും വരെ സമരമെന്നാണ് മഹിജ പറയുന്നത്. പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ നിരാഹാരം തുടങ്ങുമെന്നും പ്രഖ്യാപിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെയാണ് നീതി തേടി അവിഷ്ണയുടെ നിരാഹാരം.സഹോദരന് നീതികിട്ടും വരെ മരിക്കാനും തയ്യാറാണെന്ന് ജിഷ്ണുവിന്റെ സഹോദരി പറഞ്ഞു. അവിഷ്ണയുടെ ആരോഗ്യ നിലയും അനുദിനം വഷളാകുന്നു. അമ്മയും മകളും നടത്തുന്ന സമരത്തിന് മുന്നില്‍ നീതിയുക്തമായ തീരുമാനമെടുക്കാന്‍ പിണറായി സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ കൈവിട്ടുപോവുകയാണ്.

അതിനിടെ മഹിജയുടെ സമരം ഏത് തലത്തിലേക്കും മാറുമെന്ന് പൊലീസ് കരുതുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മഹിജ ആത്മഹത്യയ്ക്ക് പോലും ശ്രമിച്ചേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൊലീസിന് കൈമാറിയിട്ടുണ്ട്. അതീവ ഗുരുതരമാണ് സ്ഥിതി വിശേഷമെന്നാണ് വിലയിരുത്തല്‍. ജിഷ്ണുവിന്റെ അച്ഛനും അമ്മാവനും എല്ലാം നിരാഹാരത്തിലാണ്. ഈ സാഹചര്യത്തില്‍ അടിയന്തര പ്രശ്‌നപരിഹാരമാണ് ഇന്റലിജന്‍സ് നിര്‍ദ്ദേശിക്കുന്നത്.

എന്നാല്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഡിജിപി ഓഫീസിന് മുമ്പില്‍ അക്രമിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുക, മകന്റെ ഘാതകരില്‍ ഒളിവിലുള്ളവരെ പിടികൂടുക എന്നിവയാണ് ആവശ്യങ്ങള്‍. ഇതില്‍ ഡിജിപി ഓഫീസിലെ സംഭവങ്ങളില്‍ പൊലീസ് റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും. ഐജിയുടെ ഈ റിപ്പോര്‍ട്ടില്‍ ആര്‍ക്കെതിരേയും നടപടി വേണ്ടെന്ന ശുപാര്‍ശയും ഉണ്ടാകുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ പ്രശ്‌ന പരിഹാരം സാധ്യമാകില്ലെന്നാണ് സൂചന.

Top