ജിഷ്ണുവിന്റെ ശരീരത്തിലും ചുവരിലും രക്തക്കറ കണ്ടെന്ന് പുതിയ വെളിപ്പെടുത്തല്‍; ചെയര്‍മാന്‍ കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് സര്‍ക്കാരിന്റെ പിഴവ് മൂലമെന്നും ആക്ഷേപം

പാലക്കാട്: പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ വഴിത്തരിവായി പുതിയ വെളിപ്പെടുത്തല്‍. മരണവുമായി ബന്ധപ്പെട്ട സഹപാഠി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. ജിഷ്ണു മരിച്ച് കിടന്നിരുന്ന ശുചിമുറിയുടെ ഭിത്തിയിലും ജിഷ്ണുവിന്റെ വായിലും രക്തം കണ്ടിരുന്നതായി മരണത്തിന് രണ്ട് ദിവസത്തിന് ശേഷം ഇവിടെയത്തിയവരോട് സഹപാഠി സംസാരിക്കുന്നതാണ് ശബ്ദരേഖ. എന്നാല്‍ പോലീസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഇത്തരത്തിലുള്ള ഒരു കാര്യവും വ്യക്തമാക്കിയിട്ടുണ്ടായിരുന്നില്ല. മാത്രമല്ല ഇങ്ങനെയൊരു രക്തക്കറ ഇല്ലെന്നായിരുന്നു പോലീസ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്.

കേസ്സില്‍ പുതിയ വഴിത്തിരിവാകും ഈ വിവരമെന്ന് കരുതുന്നു. എന്നാല്‍ പാമ്പാടി കോളെജി ചെയര്‍മാനും കേസ്സിലെ ഒന്നാം പ്രതിയുമായ കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് സര്‍ക്കാരിന്റെ പിഴവാണെന്നും ആരോപണം ഉയരുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണെന്ന് ആക്ഷേപം. ഇതിനെ ചെറുക്കാന്‍ ഡയറക്ടര്‍ ഓഫ് പ്രൊസിക്യൂഷനു കഴിഞ്ഞില്ലെന്നും ഇതു സര്‍ക്കാരിന്റെ പിഴവാണെന്നും ആരോപണമുയര്‍ന്നു. ചൊവ്വാഴ്ച വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ ജാമ്യം അനുവദിക്കരുതെന്ന ആവശ്യവുമായി അന്വേഷണ സംഘം ഡിജിപിയെ സമീപിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദിയായ കോളേജ് മേധാവി ഉള്‍പ്പെടെയുള്ള അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഒന്നാംപ്രതി നെഹ്‌റു കോളേജ് മേധാവി പി. കൃഷ്ണദാസ്, രണ്ടാം പ്രതി പി.ആര്‍.ഒ. സഞ്ജിത്ത് വിശ്വനാഥ്, വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ. ശക്തിവേല്‍ അധ്യാപകരായ പ്രദീപന്‍, ദിവിന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കേസില്‍ നിര്‍ണായകമാകുമെന്ന് കരുതുന്ന പുതിയ വെളിപ്പെടുത്തലും പുറത്ത് വന്നത്.

16നാണു കൃഷ്ണദാസിനു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കലക്ടര്‍ വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കണമെന്നും ആയിരക്കണക്കിനു കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്‌നമാണെന്നുമുള്ള വാദം പരിഗണിച്ചാണു കൃഷ്ണദാസിന്റെ അറസ്റ്റ് അഞ്ചുദിവസത്തേക്കു കോടതി തടഞ്ഞത്. എന്നാല്‍ 15നാണു യോഗം ചേര്‍ന്നതെന്നും മാനേജ്‌മെന്റ് പ്രതിനിധികളോടു പങ്കെടുക്കണമെന്നു മാത്രമേ ആവശ്യപ്പെട്ടിരുന്നുള്ളുവെന്നും കലക്ടര്‍ ഇന്നലെ മാധ്യമപ്രവര്‍ത്തകരോടു വ്യക്തമാക്കി. കൃഷ്ണദാസ് പങ്കെടുക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നു വ്യക്തമായതും യോഗത്തില്‍ പങ്കെടുക്കണമെന്ന വാദം യോഗത്തിനുശേഷം ഉന്നയിച്ചതുമാണ് വിവാദമായത്. പ്രൊസിക്യൂഷന്‍ ഇതിനെതിരെ കോടതിയില്‍ നിലപാടു സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.

Top