ദില്ലി: ജെഎന്‍യു ഭരണസമിതി ജനാധിപത്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവുമായി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറും വിദ്യാര്‍ത്ഥികളും രംഗത്ത്. ഇങ്ങനെ മുന്നോട്ട് പോകുകയാണെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്നും കനയ്യ അറിയിച്ചു.
ജാതിവാദികളായ ഭരണസമിതിയുടെ റിപ്പോര്‍ട്ട് കത്തിച്ചുകളയുമെന്ന് കനയ്യ കുമാര്‍ പറഞ്ഞു. തങ്ങള്‍ക്കെതിരെയുള്ള സര്‍വകലാശാല തീരുമാനങ്ങള്‍ പിന്‍വലിക്കും വരെ സമരം ചെയ്യും. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. പുറത്തു നിന്നുള്ളവരാണ് രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതെന്ന് അധികൃതര്‍ തന്നെ പറയുന്നു. പിന്നെ തങ്ങള്‍ക്കെതിരെയുള്ള നടപടി എന്തിനാണെന്നും കനയ്യ ചോദിച്ചു.
അഫ്സല്‍ ഗുരു അനുസ്മരണ ചടങ്ങുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം അന്വേഷിക്കാന്‍ സര്‍വകലാശാല നിയോഗിച്ച ഉന്നതതല സമിതി വിദ്യാര്‍ത്ഥികള്‍ക്കെതിരെ കടുത്ത നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. കനയ്യ കുമാറിന് പതിനായിരം രൂപയും ഉമര്‍ ഖാലിദിന് ഇരുപതിനായിരം രൂപയും പിഴയിട്ടിട്ടുണ്ട്. കൂടാതെ ഉമറിനേയും അനിര്‍ബെന്‍ ഭട്ടാചാര്യയേയും ഒരു സെമസ്റ്ററില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
അനിര്‍ബെന് അഞ്ച് വര്‍ഷത്തേക്ക് ജെഎന്‍യുവില്‍ കോഴ്സുകള്‍ക്ക് ചേരുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്. മറ്റു 13 വിദ്യാര്‍ത്ഥികള്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. അശുതോഷ് കുമാര്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ട്.