ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തില്‍ 11 യുഎസ് പൗരന്മാര്‍ കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുഎസ് പൗരന്മാര്‍ എത്ര പേര്‍ ബന്ദികളാക്കപ്പെട്ടിട്ടുണ്ടെന്ന് ഇപ്പോഴും കൃത്യമായ കണക്കില്ല. ഇക്കാര്യത്തില്‍ ആശയവിനിമയം നടക്കുകയാണെന്നും ഇസ്രയേലുമായി പ്രവര്‍ത്തിച്ച് വേണ്ടത് ചെയ്യാന്‍ ബൈഡന്‍ തന്റെ ടീമിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സ്വദേശത്തായാലും വിദേശത്തായാലും അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷയാണ് തനിക്ക് മുന്‍ഗണനയെന്ന് ബൈഡന്‍ പറയുന്നു. അതിനാല്‍ വരും ദിവസങ്ങളില്‍ മുന്‍കരുതലുകള്‍ എടുക്കുകയും പ്രാദേശിക അധികാരികളുടെ മാര്‍ഗനിര്‍ദേശം പാലിക്കുകയും ചെയ്യണമെന്ന് ഇസ്രായേലിലുള്ള അമേരിക്കന്‍ പൗരന്മാരോട് ബൈഡന്‍ അഭ്യര്‍ത്ഥിച്ചു.
ഹമാസ് ബന്ദികളാക്കിയിട്ടുള്ളവരില്‍ അമേരിക്കന്‍ പൗരന്മാരും ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും ബൈഡന്‍ വ്യക്തമാക്കി. ഇസ്രയേലില്‍ ഹമാസിന്റെ ആക്രമണം ഉണ്ടായ സമയം മുതല്‍ ഇസ്രയേലിന് പിന്തുണ നല്‍കിയിരുന്നു അമേരിക്ക.