വാഷിംഗ്ടൺ: ഇസ്രായേൽ- പലസ്തീൻ സംഘർഷം അവസാനിപ്പിക്കാൻ യുഎസ് ശ്രമം തുടങ്ങി. പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ബൈഡൻ ടെലിഫോൺ സംഭാഷണം നടത്തിയെന്ന് അമേരിക്കൻ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഗാസയിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കണമെന്നും ഇസ്രയേലിലേക്കുള്ള മിസൈൽ വിക്ഷേപണം അവസാനിപ്പിക്കണമെന്നും ബൈഡൻ പലസ്തീൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസുമായും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ടെലിഫോണിൽ ചർച്ച നടത്തി. ഇസ്രായേൽ പലസ്തീൻ കാര്യങ്ങൾക്കായുളള യുഎസ് സെക്രട്ടറി ഹാദി അമർ ഇരുപക്ഷത്തെയും നേതാക്കളുമായി ചർച്ച നടത്തുന്നതിന് മുന്നോടിയായിട്ടാണ് ബൈഡന്റെ ഇടപെടൽ.
ഹമാസിന്റെ റോക്കറ്റാക്രമണങ്ങളെ ചെറുക്കാൻ ഇസ്രായേൽ സ്വീകരിച്ച നടപടികളും മേഖലയിലെ നിലവിലെ അവസ്ഥയും ബൈഡനോട് വിശദീകരിച്ചതായി നെതന്യാഹു ട്വിറ്ററിൽ വ്യക്തമാക്കി. ഇസ്രായേലിന്റെ സ്വയം പ്രതിരോധത്തിനായുളള അവകാശത്തെ ശക്തമായി പിന്തുണയ്ക്കുന്നതിന് ബൈഡന് നെതന്യാഹു നന്ദി പറഞ്ഞു. പ്രതിരോധത്തിന്റെ ഭാഗമായി ഇസ്രായേൽ നടത്തുന്ന പ്രത്യാക്രമണത്തിൽ നിരപരാധികളായ മനുഷ്യരുടെ ജീവൻ നഷ്ടപ്പെടാതിരിക്കാൻ സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് നെതന്യാഹു പറഞ്ഞു. വ്യോമാക്രമണം നടത്തുന്ന കെട്ടിടങ്ങളിൽ മുന്നറിയിപ്പ് നൽകുന്നതുൾപ്പെടെ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണെന്ന് നെതന്യാഹു വിശദീകരിച്ചു.
ജറുസലേമിൽ ഇസ്രായേലി നേതാക്കളുമായി ഹാദി അമർ ഞായറാഴ്ച കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം വെസ്റ്റ് ബാങ്കിൽ പലസ്തീൻ ഉന്നതരുമായും ഹാദി ചർച്ചകൾ നടത്തുമെന്നാണ് വിവരം. സുസ്ഥിരമായ ശാന്തതയ്ക്കാണ് ശ്രമിക്കുന്നതെന്ന് യുഎസ് വിദേശകാര്യ വകുപ്പ് ഡെപ്യൂട്ടി വക്താവ് ജലീന പോർട്ടർ വ്യക്തമാക്കിയിരുന്നു. 2014 ന് ശേഷം ഇസ്രായേലും പലസ്തീനുമായി ഉണ്ടാകുന്ന ഏറ്റവും ശക്തമായ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്.
തിങ്കളാഴ്ച തുടങ്ങിയ ആക്രമണത്തിന് ശേഷം ഇതുവരെ ഹമാസ് ഭീകരർ ഇസ്രായേലിനെ ലക്ഷ്യമാക്കി 2500 ഓളം റോക്കറ്റുകളാണ് പ്രയോഗിച്ചിട്ടുളളത്. ഇസ്രായേലിൽ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സ് സൗമ്യ ഉൾപ്പെടെയുളളവർ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഗാസയിൽ 139 പേരും ഇസ്രായേലിൽ ഒൻപത് പേരും ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇസ്രായേൽ നടത്തിയ ശക്തമായ തിരിച്ചടിയിൽ ഹമാസിന്റെ തീവ്രവാദ കേന്ദ്രങ്ങൾ ഉൾപ്പെടെ തകർത്തിട്ടുണ്ട്.