സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ് ജോമോള്‍ ജോസഫ് എന്ന യുവതിയുടെ കുറിപ്പുകള്‍. കുട്ടിയുടുപ്പിട്ട് ചിത്രം പോസ്റ്റ് ചെയ്യുമ്പോള്‍ പാഞ്ഞടുക്കുന്നവര്‍ക്കെതിരെ ജോമോളിന്റെ കുറിപ്പായിരുന്നു വലിയ കോളിളക്കം സൃഷ്ടിച്ചത്. പുരുഷന്മാരെ ഒന്നടക്കം അധിക്ഷേപിച്ചു എന്നായിരുന്നു പരാതി. ഇതോടെ പലരും ജോമോളുടെ ശരീരത്തെ കുറിച്ചും നിറത്തെ കുറിച്ചും മോശം കമന്റുകളുമായി പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ തതനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ജോമോള്‍.
ജോമോള്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
2015 ഓഗസ്‌റില്‍ നടന്ന സംഭവമാണ്. അന്ന് ഉച്ചകഴിഞ്ഞ് 3 മണിയായപ്പോള്‍ എനിക്ക് ബാങ്കില്‍ പോകേണ്ടിവന്നു, കാരണം എന്റെ ഭര്‍ത്താവിന്റെ ബിസിസ്സില്‍ ഞാന്‍ കൂടി ഇടപെടുകയും സഹായിക്കുകയും ചയ്യാറുണ്ട്, അതായത് ഞങ്ങളുടെ ബിസിനസ്സ് ആണ്. ജീന്‍സും ടീഷര്‍ട്ടും ധരിച്ച് എന്റെ പ്രിയപ്പെട്ട Swish സ്‌കൂട്ടറിനാണ് പോയത്.
എറണാകുളത്ത് വൈറ്റിലക്ക് സമീപം പേട്ടയിലുള്ള ഒന്നാം നിലയിലെ ബാങ്കില്‍ പണമിടപാട് കഴിഞ്ഞ് തിരിച്ച് സ്റ്റെയര്‍കേസ് ഇറങ്ങി വരുമ്പോള്‍ മാന്യമായി വസ്ത്രധാരണം നടത്തിയ ചെറുപ്പക്കാരന്‍ കയ്യിലൊരു ഹെല്‍മറ്റുമായി സ്റ്റെയര്‍കേസിന്റെ നടുവിലായുള്ള ലാന്റിങ് ഏരിയയില്‍ നില്‍ക്കുന്നു.
വീതി തീരെ കുറവായ സ്റ്റെപ്പ് ഞാന്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ പടികള്‍ കയറാന്‍ തുടങ്ങി. അയാള്‍ അടുത്തെത്തിയപ്പോള്‍, രണ്ടുപേര്‍ക്ക് കടന്നുപോകാനുള്ള വീതി സ്റ്റെപ്പിനില്ലാത്തതിനാല്‍, ഞാന്‍ ചെരിഞ്ഞ് നിന്നു. പെട്ടന്നയാള്‍ പുറകില്‍ കൂടി എന്റെ ബലമായി മുലയില്‍ കടന്നു പിടിച്ചു. എന്തു ചെയ്യണമെന്നോ ഒന്നും അറിയാതെ പേടിച്ചുപോയ നിമിഷം. പെട്ടന്നുതന്നെ തിരിഞ്ഞ് അവന്റെ കയ്യിലുള്ള ഹെല്‍മറ്റ് പിടച്ചുവാങ്ങി നല്ല പെട വെച്ചു കൊടുത്തു. അവനോടി രക്ഷപ്പെടാനായി ശ്രമിച്ചപ്പോള്‍ അവനെ പിടിച്ച് വച്ച് കൈകാര്യം ചെയ്തു, നല്ല രീതിയില്‍ തന്നെ.
ആളുകള്‍ കൂടി, അവന്റെ വായില്‍ നിന്നും മുഖത്ത് നിന്നും ചോര വരുന്നുണ്ടായിരുന്നു. അവന്‍ അവശനായി എന്ന് തോന്നിയപ്പോള്‍ അവന്റെ ഫോട്ടോ എന്റെ ഫോണിലെടുത്തു. ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു കാര്യം പറഞ്ഞപ്പോള്‍ പോലീസില്‍ വിളിച്ച് അറിയിക്ക്, ഞാനിതാ വരുന്നു എന്നുപറഞ്ഞു, പോലീസ് എത്തിയപ്പോഴേക്കും ഭര്‍ത്താവും സ്ഥലത്തെത്തി.
പോലീസ് അവനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഞങ്ങള്‍ പുറകേ സ്റ്റേഷനിലേക്ക് ചെന്നു. എന്റെ മൊഴി ഞാന്‍ പോലീസിന് കൊടുത്തു, കേസാക്കി. പിന്നീടറിഞ്ഞു, അയാള്‍ ഇന്‍ഫോ പാര്‍ക്കിലെ ജോലിക്കാരനെന്ന്, അയാളുടെ വിവാഹം കഴിഞ്ഞിട്ട് ആറുമാസമേ ആയിട്ടുള്ളൂ എന്നും.
ഇപ്പോളിത് എന്തിനിവിടെ പറയുന്നു എന്ന് നിങ്ങള്‍ക്ക് തോന്നാം. എന്റെ ജീവിതം ലിവിങ്ങ് ടുഗതറാണ്, കൂടാതെ ഓപ്പണ്‍ റിലേഷനും. സ്വതന്ത്രമായ വ്യക്തി ജീവിതവും, ലൈഗീകജീവിതവും ആഗ്രഹിക്കുകയും, എന്റെ ജീവിതവും, എന്റെ താല്‍പര്യങ്ങളും, തുറന്നു പറയാന്‍ മടികാണിക്കാത്ത വ്യക്തിയും തന്നെയാണ് ഞാന്‍. എന്നുകരുതി ഞാന്‍ പുരുഷന്‍മാരെ വളക്കാന്‍ നടക്കുകയാണ് എന്നും പിഴച്ചവള്‍ ആണ് എന്ന് ആരും കരുതണ്ട. എന്റെ തീരുമാനങ്ങളും, താല്‍പര്യങ്ങളും, ആത്യന്തീകമായി എന്റെ ചോയ്‌സും, മാത്രമാണ് എന്റെ ജീവിതം, ആ ചോയ്‌സ് തീരുമാനിക്കുന്നത് ഞാന്‍ തന്നെയാണ്. എന്റെ അനുവാദം കൂടാതെ എന്റെ ശരീരത്തില് തൊടാനായി ഒരാള്‍ക്കും സ്വാതന്ത്ര്യമില്ല.
ഇന്നത്തെ സ്ത്രീകള്‍ സാമൂഹ്യമായും, കെട്ടുപാടുകള്‍ വഴിയും, ലൈംഗീകമായും ആരുടേയും അടിമകളല്ല. കേവലം ലൈംഗീക ആസക്തി തീര്‍ക്കാനുള്ള ഉപകരണങ്ങളും അല്ല സ്ത്രീകള്‍. മാന്യമായും പരസ്പരബഹുമാനത്തോടെയും ഉള്ള സൌഹൃദങ്ങളെയും സുഹൃത്തുക്കളെയും ആഗ്രഹിക്കുന്നവര്‍ തന്നെയാണ് സ്ത്രീകള്‍.
സ്ത്രീയൊന്ന് മിണ്ടിയാല്‍, തുറന്ന് സംസാരിച്ചാള്‍, അവളുടെ ആഗ്രഹങ്ങളോ അഭിപ്രായങ്ങളോ തുറന്നു പറഞ്ഞാല്‍, അവളെ പിഴച്ചവളെന്ന് മുദ്രകുത്താനും, അവളെ ലൈംഗീമായോ, ശാരീരികമായോ കടന്നാക്രമിക്കാനോ പുരുഷന്‍മാരില്‍ ചിവര്‍ ഇന്നത്തെ കാലത്തും തയ്യാറാകുന്നു എങ്കില്‍, അത്തരം കടന്നുകയറ്റങ്ങളും അതിക്രമങ്ങളും ഇനിയും അധികകാലം തുടരാനായി അത്തരമാളുകള്‍ക്ക് കഴിയില്ല, കാരണം അവളിന്ന് ആരെയും പേടിക്കാതെ സ്വൈര്യജീവിതം നയിക്കാനായി ആഗ്രഹിക്കുന്നവരാണ്. അവളോട് കരുതലും സ്‌നേഹവും ഉള്ളവരോട് തരികെ കരുതലും സ്‌നേഹവും മനസ്സുതുറന്ന് പ്രകടിപ്പിക്കുന്നതിനും അവള്‍ക്കറിയാം.
സ്ത്രീശരീരം കേവലം ലൈംഗീകദാഹം തീര്‍ക്കാനായുള്ള ഒരു ഭോഗവസ്തു മാത്രമല്ല, അതിനകത്ത് ഒരുമനസ്സും, ചിന്തകളും, താല്‍പര്യങ്ങളും, സ്വന്തമായ ചോയ്‌സുകളും ഉള്ളവളാണ് അവള്‍..