ആണും പെണ്ണും കൂടിയാല്‍ ലൈംഗീകതക്കും പ്രണയത്തിനും മാത്രം സാധ്യത?വീടുവിട്ട് ഇറങ്ങേണ്ടിവരുന്ന പെണ്‍കുട്ടികള്‍..

കൊച്ചി: ഫേസ്ബുക്കില്‍ പോസ്റ്റിട്ട് വൈറലായ മോഡലാണ് ജോമോള്‍ ജോസഫ്. ജോമോളുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റും വൈറലാവുകയാണ്. വീടുവിട്ട് ഇറങ്ങേണ്ടി വരുന്ന പെണ്‍കുട്ടികള്‍ എന്ന തലക്കെട്ടോടെ സ്വന്തം അനുഭവവും ജോമോള്‍ വിവരിച്ചിട്ടുണ്ട്.

വീടുവിട്ട് ഇറങ്ങേണ്ടിവരുന്ന പെണ്‍കുട്ടികള്‍..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പലപ്പോഴും പ്രണയത്തേക്കാളുപരിയായി ആണ്‍ പെണ്‍ സൗഹൃദങ്ങള്‍ ഉണ്ടാകാറുണ്ട്. അതില്‍ പ്രണയത്തിന് യാതൊരു ഇടവും ഉണ്ടാകാറില്ല. എന്നാല്‍ പെണ്‍പെണ്‍ സൗഹൃദങ്ങളും ആണ്‍ആണ്‍ സൗഹൃദങ്ങളും മാത്രം കണ്ടുശീലിച്ച പൊതുസമൂഹത്തിന് ആണ്‍പെണ്‍ സൗഹൃദങ്ങളെ അംഗീകരിക്കാന്‍ സാധിക്കണമെന്നില്ല. ആണും പെണ്ണും കൂടിയാല്‍ അവിടെ പ്രണയത്തിനും ലൈംഗീകതക്കും മാത്രമേ സാധ്യതയുള്ളൂ എന്ന ധാരണ പൊതുസമൂഹത്തില്‍ ആഴത്തില്‍ വേരുപിടിച്ചിരിക്കുന്നു. ഇത്തരം പല സൗഹൃദങ്ങളും പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യാറുണ്ട്.

ഇങ്ങനെ തെറ്റിദ്ധരിക്കുന്ന സൗഹൃദങ്ങളുടെ ഫലമായി, പലപ്പോഴും ആ പെണ്‍കുട്ടിയുടെ നാട്ടുകാരുടെ ഇടയിലും ബന്ധുക്കളുടെ ഇടയിലും ഒക്കെ ചര്‍ച്ചയായി അവസാനം അവളുടെ വീട്ടിലും ചര്‍ച്ചയാകുകയോ വിഷയമാകുകയോ പ്രശ്‌നമാകുകയോ ചെയ്യാറുണ്ട്. അത്തരം സാഹചര്യത്തിലൊന്നും, അവളുടെ വീട്ടുകാര്‍ അവളെ കേള്‍ക്കാനോ, അവളെ വിശ്വസിക്കാനോ തയ്യാറാകാതെ അവളെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന അവസ്ഥ വരികയും, വീട്ടുകാരാലും ബന്ധുക്കളാലും നാട്ടുകാരാലും ഒറ്റപ്പെടുത്തപ്പെടുത്തല്‍ നേരിടേണ്ടിവരുന്ന അവള്‍ അവസാനം അവളുടെ സുഹൃത്തിനെ തന്നെ അഭയത്തിനായി സമീപിക്കേണ്ട അവസ്ഥ വന്നുചേരാം. ഒരു സുഹൃത്തില്‍ നിന്നും ജീവിത പങ്കാളിയിലേക്കുള്ള ആ മാറ്റം ചിലപ്പോള്‍ വിജയം വരിക്കുകയും, മറ്റുചിലപ്പോള്‍ നല്ല സുഹൃത്തുക്കളായിരുന്ന വ്യക്തികള്‍ക്ക് നല്ല ജീവിതപങ്കാളികളാന്‍ കഴിയാതെ വന്ന് അവളുടെ/അവരുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളുടെ അടുത്ത ഘട്ടം ആരംഭിക്കുകയും ചെയ്യാം.

ഇത്തരമൊരു ജീവിതാനുഭവവും ജീവിത കാലവും എനിക്കുണ്ടായിട്ടുണ്ട്..

പ്ലസ് ടൂ തീരാറായ സമയം. അന്നൊക്കെ നാട്ടില്‍ ഫേമസായ ഒരു ബസുണ്ട്, ലാവണ്യ. ആ ബസിനെ കുറിച്ചും ആ ബസിലെ ജീവനക്കാരെ കുറിച്ചും വളരെ നല്ല മതിപ്പും അഭിപ്രായവുമായിരുന്നു എന്റെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും. ഞാന്‍ ആ ബസിനായിരുന്നു യാത്രചെയ്തിരുന്നത്. പ്ലസ്ടൂ കഴിഞ്ഞ് ഡെന്റല്‍ കോഴിസിനായി പോയിവന്നിരുന്നതും അതേ ബസില്‍ തന്നെ. ജീവനക്കാരുമായി വളരെ നല്ല സൗഹൃദം രൂപപ്പെടുന്നു. സ്വാഭാവികമായും അതേ സൗഹൃദം തന്നെ ആ ബസിന്റെ ഡ്രൈവറുമായും ഉണ്ടാകുന്നു. സുഹൃത്തുക്കള്‍ തമ്മില്‍ സംസാരിക്കുന്നതിലും ഫോണ്‍ ചെയ്യുന്നതിലും യാതൊരു അസ്വാഭീവകതയും ഞാന്‍ കണ്ടിരുന്നില്ല. അന്ന് ക്രിസ്ത്യന്‍ യുവജവനസംഘടനയിലെ ചേട്ടന്‍മാര്‍ മുഴുവനും എന്റെ നല്ല സുഹൃത്തുക്കള്‍ തന്നെയായിരുന്നു. എന്നാല്‍ ദിവസവും യാത്രചെയ്യുന്ന ബസിലെ ഡ്രൈവറുമായുള്ള സൗഹൃദത്തിന് വേറേ ചില മാനങ്ങള്‍ ചിലര്‍ കല്‍പ്പിച്ചു നല്‍കുന്നു. അതേ ഭാവനാസൃഷ്ടികള്‍ വീട്ടില്‍ അമ്മയുടെ ചെവിയിലേക്കും എത്തുന്നു. പൊടിപ്പും തൊങ്ങലും വെച്ച് അമ്മക്ക് കിട്ടിയ കഥകള്‍ അപ്പിച്ചിയിലേക്ക് (എന്റെ അപ്പനെ ഞാന്‍ അപ്പിച്ചി എന്നാണ് വിളിക്കുന്നത്). അതുവരെ കൂട്ടുകാരെപ്പോലെ പോലെ കഴിഞ്ഞിരുന്ന അപ്പിച്ചി, എന്താണ് സത്യം എന്ന് ചോദിക്കാന്‍ പോലും തയ്യാറാകാതെ എന്നെ അങ്ങേയറ്റം ക്രൂരമായി ആക്രമിക്കുന്നു. അതിലപ്പുറമായിരുന്നു അമ്മയുടെ ആക്രമണങ്ങള്‍.

ഈ ആക്രമണത്തിനും, മനസ്സില്‍ ആഴത്തില്‍ മുറിവുകളേല്‍പ്പിക്കുന്ന വാക്കുകള്‍ക്കുമിടയില്‍ ഒരു തവണ പോലും, എന്താണ് എനിക്ക് പറയാനുള്ളത് എന്ന് കേള്‍ക്കാനായി ഒരു പത്തുമിനിറ്റ് എന്റെ അപ്പനും അമ്മയും എനിക്കായി നീക്കിവെച്ചിരുന്നു എങ്കിലെന്ന് ഇന്നും ഞാന്‍ ആലോചിക്കാറുണ്ട്. രണ്ടാഴ്ചയോളം മുറിയില്‍ നിന്നും പുറത്തിറങ്ങാതെ എനിക്ക് കഴിയേണ്ടിവന്നു. അതിനിടയില്‍ തിന്നാനായി തരുന്ന ഭക്ഷണത്തിന് പോലും കണക്കുകള്‍ വന്നു തുടങ്ങി, കഴുത്തില്‍ കിടന്ന സ്വര്‍ണമാല വലിച്ചുപറിച്ചെടുക്കുന്നു, കമ്മല്‍ ഞാനായിത്തന്നെ ഊരിനല്‍കുന്നു. കുടി നിര്‍ത്തിയിട്ട് വര്‍ഷങ്ങളായ അപ്പിച്ചി കുപ്പിയും വാങ്ങി വന്ന് കുടി തുടങ്ങുന്നു. എന്റെ ‘ഭാവനാ കാമുകനെ’ കൊന്നുതള്ളാനായി കത്തി പണിയിച്ച് വെക്കുന്നു. അതിനിടയില്‍ വീട്ടില്‍ നിന്നും ഇറക്കിവിടുന്നതിന് സമമായ അവസ്ഥവരുന്നു, ആ അവസ്ഥയില്‍ ബന്ധുക്കള്‍ വന്ന് തറവാട്ടുവീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകുന്നു, ഒന്നുരണ്ടുദിവസം അവിടെ നിര്‍ത്തിയ ശേഷം ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിലേക്ക്. അവിടെ ഒരു മാസം!! ധ്യാനകേന്ദ്രത്തിലെ അവസാന നാളുകളില്‍ അപ്പനേയും അമ്മയേയും അവിടെ ധ്യാനത്തിനായി വിളിച്ചുവരുത്തി, ധ്യാനം കഴിഞ്ഞ് അപ്പച്ചി വന്ന് മാപ്പ് പറയുന്നു, വീട്ടിലേക്ക് കൂട്ടികൊണ്ടുപോകുന്നു.

പക്ഷേ ചില മുറിവുകളും മനസ്സിന്റെ വേദനകളും പെട്ടന്ന് ഉണങ്ങില്ല, യാതൊരു തെറ്റും ചെയ്യാത്ത, അന്നേവരെ ഒരാളുമായി പോലും പ്രണയത്തില്‍ പെടാതിരുന്ന എന്നെ തെറ്റിദ്ധരിച്ചതിലും, അതുവരെ വീട്ടിലെ മുത്തായിരുന്ന എന്നെ ആരുമല്ലാതാക്കി മാറ്റിയതിലും, നേരിട്ട ശാരീരിക മാനസീക ആക്രമണങ്ങളും ഒക്കെ എന്റെ മനസ്സിന്റെ താളവും, മകള്‍ വഴിതെറ്റാന്‍ കാരണമായി എന്ന് കരുതുന്ന വ്യക്തിയെ കൊല്ലാനായി മനസ്സില്‍ കരുതിയുറപ്പിച്ച അപ്പിച്ചിയും!! അങ്ങനെ ആകെ താളം തെറ്റിയ വീടായി മാറിയിരുന്നു എന്റെവീട്. അതുവരെയുണ്ടായിരുന്ന സകല താളവും ആ വിടിനും വീട്ടിലുള്ളവര്‍ക്കും നഷ്ടപ്പെട്ടിരുന്നു. പരസ്പരവിശ്വാസം നഷ്ടപ്പെട്ടവര്‍ക്കിടയില്‍ എന്ത് താളം ഉണ്ടാകാനാണ്?

ഞാന്‍ കാരണം ഒരു മനുഷ്യന്‍ കൊല്ലപ്പെടരുത് എന്നും എന്റെ അപ്പിച്ചി ഒരു കൊലയാളി ആകരുതെന്നും ഉള്ള തീരുമാനത്തോടൊപ്പം, യാതൊരു തെറ്റും ചെയ്യാത്ത എനിക്ക് മാനസീകമായും ശാരീരികമായും നേരിടേണ്ടിവന്ന ആക്രമണങ്ങളോടും തള്ളിപ്പറയലുകളോടും ഉപ്പം, എന്റെയുള്ളിലുള്ള വാശിയും ദേഷ്യവും സങ്കടവും കൂടിച്ചേരുകയും, എന്റെ വീട്ടില്‍ ഞാന്‍ ആരുമല്ലാതായ അവസ്ഥ ഉണ്ടാകുകയും ചെയ്തപ്പോള്‍ ആ വീട് വിട്ടിറങ്ങി നാട്ടുകാരില്‍ ചിലരുടേയും എന്റെ വീട്ടുകാരുടേയും മനസ്സിലെ ‘ഭാവനാകാമുകനോടൊപ്പം’ പോകുകയായിരുന്നു ഞാന്‍.

ഞാന്‍ പോയ പുറകെ ഹേബിയസ് കോര്‍പസ് പരാതിയുമായി വീട്ടുകാര്‍ കോടതിയെ സമീപിക്കുന്നു, ഞാന്‍ വായിച്ചുകേള്‍ക്കുക പോലും ചെയ്യാത്ത; ‘ഞാന്‍ പോലീസിന് കൊടുത്ത മൊഴിയില്‍’ നിറയെ വീട്ടുകാര്‍ക്കെതിരായ കുറ്റപത്രം കുത്തിനിറച്ച് എന്നെ കോടതിയില്‍ ഹാജരാക്കുന്നു, അവിടെ വെച്ച് ‘ഭാവനാ കാമുകന്‍’ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജയിലിലാതിരിക്കാന്‍ വേണ്ടി ‘കാമുകനോടൊപ്പം’ തന്നെ പോയാല്‍ മതിയെന്ന് കോടതിയോട് പറയേണ്ടിവരുന്ന അവസ്ഥയും ജീവത്തില്‍ ആദ്യം!!

ഇത്രയും സംഭവബഹുലമായ ദിവസങ്ങള്‍ക്കും ആഴ്ചകള്‍ക്കും മാസങ്ങള്‍ക്കും ഇടയിലെപ്പോഴെങ്കിലുമോ, അതോ പ്രണയത്തിലാണ് മകളെന്ന വാര്‍ത്ത അറിഞ്ഞ നിമിഷമോ എനിക്കായി അപ്പിച്ചി ഒരു പത്തുമിനിറ്റ് മാറ്റിവെച്ചിരുന്നു എങ്കില്‍, എനിക്ക് പറയാനുള്ളത് അപ്പിച്ചി കേട്ടിരുന്നു എങ്കില്‍, എന്റെ വാക്കുകളില്‍ സത്യത്തിന്റെ അംശമുണ്ടെന്ന് അപ്പിച്ചിക്ക് സ്വയം ബോധ്യപ്പെട്ടിരുന്നു എങ്കില്‍, അതേവരെ എന്നെ തലയില്‍ വെച്ചുകൊണ്ട് നടന്നിരുന്ന, അതുവരെ എന്നെ തല്ലിയിട്ടില്ലാത്ത, അതുവരെ എന്നെ ചീത്തവിളിച്ചിട്ടില്ലാത്ത (അതിനുള്ള സാഹചര്യം ഞാനുണ്ടാക്കിയിട്ടില്ല എന്നതാണ് സത്യം) അപ്പിച്ചിക്ക് അതൊന്നും ജീവിതത്തില്‍ ഒരിക്കലും വേണ്ടിവരില്ലായിരുന്നു. മാത്രമല്ല ആ വീട്ടില്‍ കാലുഷ്യത്തിന്റെ ഒരു സെക്കന്റ് പോലും ഉണ്ടാകുകയും ചെയ്യുകയില്ലായിരുന്നു. ആ വീടിന്റെ പടികളിറങ്ങി തിരിഞ്ഞുപോലും നോക്കാതെ എനിക്ക് പോരേണ്ടിവരില്ലായിരുന്നു..

പക്ഷെ ഇതുകൊണ്ടൊക്കെ എനിക്ക് നല്ലതുമാത്രമേ ഉണ്ടായിട്ടുള്ളൂ, ഇന്നത്തെ എന്റെ ജീവിതത്തിന് കാരണം ആ ആറേഴ് വര്‍ഷങ്ങളുടെ ദുരിതത്തിലൂടെ കടന്ന് വന്നതിന് ശേഷം ഞാന്‍ നേടിയതാണ്. ഇന്ന് ഞാന്‍ സ്വതന്ത്രവ്യക്തിയായി ജീവിക്കുന്നതിന് പിന്നില്‍, ഞാനനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് പിന്നില്‍, എന്റെ ചിന്തകള്‍ക്ക് പിന്നില്‍, ഞാനെഴുതുന്ന ഓരോ അക്ഷരങ്ങള്‍ക്കും വാക്കുകള്‍ക്കും പിന്നില്‍, എന്നെ ഞാനാക്കിമാറ്റിയതിന് പിന്നില്‍ ആ ആറേഴ് വര്‍ഷങ്ങളുടെ ദുരിതപര്‍വ്വം തന്നെയാണ്. ആരോടും വാശിയില്ല, പിണക്കമില്ല, എല്ലാവര്‍ക്കും നല്ലത് വരണമെന്ന ആഗ്രഹം മാത്രം..

ഇനി പറയാനുള്ളത് മാതാപിതാക്കളോടാണ്

മക്കള്‍ തെറ്റുചെയ്താലും, അവരെ കുറിച്ച് മോശമായി കേട്ടാലും, വാളെടുത്ത് വെളിച്ചപ്പാടായി മാറുന്നതിന് മുമ്പ്, അവരെ അടുത്ത് വിളിച്ചിരുത്തി അവര്‍ക്ക് പറയാനുള്ളത് പറയാനുള്ള അവസരം നല്‍കുക. അവരെ കേള്‍ക്കാന്‍ മനസ്സുകാണിക്കുക. അവര്‍ക്ക് തെറ്റുപറ്റിയാല്‍ പോലും ആ തെറ്റ് നിങ്ങളോട് തുറന്നുപറയാനുള്ള സ്‌പേസ് അവര്‍ക്ക് കൊടുക്കാന്‍ നിങ്ങള്‍ക്ക് മാത്രമേ കഴിയൂ, അവരുടെ കൂടെ കൈപിടിച്ച് നിന്നാല്‍ അവര്‍ക്ക് തെറ്റുകള്‍ തിരുത്തി ശരിയുടെ വഴിയേ തിരികെവരാനുള്ള ധൈര്യവും ആര്‍ജ്ജവവും നിങ്ങള്‍ പോലും അറിയാതെ അവര്‍ക്ക് ലഭിക്കും. അവരെ ഉടമസ്ഥാവകാശത്തോടുകൂടി സമീപിക്കാതെ അവരെ ചേര്‍ത്തുനിര്‍ത്തിയാല്‍, അവര്‍ക്ക് മനസ്സുതുറക്കാനായി നിങ്ങളേക്കാള്‍ യോജ്യരായി വേറാരും കാണില്ല ഈ ലോകത്ത്. ഒരു പ്രണയം സംഭവിച്ചു എന്നതോ, അവര്‍ പ്രണയത്തിലാണെന്ന് നിങ്ങള്‍ തെറ്റിദ്ധരിച്ചു എന്നതോ മക്കള്‍ക്ക്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് വീടുകളുടെ പടികളിറങ്ങാനുള്ള ഒരു കാരണമായി മാറാതിരിക്കട്ടെ..

നബി ഒരു പെണ്‍കുട്ടിക്കും വീടുവിട്ട് ഇറങ്ങേണ്ട അവസ്ഥ വരാതിരിക്കട്ടെ..
#My_Life_and_My_Experiences

Top