തൊഴില്‍ ഉറപ്പ് കേരളത്തിനു നല്കിയ സംഭാവന എന്ത്? ചെറുകിടക്കാരായ പാവപ്പെട്ട കര്‍ഷകരുടെ അവസ്ഥ എന്ത്? ജോസ് ചെമ്പേരി

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വലിയ വിപ്ലവ പദ്ധതി എന്ന് അവര്‍തന്നെ പാടി നടക്കുന്ന തൊഴിലുറപ്പ് ഉത്തരേന്ത്യയെ എങ്ങിനെ ബാധിച്ചു എന്നത് ഞാന്‍ പഠിച്ചിട്ടില്ല. എന്നാല്‍ ഒരു കാര്യം ശരിയാണ്അവിടുത്തെ കൃഷിക്കാര്‍ 100 കണക്കിന് ഏക്കറില്‍ കൃഷി ഇറക്കുന്ന വന്‍കിടക്കാരാണ്. കേരളത്തിലെ ഏതാണ്ട് 40 ലക്ഷത്തില്‍ അധികം വരുന്ന കൃഷിക്കാരില്‍ 90 ശതമാനവും ഒരു ഹെക്ടറില്‍ താഴയുള്ള പരിമിത കര്‍ഷകരും, ഒരു ഹെക്ടറിനു മുകളിലും എന്നാല്‍ രണ്ട് ഹെക്ടറോ അതില്‍ താഴെയോഭൂമിഉള്ള ഇടത്തരം കര്‍ഷകരുമാണ്. 5 ഏക്കറിന് മുകളില്‍ 15 ഏക്കര്‍ വരെയുള്ളവര്‍ തുലോം തുഛമാണ്. തൊഴിലെടുക്കാന്‍ വരുന്നവര്‍ക്ക് ന്യായമായ കൂലിയും നല്ല ഭക്ഷണവും കൊടുക്കുന്നവരും, തൊഴിലെടുക്കുന്നവര്‍ക്കൊപ്പം ഇവര്‍ ജോലി ചെയ്യുന്നവരുമാണ്. തൊഴില്‍ എടുക്കുവാന്‍ വരുന്നവരോ ലഭിക്കുന്ന വേതനത്തിനൊത്ത് ഉച്ചപ്പണി ആയാലും, അന്തിപ്പണി ആയാലും ഇവര്‍ ആത്മാര്‍ഥമായി ജോലി ചെയ്യുമായിരുന്നു. ഇരുകൂട്ടരും സംതൃപ്തതരും ആയിരുന്നു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലക്കുറവ് ഒഴിച്ചാല്‍ കാര്‍ഷിക മേഖല സമ്പന്നവുമായിരുന്നു. ഇതായിരുന്നു. കേരളത്തിന്റെ കാര്‍ഷിക അടിത്തറ. തൊഴില്‍ ഉറപ്പുവന്നതോടെ എല്ലാം അവതാളത്തിലായി.

ഇന്ന് ഒരു പണിക്കും ആളെ കിട്ടുന്നില്ല. തേങ്ങ ഇടാനോ തെങ്ങിന്റെ ചുവട് തുറക്കാനോ ആരുമില്ല. അഥിതി തൊഴിലാളി എന്ന ഓമനപ്പേരില്‍ നമ്മള്‍ വിളിക്കുന്ന ബംഗാളി തെങ്ങിന്റെ ചുവട് തുറന്നാല്‍ ഉള്ള വേരു മുഴുവന്‍ കൊത്തി നശിപ്പിച്ചു കളയും, തേങ്ങയിട്ടാല്‍ തെങ്ങില്‍ ഉള്ളിടത്തോളം കുല വെട്ടി താഴെ ഇടും. കൃഷിയുമായി ബന്ധപ്പെട്ട ഏത് തൊഴില്‍ ഇവരെക്കൊണ്ട് എടുപ്പിച്ചാലും ഇതാണ് അവസ്ഥ. നിര്‍മ്മാണമേഖലയിലും, കരിങ്കല്‍, ചെങ്കല്‍ ക്വാറികളിലും, ഹോട്ടലുകളിലെ അടുക്കളപ്പണിയും ഒഴിച്ച് ഒരു തൊഴിലും ഇവര്‍ക്ക് വശമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൃഷിതൊഴില്‍ അറിയാവുന്നവര്‍ തൊഴിലുറപ്പുകാരുമായി (തൊഴില്‍ ഇരിപ്പ്) മുഖ്യപണി റോഡിന്റെ ഇരുവശവുമുള്ള ചെറിയ കാടുവയക്കല്‍ അല്ലെങ്കില്‍ കാന കീറല്‍ രണ്ടായാലും 10 പേര്‍ അന്തിവരെ ജോലി ചെയ്താല്‍ തീരുന്നത് 15 മീറ്റര്‍. ഇത് അതിശയോക്തിയല്ല ഏതാണ്ട് യാഥാര്‍ത്ഥ്യമാണ്.

ചെറുകിടക്കാരായ പാവപ്പെട്ട കര്‍ഷകര്‍ എന്തു ചെയ്യും? കൃഷിക്കാരന്‍ എത്രമിടുക്കനായാലും ഒന്നോ രണ്ടോ സഹായികളില്ലാതെ കൃഷി മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയില്ല. ഇതാണ് പലതരം ആഹാര സാധനങ്ങള്‍ ഉല്‍പ്പാദിപ്പിച്ച് നാടിന് നല്കുന്ന കൃഷിക്കാരുടെ അവസ്ഥ. കാലക്രമേണ ഉല്‍പ്പാദന മേഖല ഇല്ലാതാവും. എല്ലാത്തിനും അന്യ സംസ്ഥാന വണ്ടികള്‍ വരുന്നത് നോക്കി വിഷലിപ്തമായ ആഹാരവും കഴിച്ച് മലയാളി ജീവിക്കേണ്ടിവരും. തൊഴില്‍ ഉറപ്പ് കേരളത്തിനു നല്കിയ സംഭാവന.

ജോസ് ചെമ്പേരി, ജനറല്‍ സെക്രട്ടറി, കേരള കോണ്‍ഗ്രസ്(ബി)
ഡയറക്ടര്‍, കേരള കര്‍ഷകക്ഷേമ നിധി ബോര്‍ഡ്.

Top