തിരുവനന്തപുരം: യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാർത്ഥി ജോസ് കെ മാണി എംപി ക്കെതിരെ വരണാധികാരിക്ക് എൽഡിഎഫ് നൽകിയ പരാതി തള്ളി. ലോക്സഭാ അംഗത്വം രാജിവെക്കാതെ രാജ്യസഭയിലേക്ക് നോമിനേഷൻ നൽകിയത് ഇരട്ടപദവി ചട്ടത്തിന്റെ ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിാണ് വരണാധികാരി തള്ളിയത്.
പത്രിക തള്ളണം എന്നാവശ്യപ്പെട്ട് സിപിഎം നേതാവ് സുരേഷ് കുറുപ്പ് എംഎൽഎയാണ് പരാതി നൽകിയത്. ജോസ് കെ മാണിയുടെ നാമനിർദേശ പത്രികയുടെ രണ്ടാം ഭാഗത്തിൽ ഇരട്ടപദവി വഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അതെ എന്നാണ് ഉത്തരം നൽകിയിരിക്കുന്നത്. ആ സാഹചര്യത്തിൽ ഈ നാമനിർദേശ പത്രിക തള്ളണം എന്നാണ് പരാതിയിൽ സുരേഷ് കുറുപ്പ് എംഎൽഎ ആവശ്യപ്പെട്ടിരിക്കുന്നത്. ഇരട്ട പദവി വഹിക്കുന്നുണ്ടെന്ന് സ്ഥാനാർത്ഥി തന്നെ സമ്മതിക്കുന്ന സാഹചര്യത്തിൽ പത്രിക തള്ളണമെന്നും പരാതിയിൽ പറയുന്നു. എന്നാൽ എൽഡിഎഫിന്റെ പരാതി തള്ളി വരണാധികാരിയായ നിയസഭാ സെക്രട്ടറി ബി.കെ ബാബു പ്രകാശ് പത്രിക സ്വീകരിച്ചു.