കോട്ടയം: കേരളത്തിലെ യുഡിഎഫിന്റെ അടിത്തറ ഇളക്കുന്നതാണ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം .ജോസ് കെ മാണി എത്തുന്നതോടെ മധ്യ തിരുവിതാംകൂറിൽ രാഷ്ട്രീയ മുന്നേറ്റം സി.പി.എം പ്രതീക്ഷിക്കുന്നു .ജോസ് കെ മാണിയെ മുന്നണിയിൽ എത്തിക്കുന്നതിലൂടെ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് സിപിഎമ്മിനുള്ളത്. ന്യൂനപക്ഷങ്ങളെ പാർട്ടിയോട് അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്. ക്രൈസ്തവ ന്യൂനപക്ഷ മേഖലകളിൽ വ്യക്തമായ സ്വാധീനം കേരള കോൺഗ്രസ് പാർട്ടികൾക്കുണ്ട് എന്നാണ് സിപിഎം വിലയിരുത്തൽ. ഇതിൽ ജോസിലൂടെ കുറച്ചെങ്കിലും നേടാനായാൽ മധ്യകേരളത്തിൽ പിന്നോക്കം നിൽക്കുന്ന പല മണ്ഡലങ്ങളിലും ഒന്നാമത് എത്താമെന്ന് സിപിഎം കണക്കുകൂട്ടുന്നു.
ജോസ് കെ മാണിക്ക് നൽകാൻ ആലോചിക്കുന്ന സീറ്റുകൾ പരിശോധിച്ചാലും ഇതു തന്നെയാണ് വ്യക്തമാകുന്നത്. കോട്ടയത്ത് ആകെയുള്ള ഒമ്പത് സീറ്റുകളിൽ ആറും ജോസിന് നൽകുമെന്ന് കരുതുന്നു. നേരത്തെ മാണി വിഭാഗം മത്സരിച്ച ഏറ്റുമാനൂർ സീറ്റ് സിപിഎമ്മിന് നൽകും. സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഇവിടെ നിന്ന് മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ സിപിഎം മത്സരിച്ചിരുന്ന കോട്ടയം അല്ലെങ്കിൽ പുതുപ്പള്ളി സീറ്റ് പകരമായി നൽകും.
റാന്നി, പിറവം, ചാലക്കുടി, ഇരിക്കൂർ, ഇടുക്കി, തൊടുപുഴ, കുറ്റ്യാടി എന്നീ ഏഴു സീറ്റുകൾ നൽകുന്നതിലൂടെയും ക്രൈസ്തവസഭകളോട് ഉള്ള അടുപ്പം കൂട്ടാനാണ് സിപിഎം ലക്ഷ്യം. റാന്നിയിൽ നാലുതവണ മത്സരിച്ച് വിജയിച്ച രാജു എബ്രഹാമിന് ഇത്തവണ സീറ്റ് നൽകാൻ സിപിഎമ്മിന് കഴിയില്ല. പകരം മികച്ച സ്ഥാനാർഥി ഇവിടെ ഇല്ലാത്തതാണ് സിപിഎമ്മിന് വെല്ലുവിളി. ജോസ് ഭാഗം കത്തോലിക്കാ സമുദായത്തിൽനിന്നുള്ള ആളെ ഇവിടെ നിർദ്ദേശിച്ചിട്ടുണ്ട്. ചാലക്കുടിയും സമാനമായ സ്ഥിതിയാണ്. ബി ഡി ദേവസിക്ക് സിപിഎം ഇത്തവണ സീറ്റ് നൽകില്ല. പകരം ജോസ് വിഭാഗം സ്ഥാനാർഥി മത്സരിക്കും.
ഇടുക്കിയിൽ കഴിഞ്ഞ തവണ മത്സരിച്ച് 9333 വോട്ടിന് തോറ്റ എൽഡിഎഫിന് അന്നത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന റോഷി അഗസ്റ്റിനെ തന്നെ രംഗത്ത് ഇറക്കിയാൽ മണ്ഡലം പിടിക്കാം എന്നാണ് കണക്കുകൂട്ടൽ. ഈ മുന്നണി മാറ്റത്തിലൂടെ അങ്ങനെയും ഗുണമുണ്ട്. എന്നാൽ റോഷിക്ക് താല്പര്യം പാലാ ആണ്. കോൺഗ്രസിലെ കെ സി ജോസഫ് 42 വർഷമായി എംഎല്‍എ ആയ ക്രൈസ്തവ സ്വാധീനമുള്ള കണ്ണൂർ ഇരിക്കൂർ നൽകുന്നതും ഇതേ ലക്ഷ്യങ്ങളോടെയാണ്. ഇന്നല്ലെങ്കിൽ നാളെ ഇത്തരം മണ്ഡലങ്ങളിൽ നേട്ടമുണ്ടാകുമെന്ന് സിപിഎം കണക്കുകൂട്ടുന്നു.
കോഴിക്കോട് മുസ്ലിം ലീഗ് കഴിഞ്ഞതവണ 1157 വോട്ടിന് സിപിഎമ്മിനെ പരാജയപ്പെടുത്തിയ കുറ്റ്യാടി ജോസിന് നൽകിയേക്കും. ജോസ് പക്ഷത്തെ നേതാവായ കോട്ടയം സ്വദേശി മുഹമ്മദ് ഇഖ്ബാൽ ഇവിടെ മത്സരിച്ചേക്കും. രണ്ടു തവണ പേരാമ്പ്രയിൽ മത്സരിച്ച ഇഖ്ബാൽ കഴിഞ്ഞതവണ 4101 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. വിവിധ ക്രൈസ്തവ സഭകളുമായി കൂടിയ ആശയവിനിമയം നടത്തിയ ശേഷമാണ് ജോസിന്റെ മുന്നണി മാറ്റം എന്നാണ് സൂചന.