പാലാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ ചരിത്ര വിജയം നേടിയതോടെ എതിര്‍പക്ഷമായ കേരളാ കോണ്‍ഗ്രസില്‍ വാക്പോര് തുടങ്ങി. ജോസ് കെ മാണി വിഭാഗത്തിന്റെ വോട്ടാണ് എല്‍ഡിഎഫിനു മറിഞ്ഞതെന്നു മുതിര്‍ന്ന നേതാവ് പി.ജെ ജോസഫ്. എന്നാല്‍ രാമപുരത്ത് ബിജെപി വോട്ടുകളാണ് എല്‍ഡിഎഫിനു ലഭിച്ചതെന്ന് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസ് ടോം പറഞ്ഞു. അതേസമയം യുഡിഎഫിന്റെ വോട്ടാണ് തനിക്കു കിട്ടിയതെന്നു മാണി സി. കാപ്പനും പറഞ്ഞു.
രാമപുരത്തെ ലീഡ് നില ഫലസൂചനയാണെന്നും മാണി സി. കാപ്പന്‍ പറഞ്ഞിരുന്നു. പാലാ നഗരസഭയിലടക്കം അപ്രതീക്ഷിത മുന്നേറ്റുമുണ്ടാകുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞു. യുഡിഎഫിന്റെ ശക്തികേന്ദ്രമായ രാമപുരത്ത് വോട്ടു കുറഞ്ഞതിനു കാരണം അന്വേഷിക്കുകയാണ് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ്. ജോസ് കെ. മാണി വിഭാഗത്തിന്റെ വോട്ടുകള്‍ മറുപക്ഷത്തേക്കു പോയി എന്നതാണ് കാരണമായി ജോസഫ് മാധ്യമങ്ങളോടു പ്രതികരിച്ചത്. കൂടുതല്‍ വിശകലനങ്ങള്‍ക്കു ഫലം വരേണ്ടതുണ്ടെന്നും ജോസഫ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ഫലം ജോസ് കെ മാണിയുടെ രാഷ്ട്രീയ ജീവിത്തില്‍ നിര്‍ണ്ണായകമാകുമെന്ന് ഉറപ്പാണ്. കെ. എം. മാണി ഇല്ലാത്ത കേരള കോണ്‍ഗ്രസിനെ നയിക്കാന്‍ ജോസ് കെ മാണി പ്രാപ്തനല്ലെന്ന് തെളിയിക്കുന്നതായിരുന്നു ഉപതെരഞ്ഞെടുപ്പിനിടെ നടന്ന സംഭവ വികാസങ്ങള്‍. ജോസഫ് പക്ഷത്തെ ഇണക്കത്തില്‍ കൂടെ നിര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല മണ്ഡലത്തിലെ കേരള കോണ്‍ഗ്രസുകാരുടെ മനസിലിടം നേടിയ ചിഹ്നം പോലും വാങ്ങിയെടുക്കാന്‍ ജോസ് കെ മാണിക്ക് കഴഞ്ഞില്ല.
വിട്ടുവീഴ്ച്ച ചെയ്തും ഇടനിലക്കാരെ വച്ചും സ്വന്തം തീരുമാനം പാര്‍ട്ടിയുടെ തന്നെ തീരുമാനമാക്കി മാറ്റുന്ന മാണിയുടെ വിരുത് ജോസിനില്ല എന്നതിന് തെളിവാണ് പാല ഉപതെരഞ്ഞെടുപ്പ്. നിഷ ജോസ് കെ മാണിയെ മത്സരിപ്പിക്കാന്‍ ശ്രമിച്ചതുമുതലാണ് പാര്‍ട്ടിയിലെ ഇലക്ഷന്‍ സംബന്ധമായ കലഹം ആരംഭിക്കുന്നത്. കുടുംബ രാഷ്ട്രീയത്തെ ഇനിയും കേരളം ഉള്‍ക്കൊള്ളില്ലെന്ന തിരിച്ചറിവ് പോലും ഇല്ലാത്ത രാഷ്ട്രീയ ബുദ്ധിയാണ് ജോസ് കെ മാണിക്കുള്ളത്. രാജ്യ്തതാകെ നടക്കുന്ന രാഷ്ട്രീയ മാറ്റങ്ങളെ മനസുലാക്കാനുള്ള ത്രാണിയില്ലാത്ത ആളായി രാജ്യസഭാ അംഗം മാറുകയാണ്.