തിരുവനന്തപുരം :ലോകത്ത് ഭീകരമായി മാറിക്കൊണ്ടിരിക്കുകയാണ് കോവിഡ് .കോവിഡ് കേസുകളെ ഇന്ത്യ രണ്ടാമതായി എത്തി നിൽക്കുന്നു .ഈ കില്ലർ വൈറസിന് ഇതുവരെ വാക്സിൻ കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ മനുഷ്യർ നിസ്സഹായകരായി നിൽക്കെയാണ് .ഒരുപാട് കൊറോണ അനുഭവങ്ങൾ മാധ്യമങ്ങൾ കൂടി അറിയാറുണ്ട്.വേദനിപ്പിക്കുന്നതും ചിന്തനീയവുമായ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് .അതിനിടെ ഒരു മാധ്യമ പ്രവർത്തകന്റെ കത്ത് വ്യത്യസ്‍തമാവുകയാണ് ട്വന്റിഫോര്‍ ന്യൂസ് തിരുവനന്തപുരം യൂണിറ്റിലെ സീനിയർ റിപ്പോര്‍ട്ടറായ അല്‍ അമീന്‍ തോട്ടുമുക്ക് തന്റെ അനുഭവക്കുറിപ്പ് ഒരു കത്തായി എഴുതിയിരിക്കയാണ് .‘ ടു കൊവിഡ് 19, നോവല്‍ കൊറോണ വൈറസ് എന്ന അഡ്രസിൽ ആണ് ഈ അനുഭവക്കുറിപ്പ് .കത്തിയും കത്രികയും കയറുമില്ലാത്ത വാർഡിൽ 12 ദിനങ്ങൾ.. നീണ്ട ഏകാന്തവാസം.അതിനുശേഷം കോവിഡ് കണ്ടംവഴി ഓടിഎന്നും മാധ്യമപ്രവർത്തകൻ അല്‍ അമീന്‍ വിവരിക്കുന്നു..
മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്:
To,
കൊവിഡ് – 19
C/O നോവല്‍ കൊറോണ വൈറസ്
വുഹാന്‍, ചൈന
അളിയാ, ഓര്‍മയുണ്ടോ?
ലക്ഷക്കണക്കിന് ആളുകള്‍ക്കിടയില്‍ കയറി ഇറങ്ങുന്നത് കൊണ്ട് ഓര്‍മയുണ്ടാകാന്‍ വഴിയില്ല. നിലവിട്ടുള്ള ഓട്ടത്തിനിടയില്‍ നീ എന്റെയടുക്കലും വന്നിരുന്നു.ഞാനറിയാതെ എന്റെ ശരീരത്തേക്ക് കയറി വന്നതു പോലെ, എന്നെ അറിയിക്കാതെ തന്നെ നീ വിട്ടു പോവുകയും ചെയ്തു. എന്തായാലും സന്തോഷം.
നീ എവിടേക്കാണ് പോയതെന്നോ ആരൊക്കെയാണ് നിന്റെ അടുത്ത ഇരകളെന്നോ അറിയില്ല; പക്ഷേ ഒരഭ്യര്‍ത്ഥനയുണ്ട് – കഴിഞ്ഞ രണ്ടാഴ്ചയോളം ഒപ്പമുണ്ടായിരുന്ന സ്വാതന്ത്ര്യം വെച്ച് പറയുകയാണെന്ന് കൂട്ടിക്കോ – സാധിക്കുമെങ്കില്‍ പ്രായമായവരെയും മറ്റു രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരെയും കുഞ്ഞുമക്കളെയും നീ പ്രയാസപ്പെടുത്തരുത്. അവര്‍ക്കെല്ലാവര്‍ക്കുമൊന്നും ഒരുപക്ഷേ നിന്റെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചെന്ന് വരില്ല. അത്തരക്കാരോട് ഏറ്റുമുട്ടുന്നതിന് പകരം ആരോഗ്യദൃഢഗാത്രരോട് ഫൈറ്റ് ചെയ്യുന്നതല്ലേ മുത്തേ ഹീറോയിസം, അതല്ലേ യഥാര്‍ത്ഥ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്. ഉടനെ നീ ഇവിടം വിട്ടു പോകണമെന്നതാണ് പ്രധാനമായും പറയാനുള്ളത്, അതിന് ഉദ്ദേശമില്ലെങ്കില്‍ എതിരാളികളുടെ തെരഞ്ഞെടുപ്പില്‍ മുകളില്‍ സൂചിപ്പിച്ച മാനദണ്ഡമെങ്കിലും പാലിക്കാന്‍ നീ തയ്യാറാകണം.
മാസ്‌ക് ധരിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ചും പരമാവധി സാമൂഹിക അകലം പാലിച്ചുമൊക്കെയാണ് നടന്നിരുന്നതെങ്കിലും ആ ബാരിക്കേഡുകള്‍ ഒക്കെ ഭേദിച്ച് നീ എന്റെ ബോഡിയിലും കയറിപ്പറ്റി; കൊച്ചു കള്ളന്‍. എന്നായാലും നീ വരുമെന്ന് ഉറപ്പായിരുന്നു.
പക്ഷേ, നാടു മുഴുവന്‍ ചുറ്റിയിട്ട് വീട്ടിലും നാട്ടിലും ഷൂട്ടിന് പോകുന്ന ഇടങ്ങളിലും ജോലിയിടത്തും ഒക്കെ എന്നോടു ബന്ധപ്പെട്ട് നില്‍ക്കുന്ന കുഞ്ഞു മക്കള്‍ക്കും പ്രായമായവര്‍ക്കും രോഗികള്‍ക്കും വീട്ടുകാര്‍ക്കും ഒക്കെ നിന്നെ സമ്മാനിക്കേണ്ടി വരുമോയെന്ന ആശങ്കയും അങ്കലാപ്പും വലുതായിരുന്നു; അക്കാര്യത്തില്‍ സത്യം പറഞ്ഞാല്‍ നിന്നെ പേടിയും ഭയവും ഒക്കെ ആയിരുന്നു കേട്ടോ.
പക്ഷേ, വീട്ടില്‍ പോകാതെയും പുറത്ത് ഷൂട്ടിന് ഇറങ്ങാതെയും ഒക്കെ ഇരുന്ന സമയം നോക്കി, സമ്പര്‍ക്കപ്പട്ടികയില്‍ അധികം ആര്‍ക്കും ഇടം നല്‍കാത്തവിധത്തില്‍ ആണ് നീ വന്നത്. അക്കാര്യത്തില്‍ നീ മാന്യത കാണിച്ചതില്‍ വളരെ നന്ദിയുണ്ട്. കെട്ടിപ്പിടിച്ച് ഉമ്മ
സര്‍ക്കാരിന് കീഴിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഹോസ്റ്റലിലെ 64-ാം നമ്പര്‍ മുറിയില്‍, കഴിഞ്ഞ പന്ത്രണ്ടു ദിവസം ഏകാന്തവാസം അനുഭവിച്ചപ്പോഴും, ശരീരത്തെ തളര്‍ത്താന്‍ നീ പലവേള ശ്രമിച്ചപ്പോഴും, മനസ് പതറാതെ മുന്നോട്ടു പോകാന്‍ കരുത്ത് ലഭിച്ചത്, എന്നിലൂടെ മറ്റാരിലേക്കും നിനക്ക് എത്തിപ്പെടാന്‍ സാധിച്ചില്ലല്ലോ എന്ന ഒറ്റ കാരണം കൊണ്ടു മാത്രമാണ്. ശാരീരിക ബുദ്ധിമുട്ട് കാരണം പല ദിവസങ്ങളിലും നീ ഉറങ്ങാന്‍ പോലും അനുവദിക്കാതിരുന്നപ്പോഴും പിടിച്ചു നിന്നത് മറ്റാര്‍ക്കും ഞാന്‍ നിന്നെ പകര്‍ന്ന് നല്‍കിയില്ലല്ലോ എന്ന ആശ്വാസത്തിന്റെ ബലത്തിലാണ്.
പലവിധത്തിലായിരുന്നല്ലോ നിന്റെ അഭ്യാസങ്ങള്‍: ചുമ, തലവേദന, തൊണ്ടവേദന, നെഞ്ചുവേദന, ദിവസങ്ങളോളം നീണ്ടു നിന്ന അസഹനീയമായ ശരീരവേദന…
അങ്ങനെ അങ്ങനെ പലവിധത്തില്‍.
ഇക്കഴിഞ്ഞ 24-ാം തീയതി ക്വാറന്റൈനില്‍ കയറി കുറച്ചു ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ നീ എത്തിയെന്ന് ഉറപ്പിച്ചതാണ്; നിന്റെ വരവ് അറിയിച്ചുള്ള ചെറിയ ചെറിയ ലക്ഷണങ്ങള്‍ അന്നേ പ്രകടമായിരുന്നു. വല്യ കാര്യമാക്കിയില്ലെന്ന് മാത്രം. പക്ഷേ, തിരുവോണത്തിന്റെ തലേദിവസം രാത്രി ഒരു പോള കണ്ണടക്കാന്‍ അനുവദിക്കാതിരുന്നത് നീ ഓര്‍ക്കുന്നുണ്ടാവും; ശരീര വേദനയുടെ രൂപത്തില്‍ നീ പലയിടങ്ങളിലും കുത്തി നോവിച്ചപ്പോള്‍, പാതിരാത്രിയില്‍ കരയാതെ കരയുകയായിരുന്നു ഞാന്‍. കിടക്കാനോ നിക്കാനോ ഇരിക്കാനോ വയ്യാതെ വെടി കൊണ്ട പന്നിയെ പോലെ മുറിക്കുള്ളില്‍ ഓടുകയായിരുന്നു രാത്രിയുടെ അന്ത്യയാമങ്ങളില്‍. എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു; കൊവിഡ് സെല്ലില്‍ വിവരം അറിയിച്ചു. ഉടനെ തന്നെ ആംബുലന്‍സെത്തി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി പരിശോധിച്ചു. തിരുവോണദിവസം കൈയ്യോടെ അങ്ങ് അടിച്ചു തന്നു; കൊവിഡ് പോസിറ്റീവ്…..
പ്രതീക്ഷിച്ച വാര്‍ത്തയായത് കൊണ്ട് പ്രത്യേകിച്ച് ഷോക്കിങ് ഒന്നുമുണ്ടായില്ല. വളരെ കൂളായാണ് അടുത്ത ആംബുലന്‍സില്‍ കയറി കൊവിഡ് കെയര്‍ സെന്ററായ IMG യിലേക്ക് എത്തിയത്. 64-ാം നമ്പര്‍ മുറിയിലേക്ക് കയറ്റി, ഇനി പുറത്തേക്ക് ഇറങ്ങരുത് എന്ന് നിര്‍ദേശിക്കുമ്പോഴും പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല. പറന്നു നടന്നിരുന്ന കിളിയെ പിടിച്ച് കൂട്ടിലടച്ചാല്‍ (കോഴിയും കിളിയാണെന്ന ഡയലോഗ് നിരോധിച്ചിരിക്കുന്നു ????) ഉണ്ടാകുന്ന വീര്‍പ്പ് മുട്ടല്‍ പിന്നീട് എപ്പോഴക്കെയോ അനുഭവിച്ചു എന്നത് നേര്.
പക്ഷേ, ഏകാന്തതയുടെ നിഴല്‍ വെളിച്ചത്തിന് പോലും കടന്നുവരാന്‍ ഇടം നല്‍കാതെ സദാസമയം ഫോണിന്റെ മറുതലക്കല്‍ നിലയുറപ്പിച്ചിരുന്ന നല്ലപാതിയും വീട്ടുകാരും കുടുംബക്കാരും കൂട്ടുകാരും, കരുതലിന്റെ ഉരുക്കുകോട്ട തീര്‍ത്തുകൊണ്ട് കട്ടക്ക് കൂടെ നിന്ന സഹപ്രവര്‍ത്തകരും സ്ഥാപനവും…
ദിവസവും ക്ഷേമമന്വേഷിച്ച് എത്തിയിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, ഭക്ഷണമെത്തിക്കാനും മറ്റാവശ്യങ്ങള്‍ക്കുമായി സദാസമയം സജീവമായി രംഗത്തുണ്ടായിരുന്ന കൊവിഡ് കെയര്‍ സെന്ററിലെ മറ്റു ജീവനക്കാര്‍…
ഏകാന്തവാസത്തില്‍ ബോറടി എന്താണെന്ന് മനസിലാക്കാന്‍ സത്യം പറഞ്ഞാല്‍ ഇക്കൂട്ടര്‍ അവസരം തന്നതേയില്ല. അതൊക്കെ കൊണ്ട് തന്നെയാകണം, തളര്‍ത്താന്‍ പരമാവധി നോക്കിയിട്ടും ഒടുവില്‍ പരാജയം സമ്മതിച്ച് നിനക്ക് കണ്ടം വഴി ഓടേണ്ടി വന്നത്.
നിന്റെ മുന്നില്‍ പിടിച്ച് നില്‍ക്കാനാവാതെ പലരും പലപ്പോഴും, കൊവിഡ് കെയര്‍ സെന്ററുകളില്‍ ആത്മഹത്യ ചെയ്യുകയും അതിന് ശ്രമിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. അതുകാരണം കത്തി, കത്രിക, ബ്ലേഡ്, കയര്‍, തീപ്പെട്ടി എന്നിവക്ക് കൊവിഡ് വാര്‍ഡിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഒരു കത്തിയോ ബ്ലേഡോ കൈയ്യില്‍ ഇല്ലാത്തതിനാല്‍, മാതളം പൊളിക്കാന്‍ ഞാന്‍ പെട്ട പാട് കണ്ട് ഒരു പക്ഷേ നീ ഊറിച്ചിരിച്ചിട്ടുണ്ടാവാം. നാരങ്ങ വെള്ളം കുടിക്കാന്‍ തോന്നുമ്പോള്‍ ഒക്കെ നാരങ്ങ പിഴിയാന്‍ വഴിയില്ലാതെ നട്ടം തിരിഞ്ഞതും ഒടുവില്‍ പലവിധ സാഹസങ്ങളിലൂടെ നാരങ്ങ പിഴിഞ്ഞതും ഒക്കെ നിന്റെ ക്രൂരതയുടെ മറക്കാനാകാത്ത ശേഷിപ്പുകളില്‍ ചിലതു മാത്രമാണ്. ഒരര്‍ത്ഥത്തില്‍ അതൊക്കെയും എനിക്ക് നേരം പോക്കായിരുന്നു എന്നേടത്താണ് നീ വീണ്ടും പരാജയപ്പെട്ടത്.
എല്ലാത്തിലുമുപരി നിന്നോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്; എന്തിനാന്നല്ലേ, കഴിഞ്ഞ ഏഴര വര്‍ഷത്തിനിടയില്‍, തിരക്കു പിടിച്ച ഓട്ടത്തിനിടയില്‍ ഇത്രയും നീണ്ട വിശ്രമവേളക്ക് കാരണക്കാരനായതില്‍, അത്തരമൊരു അവസരം ഒരുക്കി തന്നതിന്. പാതിവഴിയില്‍ എവിടെയോ ഉപേക്ഷിച്ച വായന തിരികെ പിടിക്കുന്നതിനും ഈ നാളുകള്‍ വേണ്ടി വന്നു. മുടക്കമില്ലാതെ, ആരാധനകള്‍ കൃത്യമായി നിര്‍വഹിക്കുന്നതിനും ഇക്കാലം സഹായകമായി. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതിനും നീ തന്നെ വേണ്ടി വന്നു. ബന്ധുക്കളും സുഹൃത്തുക്കളും പഴയ കാമുകിമാരും ഉള്‍പ്പെടെ, നാളുകളായി വിളികള്‍ ഇല്ലാതിരുന്ന പലരും ഇങ്ങോട്ടും പലരെയും അങ്ങോട്ടും വിളിക്കുന്നതിനും സംസാരിക്കുന്നതിനുമെല്ലാം നിന്റെ മഹനീയ സാന്നിധ്യം ഹേതുവായി.
എല്ലാം കൊണ്ടും മനസിന് സുഖം പകര്‍ന്ന നാളുകള്‍ സമ്മാനിച്ച നിന്നോട് നന്ദിയെങ്ങനെ ചൊല്ലേണ്ടൂ ഞാന്‍ പ്രിയ കൊറോണേ ??????
ന്തായാലും നീ പോയതിന് പിന്നാലെ ഞാന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ വിട്ടു. ഒരാഴ്ച കൂടി വീട്ടില്‍ ക്വാറന്റൈനില്‍ തുടരും. ശേഷം വീണ്ടും കര്‍മ്മ പഥത്തിലേക്കിറങ്ങും…ഇവിടെ കിടന്ന് അധികം താണ്ഡവമാടാതെയും, ആദ്യം സൂചിപ്പിച്ചത് പോലെ പ്രായമായവരെയും മറ്റു രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരെയും കുഞ്ഞുമക്കളെയും പ്രയാസത്തിലാക്കാതെയും എത്രയും വേഗം മടങ്ങിപ്പോകണമെന്ന അപേക്ഷയോടെ, അഭ്യര്‍ത്ഥനയോടെ ചുരുക്കട്ടെ,,,
‘വീണ്ടും കാണാം’ എന്ന് പറയുന്നില്ല, പൊക്കോണം ഉടനെ…..
സ്‌നേഹത്തോടെ,