തിരുവനന്തപുരം: മദ്രസാകാലത്തെ തിക്താനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മാധ്യമ പ്രവര്‍ത്തക വി.പി റെജീനയുടെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു. തന്റെ മദ്രസാകാലത്തെ തിക്താനുഭവങ്ങള്‍ പങ്കുവെക്കുന്ന റെജീനയുടെ പോസ്റ്റുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ തന്നെ സൈബര്‍ ലോകത്ത് നടത്തിരുന്നു. റെജീനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ റിപ്പോര്‍ട്ട് ചെയ്ത് അക്കൗണ്ട് പൂട്ടിക്കുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. തന്റെ മദ്രസാകാലത്തെ തിക്താനുഭവങ്ങള്‍ പങ്കുവെച്ചതിന് വി.പി. റെജീനക്ക് നേരെ വലിയ തോതിലുള്ള ഓണ്‍ലൈന്‍ ഭീഷണികളും ആക്രമണവും നടന്നിരുന്നു.
മദ്രസയില്‍ പഠിക്കുന്ന കാലത്ത് ഉസ്താദുമാരില്‍ നിന്നും സഹപാഠികള്ക്കുണ്ടായ ലൈംഗിക പീഡനങ്ങളെ കുറിച്ചാണ് റെജീന തന്റെ പോസ്റ്റിലൂടെ വിശദീകരിച്ചത്.തന്റെ കുട്ടിക്കാലത്ത് ഇ.കെ. സുന്നി വിഭാഗത്തില്‍പ്പെട്ട മദ്രസയിലാണ് പഠിച്ചിരുന്നതെന്നും അവിടെ ഉസ്താദുമാര്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ലൈംഗികമായി സമീപിച്ചുവെന്നുമായിരുന്നു റെജീന തുറന്നെഴുതിയത്. ഇതായിരുന്നു പലരേയും പ്രകോപിപ്പിച്ചത്.
മുസ്ലിം സമൂഹത്തെ കരിവാരിത്തേക്കാനാണ് ഇത്തരം പോസ്റ്റുമായി ഇറങ്ങിയിരിക്കുന്നതെന്നാണ് റെജീനയ്ക്കെതിരെ കമന്റിട്ടിരിക്കുന്നവരുടെ പരാതി. അതുകൊണ്ട് തന്നെ റെജീനയെ പോലുള്ളവര്‍ അപകടകാരികളാണെന്നും കമന്റുകളില്‍ ചിലര്‍ പറയുന്നുണ്ടായിരുന്നു
അടുത്തകാലത്തായി വിവിധ മുസ്ലീം സംഘടനാ നേതാക്കള്‍ സ്ത്രീവിരുദ്ധമായ പ്രസ്താവനകളുമായി രംഗത്തുവന്ന സാഹചര്യത്തിലായിരുന്നു ഫേസ്ബുക്കില്‍ റെജീന തന്റെ അനുഭവങ്ങള്‍ കുറിച്ചിട്ടത്.വളരെ മോശമായതും സ്ത്രീവിരുദ്ധവുമായ കമന്റുകളും റെജീനയുടെ പ്രസ്തുത പോസ്റ്റിന് ലഭിച്ചിരുന്നു. എന്നാല്‍ അതേസമയം തന്നെ
ശക്തമായ പിന്തുണയും ഓണ്‍ലൈനില്‍ വി.പി. റെജീനയ്ക്ക് ലഭിച്ചിരുന്നു.
പ്രമുഖ സംഗീത സംവിധായകന് ഷഹബാസ് അമന്, ചലച്ചിത്ര സംവിധായകന് ആഷിഖ് അബു, ദളിത് സാമൂഹ്യ പ്രവര്ത്തകന് അജയ് കുമാര്‍, മാധ്യമ പ്രവര്‍ത്തക കെ.കെ. ഷാഹിന,അനുപമാ ആനമങ്ങാട്, അശ്വതി സേനന്, മാധ്യമ പ്രവര്ത്തകന് രാജീവ് രാമചന്ദ്രന്, രാഷ്ട്രീയ നിരീക്ഷകന് അബ്ദുല്‍ കരീം ഉത്തല്‍കണ്ടിയില്‍ മുതലായവര്‍ ഫേസ്ബുക്കില്‍ റെജീനയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.