ഒരു കൈയില്‍ കുട്ടി; മറു കൈയില്‍ കാളയെ ആകര്‍ഷിക്കാന്‍ ഉപയോഗിക്കുന്ന തുണി; കൈക്കുഞ്ഞുമായി കാളപ്പോരിന് ഇറങ്ങിയ യുവാവിന് രൂക്ഷ വിമര്‍ശനം

സ്‌പെയിനിലും പോര്‍ച്ചുഗലിലുമെല്ലാം കാളപ്പോരിനിടെ ജീവന്‍ പൊലിഞ്ഞവര്‍ നിരവധിയാണ്. എത്ര കണ്ടാലും കൊണ്ടാലും അപകടം പിടിച്ച ഈ കാളപ്പോരില്‍ നിന്ന് പിന്‍മാറാന്‍ ആളുകള്‍ തയ്യാറാവുകയുമില്ല. കഴിഞ്ഞ ദിവസം പോര്‍ച്ചുഗലില്‍ നടന്ന ഒരു കാളപ്പോരിന്റെ വീഡിയോ വ്യാപക വിമര്‍ശനത്തിനിടയായിരിക്കുകയാണ്. ഒരു കുട്ടിയുമായി ഒരാള്‍ കാളപ്പോരിനിറങ്ങുകയായിരുന്നു. പോര്‍ച്ചുഗലിലെ ടെര്‍സെറിയ ദ്വീപിലാണ് കാളപ്പോര് നടന്നത്. സാന്താക്രൂസ് മേഖലയിലെ കസകാ ബറേ എന്ന വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു കാളപ്പോര് നടന്നത്. നിരവധി പേര്‍ നോക്കി നില്‍ക്കെയായിരുന്നു കുട്ടിയുമായി യുവാവ് കാളപ്പോരിനിറങ്ങിയത്. ഒരു കൈയില്‍ കുട്ടിയേയും മറുകൈയില്‍ കാളയെ ആകര്‍ഷിക്കാനുപയോഗിക്കുന്ന തുണിയും ഇയാള്‍ പിടിച്ചിരുന്നു. കാള അടുത്തേക്ക് വരുന്നതിനനുസരിച്ച് കുട്ടിയേയും തുണിയും ഇരു കൈകളിലുമായി മാറ്റുകയും ചെയ്യുണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി പേര്‍ ഇയാളെ വിമര്‍ശിച്ച് രംഗത്ത് വന്നു. അതിനിടെ യുവാവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ടെര്‍സറിയ പ്രവിശ്യയിലെ ശിശു സംരക്ഷണ വകുപ്പിന് ചിലര്‍ പരാതി നല്‍കി. പോര്‍ച്ചുഗലില്‍ കാളപ്പോര് നിരോധിക്കണമെന്ന ആവശ്യവും ശക്തമാണ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പോര്‍ച്ചുഗല്‍ പാര്‍ലമെന്റില്‍ കാളപ്പോരിനെതിരായ ബില്‍ പരഗണനയ്ക്കു വന്നിരുന്നു. എന്നാല്‍ നാനൂറ് അംഗങ്ങളുള്ള സംഭയില്‍ 36 പേര്‍ മാത്രമാണ് അന്ന് നിരോധനത്തെ അനുകൂലിച്ചത്.

Top